Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈ കെട്ടി നിൽക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

cross-arms

ശരീരഭാഷാ സൂചനയെന്ന നിലയിൽ കൈപ്പത്തികൾക്ക് അടിസ്ഥാനപരമായി രണ്ടവസ്ഥകളുണ്ട്. ഒന്നു പ്രാർത്ഥനാവേളകളിലെന്നപോലെ കൈവെള്ള മുകളിലേയ്ക്കായ അവസ്ഥ – ശരീരഭാഷാപരമായി ഇതു വിധേയത്വത്തിന്റെയും പ്രതീകാത്മക പ്രകടനമാണ്. എന്തെങ്കിലും അമർത്തിവയ്ക്കാൻ ശ്രമിക്കുമ്പോഴെന്ന പോലെ കൈവെള്ളകൾ താഴേക്കു വരത്തക്ക വിധത്തിലുള്ള അവസ്ഥയാണ് രണ്ടാമത്തേത്. ഇതു മേധാവിത്വത്തിന്റെയോ ആധിപത്യത്തിന്റെയോ പ്രതീകമായിരിക്കരുത്.

കൈവെള്ള താഴേക്കു വരത്തക്ക നിലയിൽ കൈനീട്ടി ആ പുസ്തകമിങ്ങോട്ടെടുക്കൂ എന്നു നിങ്ങൾ മറ്റൊരാളോടു പറയുമ്പോൾ അതിനൊരു ആജ്ഞാശക്തിയുടെ സ്വഭാവം കൈവരു ന്നില്ലേ? ഇതേ വാക്കുകൾ തന്നെ വിരൽ ചൂണ്ടിക്കൊണ്ടു പറയുമ്പോൾ അതു കുറേക്കൂടി അധികാരസ്വരത്തിലായി മാറുന്നു. എന്നാൽ കൈവെള്ള മുകളിൽ വരത്തക്ക നിലയിൽ കൈനീട്ടിയാണ് പറയുന്നതെങ്കിൽ അതൊരു അപേക്ഷാ രൂപത്തിലായിത്തീരുന്നു.  സമസ്ഥാനീയരായ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടുമെല്ലാം എന്തെങ്കിലുമാവശ്യപ്പെടുമ്പോൾ ആദ്യം സൂചിപ്പിച്ച ആ‍ജ്ഞാസ്വഭാവമുള്ള ആംഗ്യങ്ങൾ അഭികാമ്യമല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

നമ്മളേക്കാൾ പദവിയിൽ താണവരോടാണെങ്കിൽപ്പോലും അനുകൂല മനോഭാവത്തോടുകൂടിയുള്ള പ്രതികരണങ്ങൾ ലഭിക്കാൻ ഇത്തരം ആംഗ്യങ്ങള്‍ ഒഴിവാക്കുന്നതാണു നല്ലത്. 

വിരൽചൂണ്ടിയുള്ള സംസാരം ആളുകളിൽ അസ്വസ്ഥതയും പ്രതികൂല മനോഭാവമുളവാക്കുന്നു. ചൂണ്ടു വിരൽ എന്ന പ്രതീകാത്മക ഗദയുപയോഗിച്ചു ശ്രോതാവിനെ അടിച്ചൊതു ക്കുന്നതിനു തുല്യമാണിതെന്ന് അല്ലാൻ പീസ് പറയുന്നു. ഈ ആംഗ്യവും ഒഴിവാക്കപ്പെടേണ്ടതു തന്നെ. 

ഇഷ്ടപ്പെടാത്തതോ പേടിപ്പെടുത്തുന്നതോ ആയ എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ കൊച്ചുകുട്ടികൾ കണ്ണു പൊത്തുകയോ വാതിലിനു പുറകിൽ ഒളിക്കാൻ ശ്രമിക്കുകയോ ചെയ്യന്നതു കണ്ടിട്ടില്ലേ. അസുഖകരമായ അവസ്ഥകൾക്കെതിരെ ഒരു പ്രതിരോധം തീർക്കുകയാണവർ ഇത്തരം പ്രവൃത്തികളിലൂടെ ചെയ്യുന്നത്. ഇതിനോടു സമാനമായ ഒരു പ്രതിരോധകവചം തീർക്കുകയാണ് മുതിർന്നവർ നെഞ്ചിൽ കൈ കെട്ടിയുള്ള നിൽപ്പിലൂടെ ചെയ്യന്ന തെന്ന് ചാൾസ് ഡാർവിൻ പറയുന്നു. 

