Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൻസൂർ അലിയെ പിന്തുടർന്നോളൂ; സർക്കാർ ജോലി ഉറപ്പ്

mansoor-ali

പഠനം കഴിയും മുൻപേ മാതാപിതാക്കളെ നഷ്ടപ്പെട്ട്, ഇല്ലായ്മയിൽ പകച്ചു നിൽക്കുന്ന ചെറുപ്പക്കാരനെ മൻസൂർ അലി തന്റെ മുറിയിലെ കണ്ണാടിയിൽ കണ്ടിട്ടില്ല. പകരം കണ്ടതു നിശ്ചയദാർഢ്യത്തിന്റെ പടികൾ കയറുന്ന പോരാളിയെയാണ്. ഇതുവരെ 51 പിഎസ്‍സി റാങ്ക്‌ലിസ്റ്റുകളിൽ ഇടം പിടിച്ചു. ഒട്ടേറെ തവണ ആദ്യ 10 റാങ്കിനുള്ളിൽ. 12 റാങ്ക്‌ലിസ്റ്റുകൾ വരാനുണ്ട്.

പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ മൻസൂർ അലി ഇപ്പോൾ കാസർകോട് സ്പെഷൽ സബ് ജയിൽ സൂപ്രണ്ടാണ്. ജോലിക്കിടയിലും യുവതലമുറയ്ക്കായി തന്റെ ഫെയ്സ്ബുക് പേജുകളിലൂടെ സൗജന്യ പിഎസ്‍സി പരിശീലനം നൽകുന്നു.

വേണം, നെഞ്ചുറപ്പ്
മാതാപിതാക്കൾ മരിക്കുമ്പോൾ മൻസൂറിനു 18 വയസ്സ് തികഞ്ഞിട്ടില്ല. മൂത്ത ജ്യേഷ്ഠൻ ചെറുപ്പത്തിൽ തന്നെ നേടിയ സർക്കാർ ജോലിയായിരുന്നു പ്രചോദനം. കൃത്യമായ ടൈംടേബിൾ ഉണ്ടാക്കി തയാറെടുപ്പു നടത്തി.

19 ാം വയസ്സിൽ ആദ്യ അഡ്വൈസ് മെമ്മോ, പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ. എന്നാൽ അധ്യാപക ജോലി ലക്ഷ്യമിട്ടു പഠനം തുടർന്നു. ഹിസ്റ്ററിയിൽ ബിഎയും എംഎയും സോഷ്യൽ സയൻസിൽ ബിഎഡും പൂർത്തിയാക്കി. ബിഎഡ് കഴിഞ്ഞിറങ്ങിയതും ഇന്ത്യ റിസർവ് ബറ്റാലിയനിൽ (ഐആർബി) പരിശീലനത്തിനു ചേർന്നു. അവിടത്തെ കഠിന പരിശീലനത്തിനിടയിലും ഉറക്കമിളച്ചു മറ്റൊരു ജോലിക്കായി പഠിക്കുന്ന സഹപ്രവർത്തകർ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു. 5 മാസം കഴിഞ്ഞു രാജിവച്ചു. ബോണ്ട് തുകയായ 50,000 രൂപ തിരിച്ചുനൽകേണ്ടിയും വന്നെങ്കിലും പതറിയില്ല. ദിവസവും രണ്ടും മൂന്നും  പഴയ പിഎസ്‌സി ചോദ്യക്കടലാസുകൾ വീതം വർക്ക് ഔട്ട് ചെയ്തു. ചോദ്യരീതി കൃത്യമായി മനസ്സിലാക്കി. ഓരോ ഉത്തരം ശരിയാകുമ്പോഴും അടുത്ത ചോദ്യക്കടലാസിൽ അത് ആവർത്തിക്കുമ്പോഴും ഉറക്കെ പറഞ്ഞു, ‘യെസ്’.

എല്ലാം പെട്ടെന്ന്
പാലക്കാട് എൽഡിസി റാങ്ക് പട്ടികയിൽ നാലാമതെത്തിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പിന്നെ തുടരെ പല ജോലികൾ. കെഎസ്ആർടിസി കണ്ടക്ടർ, ക്ലാർക്ക്, അധ്യാപക തസ്തികകൾ തുടങ്ങി ഒട്ടേറെ ലിസ്റ്റുകളിൽ ആദ്യ പത്തിൽ വന്നു. 2015 ൽ എസ്ഐ ലിസ്റ്റിൽ മൂന്നാമനായി. ജയിൽ സൂപ്രണ്ട് പരീക്ഷയിൽ രണ്ടും എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയിൽ മൂന്നും സ്ഥാനങ്ങൾ അടുത്തടുത്തു ലഭിച്ചു. തുടർന്നാണു പാലക്കാട് അസിസ്റ്റന്റ് ജയിലറായി ജോലിയിൽ പ്രവേശിച്ചത്. സ്ഥാനക്കയറ്റം കിട്ടിയാണു കാസർകോട്ടെത്തിയത്. കഴിഞ്ഞ 13 വർഷത്തിനിടെ ഏഴായിരത്തിലേറെ പിഎസ്‍സി ചോദ്യക്കടലാസുകൾ വർക്ക് ഔട്ട് ചെയ്തു. ഓരോന്നിലും അറിയാത്ത ഉത്തരങ്ങൾ ഡയറിയിൽ കുറിച്ചുവച്ചു. ഇപ്പോഴങ്ങനെ 17 ഡയറികൾ.

ഇതൊന്നുമല്ല ലക്ഷ്യം
കോളജ് അധ്യാപകനാകണം എന്നതാണു മൻസൂറിന്റെ ലക്ഷ്യം. അടുത്ത വട്ടം സർക്കാർ അപേക്ഷ വിളിക്കുമ്പോൾ എഴുതിയെടുക്കണം. നെറ്റ്, സെറ്റ്, ടെറ്റ്, സിടെറ്റ് യോഗ്യതകളുണ്ട്. 3 വർഷം ഗസ്റ്റ് ലക്ചററുമായിരുന്നു. അധ്യാപനത്തോടുള്ള അടങ്ങാത്ത പ്രിയമാണു പിഎസ്‍സി പരിശീലനത്തിനു ഫെയ്സ്ബുക് പേജുകൾ തുടങ്ങാനുള്ള കാരണവും. ‘നിങ്ങൾക്കുമാകാം എൽഡിസി’, ‘പിഎസ്‍സി ത്രില്ലർ’ എന്നീ എഫ്ബി പേജുകളിലായി 1.25 ലക്ഷം ഫോളോവേഴ്സ്.

പഠിച്ചതു മറക്കാതിരിക്കാൻ
പഠിക്കുന്നതു പെട്ടെന്നു മറന്നുപോകുന്നതാണു പിഎസ്‌സി പരിശീലനത്തിൽ പലരുടെയും പ്രശ്നം. ചോദ്യക്കടലാസുകൾ ചെയ്തുശീലിച്ചാൽ അതുണ്ടാകില്ല. പലർക്കും പിഎസ്‍സിയുടെ നിർദേശങ്ങളും നിബന്ധനകളും പോലും അറിയില്ല. സഹായിക്കാൻ ആളുണ്ടെങ്കിൽ സാമ്പത്തികശേഷി ഇല്ലാത്തവർക്കും ജോലി നേടാൻ കഴിയുമെന്ന ബോധ്യമാണു ഫെയ്സ്ബുക്കിലൂടെ സൗജന്യമായി കോച്ചിങ് നൽകാൻ പ്രേരണയായത്. 

Job Tips >>