Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് ജില്ലാ ഒാഫിസിൽ വിളിക്കൂ... “വിവരമറിയാം”

psc

പിഎസ്‌സിയുടെ കോഴിക്കോട് ജില്ലാ ഒാഫിസിൽ എല്ലാം രഹസ്യമാണ്. തിരഞ്ഞെടുപ്പു നടപ‌ടികളുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളോടും മാധ്യമ പ്രവർത്തകരോടും ഇവിടെയുള്ളവർ ഒന്നും പറയില്ല. പറയേണ്ട കാര്യമില്ലെന്നാണു ജില്ലാ ഒാഫിസറുടെ പക്ഷം. തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തിയെങ്കിൽ മാത്രമേ മാധ്യമപ്രവർത്തകർക്കു കോഴിക്കോട് ജില്ലാ ഒാഫിസിൽ നിന്നു  വിവരം ലഭിക്കൂ. പിഎസ്‌സി ചെയർമാൻ, സെക്രട്ടറി, പരീക്ഷാ കൺട്രോളർ, മറ്റു ജില്ലാ/മേഖലാ ഒാഫിസർമാർ എന്നിവരോടു ചോദിക്കുന്ന ചോദ്യത്തിനെല്ലാം മാധ്യമപ്രവർത്തകർക്കു മറുപടി ലഭിക്കുന്നുണ്ട്. എന്നാൽ കോഴിക്കോട് ജില്ലാ ഒാഫിസർ ഇവർക്കെല്ലാം അതീതനാണ്. ഫോൺവഴി ഒരു മാധ്യമപ്രവർത്തകനും ഇദ്ദേഹം വിവരങ്ങൾ നൽകില്ലത്രെ.

പിഎസ്‌സിയുടെ എല്ലാ ഒാഫിസുകളും  ഇ–ഒാഫിസ് രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോഴിക്കോട് ജില്ലാ ഒാഫിസ് ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ കത്തെഴുതി കാത്തിരിക്കും. ഇതിനിടെ മാസങ്ങൾ കടന്നുപോകുന്നതൊന്നും ഇവർ അറിയാറില്ല. അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കില്ല. സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് അഞ്ചു മാസം കഴിഞ്ഞു. ഒരാൾക്കുപോലും ഇതുവരെ നിയമനശുപാർശ നൽകാൻ കഴിഞ്ഞിട്ടില്ല. ഒഴിവുകളിലെ അവ്യക്തത പരിഹരിക്കാൻ കേന്ദ്ര ഒാഫിസിൽ കത്തെഴുതി മറുപടി കാത്തിരിക്കുകയാണ്. വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റ് വന്നിട്ടും അഞ്ചു മാസമാകുന്നു. കത്തും മറുപടിയും വേണ്ടാഞ്ഞിട്ടും ആർക്കും നിയമനശുപാർശ അയച്ചിട്ടില്ല. ഇതാണ് കോഴിക്കോട് ജില്ലാ ഒാഫിസിന്റെ അവസ്ഥ.  