നെഞ്ചിൽ കൈകെട്ടിയുള്ള നില്‍പ്പ് സർവസാധാരണമായി കാണപ്പെടുന്ന ഒരു ശരീരഭാഷാ സൂചനയാണ്. ഒരു പ്രത്യേക സ്ഥാനത്ത് ഉറച്ചു നിൽക്കവേ തന്നെ തനിക്ക് അനഭിലഷണീ യമായിത്തോന്നുന്ന അവസ്ഥകളോടുള്ള ആളുകളുടെ മാനസിക പ്രതിരോധമാണ് കൈ കെട്ടി നിൽപ്പിലൂടെ പ്രകടമാകുന്നത് ഉദാഹരണത്തിന് ഏതെങ്കിലും കുറ്റത്തിനു പിടിക്കപ്പെട്ട് പ്രധാനാധ്യാപകന്റെ മുറിയിൽ വിചാരണ കാത്തു നിൽക്കുന്ന കുസൃതിയായ വിദ്യാർഥിയുടെ നിൽപ്പ് ഒന്നു സങ്കൽപ്പിച്ചു നോക്കൂ.

രണ്ടുപേർ സംസാരിച്ചു കൊണ്ടിരിക്കെ ഒരാൾ കൈകെട്ടിനിൽപ്പാണെങ്കിൽ അയാൾക്ക് അപരനോടുള്ള മനോഭാവം നിഷേധാത്മകമാണെന്ന് അനുമാനിക്കാം– ഒരു പക്ഷേ അയാൾ അതെയതെ എന്ന അർഥത്തിൽ തലയാട്ടുന്നുണ്ടെങ്കിൽത്തന്നെയും. തുറന്ന കൈകൾ തുറന്ന മനസ്സിന്റെ പ്രതീകമാണെങ്കിൽ കൈകെട്ടിയ നിൽപ്പ് അതിനു നേർവിപരീതമായ മനോ ഭാവത്തിന്റെ സൂചനയാണെന്നു ജൂലിയസ് ഫാസ്റ്റ പറയുന്നു.  ഈ അവസ്ഥയിൽ നിൽക്കുന്ന ആളുകൾ മറ്റുള്ളവർ പറയുന്നതു കേൾക്കാനിഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല അവരുടെ വീക്ഷണങ്ങളോടു വിയോജിപ്പുള്ളവരായിരിക്കും. പരിഭ്രമത്തെയും ഭീതിയേയും മറച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും ഈ അവസ്ഥയെ വ്യാഖ്യാനിക്കാമെന്ന് അല്ലൻപീസ് കരുതുന്നു. 

കൈകെട്ടിനിൽപ്പ് പലവിധമുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ച് വിശദീകരിക്കാം. 

കൈ കെട്ടൽ രീതി (Standard arm cross)

