Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാര്‍ട്ടപ്പ് വിജയത്തിന് ജാക്ക് മായുടെ തന്ത്രങ്ങള്‍

Jack Ma

ചൈനയിലെ ശതകോടീശ്വരനും ഇ കൊമേഴ്‌സ് വമ്പന്‍ ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മായെ അറിയാത്തവര്‍ ചുരുക്കമാണ്. ഇംഗ്ലിഷ് അധ്യാപകനായിരുന്ന ജാക്ക് 1999 ല്‍ 17 സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ കമ്പനിയാണ് ഇന്ന് ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്. അടുത്തിടെ പേടിഎമ്മിലടക്കം ആലിബാബ നിക്ഷേപം നടത്തിയിരുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്ന യുവാക്കള്‍ക്കൊരു പാഠപുസ്തകമാണു ജാക്ക് മായും ആലിബാബയും. 

സ്റ്റാര്‍ട്ടപ്പുകൾക്കുള്ള ജാക്ക് മായുടെ വിജയമന്ത്രങ്ങള്‍ ഇതാ:

1. പരാജയങ്ങള്‍ ശീലമാക്കുക
ബിരുദപഠനത്തിനു ശേഷം 30 വ്യത്യസ്ത ജോലികള്‍ക്ക് അപേക്ഷ നല്‍കി ഈ 30 ഇടങ്ങളിലും പരാജയപ്പെട്ട ആളാണു ജാക്ക് മാ. പൊലീസില്‍ വരെ ജോലിക്ക് അപേക്ഷിച്ചു. ജോലിക്കു പറ്റിയ ആളല്ലെന്നായിരുന്നു മറുപടി. ഒരു ദിവസം കെഎഫ്‌സിയില്‍ ജോലി തേടി ചെന്നു. അന്ന് വേറെ 23 പേരും അവിടെ ജോലി തേടിയെത്തിയിരുന്നു. ആ 23 പേര്‍ക്കും ജോലി കിട്ടി. ജാക്കിന് അവിടെയും നിരാശയായിരുന്നു ഫലം. ഹാർവഡില്‍ പഠിക്കാനായി 10 തവണ അപേക്ഷിച്ചു. പക്ഷേ 10 തവണയും നിരസിക്കപ്പെട്ടു. എന്നെങ്കിലും ഹാർവഡില്‍ താന്‍ പഠിപ്പിക്കാനെത്തുമെന്ന് അന്നു മനസ്സില്‍ കുറിച്ചു. കാലം ജാക്കിനെ അതിനും പ്രാപ്തനാക്കി. തന്റെ ജീവിതാനുഭവങ്ങള്‍ മുന്നില്‍ വച്ചു ജാക്ക് മാ പറയുന്നു, പരാജയങ്ങളില്‍ മനസ്സു തളരാതെ അതൊരു ശീലമാക്കുക. കാരണം, പരാജയങ്ങള്‍ക്കപ്പുറം കാത്തിരിക്കുന്നതു തിളക്കമുള്ള വിജയമാണ്.

2. സ്വപ്‌നങ്ങള്‍ സജീവമാക്കി നിര്‍ത്തുക
വിജയത്തിന്റെ അടിസ്ഥാനശില തന്നെ എന്നെങ്കിലും അതു കൈയെത്തിപ്പിടിക്കുമെന്ന സ്വപ്‌നമാണ്. ആ സ്വപ്‌നം തിളക്കം മങ്ങാതെ സജീവമാക്കി നിര്‍ത്തുക. 

3. കമ്പനി സംസ്‌കാരം
സാങ്കേതിക വിദ്യയൊക്കെ കമ്പനിയെ സഹായിക്കുന്ന ഉപകരണം മാത്രമാണ്. ഒരു കമ്പനിയുടെ സുപ്രധാന ഘടകം അതിന്റെ സംസ്‌കാരമാണ്. ഈ ഉറച്ച ധാരണയാണു 18 പേരുമായി തുടങ്ങിയ ആലിബാബയെ 2500 പേരുള്ള വന്‍കിട കോര്‍പറേറ്റാക്കി മാറ്റിയത്. പണമുണ്ടാക്കുന്നതിനു പകരം പരസ്പരം സഹായിക്കാനാണ് ആലിബാബയിലെ ജീവനക്കാര്‍ എന്നും ശ്രദ്ധിച്ചിരുന്നതെന്നും ജാക്ക് പറയുന്നു. 