ഇതോ ഇ–ഒാഫിസ് ?
പിഎസ്‌സിയുടെ എല്ലാ ഒാഫിസുകളും ഇപ്പോൾ ഇ–ഒാഫിസാണ്. കടലാസുരഹിത ഒാഫിസ് എന്നതാണ് ഇ–ഒാഫിസ് കൊണ്ട്  ഉദ്ദേശിക്കുന്നത്.  ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ പിഎസ്‌സി ഇ–ഒാഫിസ് കേരളത്തിന്റേതാണെന്നും കമ്മിഷൻ അവകാശപ്പെടുന്നു. വളരെ എളുപ്പത്തിൽ ഫയലുകൾ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഇ–ഒാഫിസിന്റെ മേന്മ. പരീക്ഷാഫലങ്ങൾ പോലെ രഹസ്യസ്വഭാവമുള്ളവ ഒഴികെ പിഎസ്‌സിയുടെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ഇ–ഒാഫിസ് വഴിയാണ് നടപ്പാക്കുന്നത്. ജില്ലാ ഒാഫിസിൽ നിന്നുള്ള ഫയൽ പിഎസ്‌സിയുടെ തിരുവനന്തപുരത്തെ കേന്ദ്ര ഒാഫിസിലേക്ക് അയച്ചാണ് ഇ–ഒാഫിസ് പ്രവർത്തനം എല്ലാ ജില്ലയിലും ഉദ്ഘാടനം െചയ്തത്. എന്നാൽ പല ജില്ലകളിലും ഉദ്ഘാടനത്തിനു ചെയർമാൻ അയച്ച ഫയൽ ഒഴികെ മറ്റൊന്നും ഇ–ഒാഫിസ് വഴി അയച്ചിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. അല്ലായിരുന്നെങ്കിൽ കോഴിക്കോട് ജില്ലാ ഒാഫിസിൽ ഫയൽ അയച്ചു കാത്തിരിക്കുന്നതുപോലെയുള്ള സാഹചര്യം ഉണ്ടാകില്ലായിരുന്നു. കോഴിക്കോട് ജില്ലാ ഒാഫിസിൽ ഇ–ഒാഫിസ് ഉദ്ഘാടനം ചെയ്തതു  ജൂലൈ 20നായിരുന്നു. വിപ്ലവകരമായ ഈ പരിഷ്കാരം നടപ്പാക്കി നാലുമാസം പിന്നിട്ടപ്പോൾ എത്ര ഫയൽ ഇ–ഒാഫിസ് വഴി കോഴിക്കോട് ജില്ലാ ഒാഫിസ് അയച്ചിട്ടുണ്ട്,  എത്രയെണ്ണത്തിനു മറുപടി ലഭിച്ചു എന്നതു പരിശോധിക്കേണ്ടിയിരിക്കുന്നു. 

മാധ്യമങ്ങൾ കടക്ക് പുറത്ത് 
കോഴിക്കോട് ജില്ലാ ഒാഫിസിലെ നിയമനവിവരങ്ങൾ അറിയണമെങ്കിൽ മാധ്യമ പ്രവർത്തകർ  നേരിട്ടെത്തണമെന്നു ജില്ലാ ഒാഫിസർ. വെറുതെയങ്ങു കയറിച്ചെന്നാലും വിവരങ്ങൾ ലഭിക്കില്ല. ഐഡന്റിറ്റി കാർഡ് ജില്ലാ ഒാഫിസറെ കാണിച്ചു ബോധ്യപ്പെടുത്തണം. സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയ്ക്കു റാങ്ക് ലിസ്റ്റ് നിലവിൽ വന്നു നാലു മാസം കഴിഞ്ഞിട്ടും നിയമനശുപാർശ വൈകുന്നതിന്റെ കാരണം തിരക്കി മനോരമ തൊഴിൽവീഥി ജില്ലാ ഒാഫിസറുടെ ഒൗദ്യോഗിക ഫോൺ നമ്പറിൽ (9447785472) ബന്ധപ്പെട്ടപ്പോഴായിരുന്നു ഈ പ്രതികരണം.  ഒൗദ്യോഗിക രഹസ്യമായതിനാൽ ഫോണിൽകൂടി പറയാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോൾ രാജ്യസുരക്ഷയെ ബാധിക്കുന്ന  കാര്യമായിരിക്കുമെന്നു കരുതി. അവസാനം പിഎസ്‌സിയുടെ കേന്ദ്ര ഒാഫിസിൽ വിളിച്ചപ്പോഴാണു കാര്യം വ്യക്തമായത്. ഈ തസ്തികയിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ വ്യക്തത വരുത്താൻ തിരുവനന്തപുരത്തെ കേന്ദ്ര ഒാഫിസിനെ സമീപിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഒാഫിസർ.  പിഎസ്‌സിയുടെ എല്ലാ ഒാഫിസുകളിലും ഇ–ഒാഫിസ് പരിഷ്കാരം നടപ്പാക്കി മാസങ്ങൾ കഴിഞ്ഞെങ്കിലും കേന്ദ്ര ഒാഫിസിലേക്ക് ഒരു കത്തയച്ച് നാലുമാസമായി മറുപടി കാത്തിരിക്കുന്ന പിഎസ്‌സിയുടെ കോഴിക്കോട് ജില്ലാ ഒാഫിസിന് സ്തുത്യർഹ സേവനത്തിനുള്ള  അവാർഡ് പിഎസ്‌സി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഉടനേ നൽകണം.  