ലോകമെമ്പാടുമുള്ള ജനങ്ങളിൽ വളരെക്കൂടുതലായി കാണപ്പെടുന്ന കൈകെട്ടൽ രീതിയാണിത്. ശരീരശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാവാം സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് നെഞ്ചിൽ നിന്ന് അൽപ്പം താഴെയാണു കൈകെട്ടാറുള്ളത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ പോലുള്ള സ്ഥലങ്ങൾ, പൊതുയോഗ ങ്ങൾ, പാർട്ടികൾ എന്നിവ നടക്കുന്ന  സ്ഥലങ്ങൾ, വെയ്റ്റിങ് റൂമുകൾ തുടങ്ങി അപരിചിതരുമായി  ഇടപഴകാൻ നിർബന്ധിതമാകുന്ന സാഹചര്യങ്ങളിലെല്ലാം ഈ വിധം കൈകെട്ടി നിൽക്കുന്നതു കാണാം. അപ്രകാരം നിൽക്കുന്ന അവസ്ഥയിൽ ആളുകളെ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ വളരെ പ്രയാസമാണത്രേ. അതുകൊണ്ട് പൊതുവേദികളായാലും രണ്ടു പേർ മാത്രം പരസ്പരം സംസാരിക്കുന്ന വേദികളായാലും. കൈകെട്ടി നിൽക്കുന്നവരുടെ കൈകൾ തുറക്കാൻ പ്രേരിപ്പിക്കുകവഴി അവരിൽ കൂടുതൽ സ്വീകാര്യത നേടാനാകും. ഇതിനായി ചില ലഘു തന്ത്രങ്ങൾ പ്രയോഗി ക്കാം. കോൺഫറൻസ് ഹാളുകളിൽ കൈയുള്ള കസേരകൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ ശ്രോതാക്കളിൽ കൈകെ ട്ടി നിൽക്കാനുള്ള പ്രവണത കുറയ്ക്കാൻ കഴിയും. കേൾവി ക്കാരുടെ കൈയിൽ ഫയലുകളോ പേനയോ മറ്റോ പിടിക്കാൻ കൊടുത്താലും ഈ പ്രവണതയെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാം. വലിയ പൊതുയോഗങ്ങളാണെങ്കിൽ നിങ്ങൾ ക്കെന്റെ  അഭിപ്രായങ്ങളോടു വിയോജിപ്പുണ്ടെങ്കിൽ തുറന്നു പറയാം എന്നർഥം വരുന്ന എന്തെങ്കിലും ഒരു ചോദ്യം ശ്രോതാ ക്കൾക്കു മുന്നിലിട്ടു കൊടുത്ത് പ്രസംഗകൻ അൽപ്പസമയം നിശ്ശബ്ദനായിരിക്കുന്ന പക്ഷം അവർ അവരുടെ കൈകൾ സാധാരണ സ്ഥിതിയിലാക്കി അൽപ്പം മുന്നോട്ടാഞ്ഞിരിക്കാൻ സാധ്യതയുണ്ട്. ഈ ചോദ്യത്തോടൊപ്പം തന്നെ പ്രസംഗകൻ തന്റെ തുറന്ന കൈ ശ്രോതാക്കളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുറന്ന കൈകൾ തുറന്ന മനസ്സിന്റെ പ്രതീകമാണെന്നോർക്കുക.

അക്രമാസക്തമായ നിൽപ്പ് (Reinforced arm cross)

മുകളിൽപ്പറഞ്ഞ അതേ രീതിയിലുള്ള നിൽപ്പുതന്നെ മുഷ്ടി ചുരുട്ടിയാണെങ്കിൽ അത് അക്രമാസക്തിയുടെ സൂചനയാണ്. ഇതൊടൊപ്പം തന്നെ മുഖം ചുവന്നു തുടുക്കൽ, പല്ലിറുമ്മൽ തുടങ്ങിയ ചേഷ്ടകൾ കൂടിയുണ്ടെങ്കിൽ അടുത്ത നിമിഷം ശാരീരികമായ ആക്രമണമോ ചുരുങ്ങിയത്  വാക്കുകൾ കൊണ്ടുള്ള  ആക്രമണമെങ്കിലും പ്രതീക്ഷിക്കാം. ഈ അവ സ്ഥയിലുള്ളവരെ  തണുപ്പിക്കാൻ തുറന്ന കൈകളോടെയുള്ള സമീപനമായിരിക്കും അഭികാമ്യം.

