Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴില്‍ അവസര പോസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ?

929731224

ചാറ്റ് ചെയ്യാനും കൂട്ടു കൂടാനും മാത്രമല്ല ഇപ്പോള്‍ തൊഴില്‍ അന്വേഷിച്ചു കണ്ടുപിടിക്കാനും എല്ലാവര്‍ക്കും സമൂഹ മാധ്യമങ്ങള്‍ വേണം. ലിങ്ക്ഡ് ഇന്‍, ഗ്ലാസ്‌ഡോര്‍ പോലുള്ള കരിയര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളാണ് പ്രധാനമായും ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നത്. ഫെയ്സ്ബുക്കിലൂടെ പോലും പുതിയ ജോലിക്കാരെ തേടി കണ്ടുപിടിക്കുന്നവരുണ്ട്. 

കമ്പനിയില്‍ ഏതെങ്കിലും ഒഴിവു വരുമ്പോള്‍ സ്വന്തം സമൂഹ മാധ്യമ പ്രൊഫൈലുകളില്‍ പോസ്റ്റ് ഇടുന്നവരും നിരവധിയാണ്. അത്തരത്തിലൊരു തൊഴില്‍ അവസര പോസ്റ്റ് നിങ്ങളുടെ സുഹൃത്തുക്കളോ അവരുടെ സുഹൃത്തുക്കളോ ഒക്കെ ഇട്ടാല്‍ അതിനോട് എങ്ങനെ പ്രതികരിക്കണം. പലരും ഇതിനോടു പ്രതികരിക്കുന്ന രീതിയില്‍ പ്രഫഷണലിസം തൊട്ടു തീണ്ടിയിട്ടുണ്ടാവില്ല. 

ഭൂരിപക്ഷം പേരും പ്രസ്തുത പോസ്റ്റിനു താഴെ പോയി  "എനിക്ക് താത്പര്യമുണ്ട് " എന്ന മട്ടില്‍ കമന്റ് ഇടുന്നവരാണ്. ചിലര്‍ പോസ്റ്റ് ഇട്ടയാളുടെ ഇന്‍ബോക്‌സില്‍ വ്യക്തിഗത സന്ദേശമയക്കും. ഇത്രയുമായാല്‍ മതി എന്നു ചിന്തിക്കുന്നവരാണ് അധികവും. ഇത്തരത്തില്‍ ജോലി ലഭിച്ചിട്ടുള്ളവരുണ്ടാകാം. പക്ഷേ, ഇതിന് ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്. 

ഒന്നാമതായി നിങ്ങള്‍ വേറെ ജോലി നോക്കുന്ന കാര്യം സകലരും അറിയും. നിലവില്‍ ജോലി ചെയ്യുന്നവരാണേല്‍ ഇപ്പോഴത്തെ കമ്പനിയിലുള്ളവര്‍ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നതു പറയാനാകില്ല. രണ്ടാമതായി ഇതിലൂടെ നിങ്ങളുടെ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ കുറയും. ജോലിയോടു വളരെ ക്യാഷ്വലായ സമീപനമാണു നിങ്ങള്‍ക്കുള്ളതെന്നു കമ്പനിക്കു തോന്നും. അതേ സമയം അല്‍പം വ്യത്യസ്തമായി ചിന്തിച്ചു കുറച്ചു ഗൃഹപാഠമൊക്കെ ചെയ്തു ശരിയായ രീതിയില്‍ പ്രതികരിക്കുന്നവര്‍ക്കു ഫസ്റ്റ ഇംപ്രഷന്‍ സൃഷ്ടിക്കാനാകും. 

പോസ്റ്റിട്ട വ്യക്തി
ലിങ്ക്ഡ്ഇന്നിലും മറ്റും ഇത്തരത്തില്‍ പോസ്റ്റിടുന്നവര്‍ ആ കമ്പനിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരായിരിക്കും. അതു കൊണ്ട് ആദ്യമായി ഇവരെ കുറിച്ച് അല്‍പം ഗവേഷണം നടത്തേണ്ടതുണ്ട്. അയാള്‍ മുന്‍പു ജോലി ചെയ്ത ഇടം, അയാള്‍ പഠിച്ച സ്ഥലം, ജോലിയുമായോ കമ്പനിയുമായോ ബന്ധപ്പെട്ട് അയാൾ പങ്കുവച്ച പോസ്റ്റുകള്‍, അവയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ച പ്രതികരണം, അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസം, വിവിധ സമൂഹ മാധ്യമ പ്രൊഫൈലുകള്‍ തുടങ്ങിയവ കണ്ടെത്തുക. അവരെഴുതിയ ലേഖനങ്ങളൊക്കെ ശ്രദ്ധിച്ചു വായിക്കുക. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഈ വിവരം ലഭിച്ചില്ലെങ്കില്‍ ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനുകളെയും ഇതിനായി ആശ്രയിക്കാം. 

