Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിലിറ്ററി നഴ്സിങ്: സൗജന്യ പരിശീലനവും കമ്മിഷൻഡ് ഓഫിസർ പദവിയും

military-nursing

സ്‌റ്റൈപൻഡോടെ ബിഎസ്‌സി നഴ്‌സിങ് പഠനം; ഒപ്പം സൗജന്യ താമസം, ഭക്ഷണം, യൂണിഫോം എന്നിവയും. തുടർന്നു സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറായി നിയമനം. മിലിറ്ററി നഴ്സിങ് പഠനത്തിന്റെ ആകർഷണമാണിത്. പുതിയ ബാച്ചിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 30. വെബ്സൈറ്റ്: www.joinindianarmy.nic.in

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

പഠനം, സീറ്റ്: പുണെ, കൊൽക്കത്ത, മുംബൈ, ഡൽഹി, ലക്നൗ, ബെംഗളൂരു കേന്ദ്രങ്ങളിലെ സൈനികാശുപത്രികളോടു ചേർന്നുള്ള നഴ്സിങ് കോളജുകളിലായി ആകെ 160 സീറ്റ്. 

യോഗ്യത: ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്കു 50% എങ്കിലും മൊത്തം മാർക്കോടെ ആദ്യചാൻസിൽ പ്ളസ് ടു ജയിച്ചിരിക്കണം. റഗുലർ വിദ്യാർഥികളായി പഠിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി. ഒരു വിഭാഗക്കാർക്കും മാർക്കിളവില്ല. ഇപ്പോൾ പ്ളസ് ടുവിനു പഠിക്കുന്നവർക്കും അപേക്ഷിക്കാം. അവിവാഹിതർ, പ്രാരബ്‌ധങ്ങളില്ലാത്ത വിധവകൾ / വിവാഹമുക്‌തകൾ എന്നിവരെയാണു പരിഗണിക്കുക. 

യോഗ്യത നേടിക്കഴിഞ്ഞ് മിലിറ്ററി നഴ്‌സിങ് സർവീസിൽ സേവനമനുഷ്‌ഠിച്ചുകൊള്ളാമെന്നു തുടക്കത്തിൽത്തന്നെ കരാറൊപ്പിടണം.

പ്രായം, ശാരീരികയോഗ്യത: ജനനത്തീയതി 1994 ഒക്ടോബർ ഒന്നിനും 2002 സെപ്റ്റംബർ 30നും ഇടയിൽ ആവണം. ചുരുങ്ങിയത് 148 സെ.മീ ഉയരവും, മിലിറ്ററി മാനദണ്ഡപ്രകാരമുള്ള ആരോഗ്യനിലവാരവും നിർബന്ധം. പട്ടികവർഗക്കാർക്ക് ഉയരം 143 സെമീ ആയാലും മതി. 

എൻട്രൻസ്: ജനുവരിയിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ,  ഡൽഹി ഉൾപ്പെടെ വിവിധകേന്ദ്രങ്ങളിൽ നടക്കും. 90 മിനിറ്റ് ടെസ്‌റ്റിൽ ജനറൽ ഇംഗ്ലീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി, ജനറൽ ഇന്റലിജൻസ് വിഷയങ്ങളിൽ ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. തുടർന്ന് ഏപ്രിലിൽ ഇന്റർവ്യൂ. 

എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ പ്രകടനം വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ്. 

മെഡിക്കൽ  ബോർഡിന്റെ വിശദ വൈദ്യപരിശോധനാ റിപ്പോർട്ടും തൃപ്‌തികരമാവണം. 

അപേക്ഷാഫീ: 150 രൂപ ഓൺലൈനായി അടയ്ക്കാം. ഒന്നിലേറെ അപേക്ഷ പാടില്ല.

കൂടുതൽ വിവരങ്ങൾ:www.joinindianarmy.nic.in

ഫോൺ: 011–23092294

ഇ–മെയിൽ: plan.plan15@nic.in