4. പുച്ഛിക്കുന്നവരെ തള്ളിക്കളയുക
കമ്പനിയുടെ ആശയം വിഡ്ഢിത്തമാണെന്നൊക്കെ പലരും പുച്ഛിച്ചെന്നിരിക്കും. അത്തരം പരിഹാസങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുക. 

5. പ്രചോദനം ഉള്‍ക്കൊള്ളുക
ചുറ്റുപാടുകളില്‍നിന്ന് എപ്പോഴും പ്രചോദനമുള്‍ക്കൊള്ളാന്‍ ശ്രമിക്കുക. താന്‍ സിനിമകളില്‍ നിന്നൊക്കെ ധാരാളം പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ജാക്ക് വെളിപ്പെടുത്തുന്നു. 

6. ജാഗ്രതയോടെ ഇരിക്കുക
കമ്പനി മുന്നോട്ടു പോകുമ്പോള്‍ ധാരാളം അവസരങ്ങള്‍ മുന്നിലുണ്ടാകും. നിരവധി ആശയങ്ങളും ഉയര്‍ന്നു വന്നേക്കാം. എന്നാല്‍ ഇതിനോടെല്ലാം യെസ് പറയേണ്ട കാര്യമില്ല. ചിലതിനോടൊക്കെ നോ പറയാനും പഠിക്കണം. ബിസിനസ് മെച്ചപ്പെടുത്താന്‍ പറ്റുന്ന ആശയങ്ങള്‍ക്കു മാത്രം സമ്മതം മൂളുക.

7. സ്റ്റാര്‍ട്ടപ്പിന്റെ പേരു പ്രധാനം
കമ്പനിയുടെ ലക്ഷ്യവും കാഴ്ചപ്പാടും സ്ഥാപകരുടെ ആ ആശയത്തോടുള്ള അഭിനിവേശവുമൊക്കെ വെളിവാക്കുന്നതാകണം സ്റ്റാര്‍ട്ടപ്പിന്റെ പേര്. ആലിബാബ തുടങ്ങുന്ന സമയത്ത് ഇന്റര്‍നെറ്റ് ആഗോളപ്രചാരം നേടിയിരുന്നു. അതുകൊണ്ടു ലോകത്താകമാനം പ്രയോഗിക്കാന്‍ പറ്റുന്നതും താത്പര്യമുണര്‍ത്തുന്നതുമായ പേരു വേണമെന്നു ജാക്കും കൂട്ടരും ഉറപ്പിച്ചിരുന്നു. ദിവസങ്ങളുടെ കൂടിയാലോചനയ്ക്കു ശേഷമാണു പേരു കണ്ടെത്തിയത്.

8. കസ്റ്റമര്‍ നമ്പർ ‍1
കസ്റ്റമറാണു സ്ഥാപനത്തില്‍ നമ്പര്‍ വണ്‍. രണ്ടാമതു ജീവനക്കാര്‍. മൂന്നാമത് ഓഹരി ഉമടകള്‍. നാലാമതേ വരൂ ചെയർപഴ്സൻ‍. 

9. പരാതികള്‍ അവസരങ്ങള്‍
ഉത്പന്നത്തെയോ സേവനത്തെയോ കുറിച്ചു പരാതി ഉയരുന്നിടത്ത് ഒരു അവസരവും ഒളിഞ്ഞിരിപ്പുണ്ട് എന്നറിയുക. അതുകൊണ്ട് ഒരു ഉപഭോക്താവ് പരാതിയുമായി വിളിക്കുമ്പോള്‍ ശ്രദ്ധയോടെ അതിനു ചെവി കൊടുക്കുക. ബിസിനസ്സിന്റെ ഗതി മാറ്റുന്ന പുതിയ അവസരങ്ങളിലേക്കു ചിലപ്പോള്‍ അതു നയിക്കും.

Job Tips >>