കമ്പനിയെ ഫോളോ ചെയ്യുക
ഇതിനകം തന്നെ തൊഴില്‍ ഒഴിവു കണ്ട കമ്പനിയെ ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൊക്കെ ഫോളോ ചെയ്യാന്‍ തുടങ്ങുക. കമ്പനിയുടെ രണ്ടോ മൂന്നോ താത്പര്യം ജനിപ്പിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ കമ്പനിയെ ടാഗ് ചെയ്യാനും അത് എന്തു കൊണ്ട് നിങ്ങളില്‍ താത്പര്യം ജനിപ്പിച്ചു എന്നതിനെ പറ്റി രണ്ടു വരി എഴുതാനും മറക്കരുത്. 

പോസ്റ്റ് ഇട്ടയാളുടെ സമൂഹ മാധ്യമ പ്രൊഫൈലുകളിലും ചെന്നു ഷെയറുകളോ റീട്വീറ്റോ, ലൈക്കോ ഒക്കെ ചെയ്യുക. ഇതെല്ലാം ആവശ്യത്തിനു മതി. അധികമാക്കി ചളമാക്കാന്‍ നില്‍ക്കരുത്. 

ഇമെയില്‍ അയക്കുക
ഇതിനകം അയാളുടെ ഇമെയില്‍ വിലാസം കണ്ടുപിടിച്ചിരിക്കണം. ഇതു പലരും പോസ്റ്റിനൊപ്പം തന്നെ നല്‍കാറുണ്ട്. ഇതിലേക്കു പ്രസ്തുത പോസ്റ്റില്‍ നിങ്ങള്‍ക്കുള്ള താത്പര്യം സൂചിപ്പിച്ചു കൊണ്ട് ഇമെയില്‍ അയക്കണം. തൊഴില്‍ ഒഴിവിനെ സംബന്ധിച്ചു സമൂഹ മാധ്യമത്തില്‍ കണ്ട പോസ്റ്റിനെ കുറിച്ച് സംസാരിച്ചു കൊണ്ടു തന്നെ ഇമെയില്‍ ആരംഭിക്കാം. 

അടുത്ത പടി കമ്പനിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അതുമായി ബന്ധപ്പെട്ടു പോസ്റ്റ് മുതലാളി നടത്തുന്ന സമൂഹ മാധ്യമ ഇടപെടലുകളെയും പിന്തുടരുന്ന ആളാണ് താനെന്ന ധാരണ ഉണ്ടാക്കലാണ്. ഇതിനായി കമ്പനി അടുത്തിടെ ഇറക്കിയ ഒരു ഉത്പന്നത്തെയോ സേവനത്തെയോ, പുതുതായി നടപ്പാക്കിയ ഒരു തീരുമാനത്തെയോ കുറിച്ചൊക്കെ സൂചിപ്പിച്ചു നിങ്ങളുടെ പോസിറ്റീവായ ഒരു അഭിപ്രായ പ്രകടനം നടത്താം. ഇതുമായി ബന്ധപ്പെട്ടു തൊഴില്‍ ഒഴിവു പങ്കുവച്ചയാള്‍ ഇട്ട പോസ്റ്റുകളോ ലേഖനങ്ങളോ വല്ലതുമുണ്ടെങ്കില്‍ അതിനെയും പ്രകീര്‍ത്തിക്കാം. 

തുടര്‍ന്ന് ഈ കമ്പനിയിലെ തൊഴില്‍ അവസരത്തില്‍ തനിക്കുള്ള താത്പര്യം വ്യക്തമാക്കി കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ സമയവും അവസരവും തേടാം. ഇമെയിലില്‍ നിങ്ങളുടെ പൂര്‍ണ്ണ നാമവും ഫേണ്‍ നമ്പരും ലിങ്ക്ഡ്ഇന്‍ യുആര്‍എല്ലും വയ്ക്കണം. 4-5 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ചെറിയൊരു ഓര്‍മ്മപ്പെടുത്തല്‍ കുറിപ്പോടെ വീണ്ടും ഈ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്യണം. 

Job Tips >>