35 ഒഴിവിൽ 5 മാസമായി അടയിരിപ്പ്
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് നവംബര്‍ 30ന് അഞ്ചുമാസമാകും. ഇതുവരെ ഒരാൾക്കുപോലും കോഴിക്കോട് ജില്ലയിൽ നിയമനശുപാർശ നൽകിയിട്ടില്ല. ഈ തസ്തികയുടെ 35 ഒഴിവുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്രയും ഒഴിവുകളിൽ നിയമനശുപാർശ പൂർത്തിയാക്കാൻ ഒരാഴ്ചപോലും വേണ്ടെന്നിരിക്കെ മാസങ്ങളോളം നടപടിക്രമങ്ങൾ ഇഴയുകയാണ്. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിലെ നിയമനശുപാർശ പൂർത്തിയാക്കിയത് ലിസ്റ്റ് റദ്ദായി നാലു മാസമായപ്പോൾ. ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ജൂൺ 29നു മുൻപ് റിപ്പോർട്ട് ചെയ്ത 22 ഒഴിവുകളിലേക്കായിരുന്നു അവസാന നിയമനശുപാർശ. മുൻ ലിസ്റ്റിൽ നിന്നു നടന്ന നിയമനശുപാർശയിൽ വ്യക്തത വരുത്താൻ കേന്ദ്ര ഒാഫിസിൽ കത്തെഴുതി കാത്തിരുന്നതാണ് നിയമനശുപാർശ വൈകാൻ കാരണമായി ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്. വനിതകൾക്കും പുരുഷൻമാർക്കും നൽകിയ നിയമനശുപാർശയിൽ  സംഭവിച്ച തെറ്റു തിരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. 

കോഴിക്കോട് കാത്തിരിപ്പിലാണ്
സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയ്ക്കു കോഴിക്കോട് ജില്ലയിൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 19–06–2018ൽ. ഇപ്പോൾ അഞ്ചു മാസം കഴിഞ്ഞു. ഒരാൾക്കു പോലും ജില്ലയിൽ നിയമനശുപാർശ ലഭിച്ചിട്ടില്ല. വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ഈ തസ്തികയുടെ 53 ഒഴിവുകൾ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഴിവുകളിൽ വ്യക്തത വരുത്താൻ കേന്ദ്ര ഒാഫിസിൽ കത്തെഴുതി കാത്തിരിക്കുകയാണ് ജില്ലാ ഒാഫിസ്. എന്നെങ്കിലും മറുപടി ലഭിച്ചാൽ അന്നു മുതൽ നിയമനശുപാർശാ നടപടി ആരംഭിക്കും. പിന്നെയും മാസങ്ങൾ കഴിഞ്ഞേ നിയമനശുപാർശ ഉദ്യോഗാർഥികൾക്കു ലഭിക്കൂ. 14 ജില്ലയിലേക്കും ഒന്നിച്ചു വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികയിൽ ബാക്കി എല്ലാ ജില്ലകളിലും നിയമനശുപാർശ തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ട, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു മാസത്തിനകം തന്നെ നിയമനശുപാർശ തുടങ്ങി. തിരുവനന്തപുരത്ത് റാങ്ക് ലിസ്റ്റ് നിലവിൽ വന്നു മൂന്നു മാസമായപ്പോഴേക്കും നിയമനം തുടങ്ങി. 

Job Tips >>