മുട്ടിനുമേൽ വിരൽചുറ്റിയുള്ള നിൽപ്പ് (Arm gripping)

ബൈസെപ്സ് പേശികളിൽ വിരൽചുറ്റിപ്പിടിച്ചുള്ള നിൽപ്പ് ഉടൻ സംഭവിക്കാനിടയുള്ള ഭീതിജനകമായ എന്തിനെയോ പ്രതീക്ഷിക്കുന്ന ഉത്കണ്ഠാകുലമായ അവസ്ഥയാകാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഈ പിടിയുടെ ശക്തിയിൽ വിര ലുകളുടെ പേശികളിൽ നിന്നു രക്തം വശങ്ങളിലേക്കു വലി ഞ്ഞു പോവുകയാൽ അവയുടെ നിറം വിളർത്തതായിക്കാണാം. എയർപോർട്ടുകളിൽ കന്നിയാത്രക്കാരായി വിമാനം കാത്തിരി ക്കുന്നവർ, ദന്തഡോക്ടറുടെ മുറിക്കുപുറത്ത് ഊഴം കാത്തിരി ക്കുന്നവർ എന്നിവരെപ്പോലുള്ളവർക്കിടയിൽ ഈ വിധത്തിൽ കൈകെട്ടിനില്‍ക്കുന്നവരെ കാണാം. 

ഭാഗികമായ കൈകെട്ടൽ (Partial arm cross)

തൊട്ടുമുമ്പേ സൂചിപ്പിച്ച അതേ നിൽപ്പുതന്നെ ഒരു കൈ തൂക്കിയിട്ടു കൊണ്ടാണെങ്കിൽ അതു ഭാഗികമായ കൈകെട്ട ലായി. പക്ഷേ ഇവിടെ മറു കൈകൊണ്ടുള്ള ബൈസെപ്സി ലെ  പിടിത്തം അയഞ്ഞതോ േപരിനുമാത്രമോ ആയിരിക്കും. ഇരിക്കുന്ന അവസ്ഥയിലാണെങ്കിൽ ചെറിയൊരു താങ്ങിനു വേണ്ടി കൈകൾ േമശപ്പുറത്തോ മടിയിലോ വെക്കുകയും ചെയ്തേക്കാം. 

ആത്മവിശ്വാസക്കുറവിന്റെ ഒരു പ്രച്ഛന്ന പ്രകടനമാണിത്. അപരിചിതർ ഒരുമിച്ചു കൂടുന്ന യോഗസ്ഥലങ്ങളിലും മറ്റും ചിലർ ഇങ്ങനെ നിൽക്കുന്നതു കാണാം.  സഭാകമ്പമുള്ള പ്രസംഗകർ, സ്വീകരണങ്ങളേറ്റു വാങ്ങുന്ന  സിനിമാതാരങ്ങള്‍, രാഷ്ട്രീയ നേതാക്കൾ പോലുള്ള പ്രമുഖ വ്യക്തികൾ, എന്തെങ്കിലും അവാർഡുകളോ സമ്മാനങ്ങളോ വാങ്ങാൻ സ്റ്റേജിലോ സ്റ്റേജിനു പുറത്തോ കാത്തിരിക്കുന്നവർ പരിഭ്രമം പുറത്തു കാണിക്കാതിരിക്കാൻ ഇത്തരം ചേഷ്ടകൾ മറയാക്കാറുണ്ട്. ഏതാണ്ടിതേ മാനസികാവസ്ഥയായിരിക്കും കൈകൾ രണ്ടും തൂക്കിയിട്ട് കൈപ്പത്തികൾ പരസ്പരം കൂട്ടിപ്പി ടിച്ചു നിൽക്കുന്നവരിലും.

