Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടക്ട‌ർമാരെ പിരിച്ചുവിടൽ നടപടി തിങ്കളാഴ്ച മുതൽ

ksrtc-bus

കെഎസ്ആർടിസിയിലെ കണ്ടക്ടർമാർക്കെതിരായ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കാത്തതിനാൽ പിരിച്ചുവിടൽ നടപടി തിങ്കളാഴ്ച ആരംഭിക്കാൻ തീരുമാനം. രണ്ടു ദിവസത്തിനകം വിധി നടപ്പാക്കാനാണ് ഉത്തരവ്.

ഇന്നലെ ഹൈക്കോടതി വിധി വന്നയുടൻ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരെ വിവരം അറിയിച്ചു. ഇരുവരുടെയും നിർദേശപ്രകാരം തച്ചങ്കരി വൈകിട്ടു ഡൽഹിയിൽ എത്തി സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശുമായി ചർച്ച നടത്തി. ക്രിസ്മസ് അവധിയുടെ ഭാഗമായി ഇന്നലെ കോടതി അടച്ചു. അപ്പീൽ നൽകാൻ ജനുവരി രണ്ടുവരെ കാക്കണം. ഇതുവരെയുള്ള കണക്കനുസരിച്ച് 3872 കണ്ടക്ടർമാർക്കാണു വിധി ബാധകമാകുന്നത്.

ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ വാദം കോടതി പരിഗണിച്ചിട്ടില്ല. നിലവിലെ കേസിൽ അവർ കക്ഷി ചേർന്നിട്ടുമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാകും സുപ്രീം കോടതിയെ സമീപിക്കുക. അതേസമയം, താൽക്കാലിക കണ്ടക്ടർമാരെ ഒഴിവാക്കുന്നതു സർവീസുകളെ ബാധിക്കുമെന്നാണു വിലയിരുത്തൽ. വടക്കൻ ജില്ലകളിലാണ് ഏറെപ്പേരും ജോലി ചെയ്യുന്നത്. 11,000 സ്ഥിരം കണ്ടക്ടർമാരാരിൽ 1500 പേരെയെങ്കിലും അടിയന്തരമായി വടക്കൻ ജില്ലകളിലേക്ക് അയയ്ക്കണം. 4051 പേരെ ഉടൻ നിയമിക്കേണ്ടിയും വരും. ഇവർക്ക് ഒരാഴ്ചയെങ്കിലും പരിശീലനം നൽകേണ്ടതുണ്ട്.

എംപാനൽ കണ്ടക്ടർ: സാവകാശം നൽകാനാവില്ല എന്നു ഹൈക്കോടതി
എം പാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനുള്ള ഉത്തരവു നടപ്പാക്കാൻ 2 മാസം സാവകാശം തേടി കെഎസ്ആർടിസി സമർപ്പിച്ച ഉപഹർജി ഹൈക്കോടതി തള്ളി. വിധി നടപ്പാക്കാനാകില്ലെന്ന് പറയാൻ വാർത്താസമ്മേളനം നടത്തിയതിന് എന്താണു ചെയ്യേണ്ടതെന്നും കോടതിക്കറിയാമെന്നു വാക്കാൽ പറഞ്ഞ കോടതി കെഎസ്ആർടിസി എംഡിയെ പേരെടുത്തു പറയാതെ വിമർശിച്ചു. എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ നൽകിയ അപ്പീൽ 17നു വീണ്ടും പരിഗണിക്കും.

റിസർവ് കണ്ടക്ടർമാരുടെ തസ്തികയിലേക്കു പിഎസ്‌സി ശുപാർശ ചെയ്തവരെ നിയമിക്കാനായി 10 വർഷത്തിൽ താഴെ സർവീസുള്ള എംപാനലുകാരെ ഒഴിവാക്കി റിപ്പോർട്ട് സമർപ്പിക്കാൻ  6നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 4071 എം പാനൽ കണ്ടക്ടർമാരെ തിരക്കിട്ട് ഒഴിവാക്കുന്നതു കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു വ്യക്തമാക്കിയാണ് ഉപഹർജി സമർപ്പിച്ചത്.

എംപാനലുകാരെ ഇത്തരത്തിൽ ഒഴിവാക്കുമ്പോൾ ട്രിപ്പുകൾ റദ്ദാക്കേണ്ടി വരും. അതു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും ഉപഹർജിയിൽ പറയുന്നുണ്ട്. പിഎസ്‌സി നിയമന ശുപാർശ നൽകിയവർ പുറത്തു നിൽക്കുമ്പോൾ എംപാനലുകാർ ജോലി ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

Job Tips >>