പ്രച്ഛന്നമായ പ്രതിരോധം
കൈകെട്ടിയ അവസ്ഥയിൽ കൈകൾ ശരീരത്തിനു കുറുകെ വരുന്നതു കൊണ്ടാണല്ലോ അതിനു പ്രതിരോധ സ്വഭാവം കൈവരുന്നത്. എന്നാൽ കൈകൾ മടക്കാതെതന്നെ പ്രതിരോ ധം തീർക്കുന്ന ചില ചേഷ്ടകളുണ്ട്. ഇരു കൈകളും തൂക്കിയി ട്ട് കൈപ്പത്തികൾ പരസ്പരം കൂട്ടിപ്പിടിക്കുകയോ ഉരുമ്മുക  യോ ചെയ്യുക, ഒരു കൈ ശരീരത്തിനു കുറുകെ വരത്തക്ക നിലയിൽ മറ്റേക്കൈയിലെവിടെയെങ്കിലുമോ വാച്ചിന്റെ സ്ട്രാ പ്പിലോ കുപ്പായത്തിന്റെ കഫ്ഫിലോ ബട്ടണിലോ ഹാന്റ് ബാഗിലോ ഇടയ്ക്കിടെ സ്പർശിച്ചുകൊണ്ടിരിക്കുകയോ പിടി ക്കുകയോ ചെയ്യുക തുടങ്ങിയവയെ ഈ ഗണത്തിൽപ്പെടു ത്താം. ചിലര്‍ പാനപാത്രം ഇരുകൈകൾകൊണ്ടും പിടിച്ചുകൊ ണ്ടാണ് പ്രതിരോധം തീർക്കുക.

പൊതുവേദികളിലെന്നപോലെ വളരെയേറെ ആളുകളാൽ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍  പരിഭ്രമം മറച്ചു വയ്ക്കാൻ വളരെയേറെ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ട് തഴക്കവും പഴക്കവും ചെന്ന രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങൾ പോലുള്ളവർ പോലും ഇത്തരം ചേഷ്ടകളില്‍ അഭയം തേടാറുണ്ട്.  പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളി ലാണ് ഈ പ്രവണത ഏറെ കണ്ടു വരുന്നത്. 

കൈകൾ കൂട്ടിപ്പിടിക്കൽ
കൈകൾ പുറകിൽ പിടിച്ചുള്ള നിൽപ്പും തലയുയർത്തിപ്പിടി ച്ചുള്ള നടപ്പും അധികാരഗർവ്, ആത്മവിശ്വാസം, നിർഭയത്വം എന്നിവയുടെ ലക്ഷണമായി കണക്കാക്കാം. രാജകുടുംബാംഗ ങ്ങൾക്കിടയിലും രാഷ്ട്രത്തലവന്മാർക്കിടയിലും ഈ നിൽപ്പും നടപ്പും വളരെ വ്യാപകമായിക്കാണാം. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരിലും പട്ടാളമേധാവികൾക്കിടയിലും രാഷ്ട്രത്തല വന്മാർക്കിടയിലും ഈ നിൽപ്പും നടപ്പും വളരെ വ്യാപകമായി ക്കാണാം. ഇതു സർവ സാധാരണമാണ്. എന്നാൽ ആയുധധാ രികളായ അവസ്ഥയിൽ അവരിൽ ഇത്തരം ചേഷ്ടകൾ അപൂർവമാണത്രേ. ഈ രീതി അനുകരിക്കാൻ ബോധപൂർവം പരിശീലിക്കുന്നത് നമ്മിൽ ആത്മവിശ്വാസം വളർത്തും. 

എന്നാൽ ഒരു കൈകൊണ്ടു മറ്റേകൈയിലുള്ള പിടിത്തം മണിബന്ധം കഴി‍ഞ്ഞ് കണങ്കയ്യിലൂടെ മുകളിലേക്കു കയറും തോറും ശരീരഭാഷാ സൂചനയെന്ന നിലയ്ക്കുള്ള  അതിന്റെ അർഥത്തിനു കാര്യമായ വ്യതിയാനം സംഭവിക്കുന്നു; ആത്മവി ശ്വാസത്തിൽ നിന്നും മാനസികസംഘർഷത്തിലേക്കും അതു നിയന്ത്രിക്കാനുള്ള ശ്രമത്തിലേക്കുമുള്ള നീക്കമായി അതിനെ വ്യാഖ്യാനിക്കാം. സംഘർഷം കൂടുന്നമുറയ്ക്ക് പിടിത്തം മുകളി ലേക്കു കയറി അതു കൈമുട്ടിന് അൽപ്പം മുകളിൽ വരെ എത്താൻ സാധ്യതയുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം ഇതു പരിഭ്രമം മറച്ചു വയ്ക്കാനുള്ള ഒരു മറയായിത്തീരുന്നു. 

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>