Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടിനു വെളിച്ചമായി ഒരു ഐസിഡിഎസ് സൂപ്പർവൈസർ

shajitha ഷാജിത ആറ്റാശേരി. ചിത്രം: സമീർ എ ഹമീദ്

ആത്മാഭിമാനമുള്ള യുവാക്കൾ, നന്മ നിറഞ്ഞ സമൂഹം – ഇതാണ് മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ ഷാജിത ആറ്റാശേരിയുടെ സ്വപ്നം. സാമൂഹികനീതി വകുപ്പിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സർവീസിലെ (ഐസിഡിഎസ്) ജോലി തിരഞ്ഞെടുത്തതു തന്നെ സമൂഹത്തോട് ഏറ്റവും അടുത്തുനിൽക്കാൻ വേണ്ടി. 

ആൺകുട്ടികളെക്കാൾ താഴെയാണെന്ന ചിന്ത അങ്കണവാടി മുതലേ പെൺകുട്ടികളിൽ വളരുന്നുവെന്നു മനസ്സിലാക്കിയതിൽ നിന്നാണു ഷാജിത ആദ്യ പദ്ധതിക്കു തുടക്കമിട്ടത്. പെൺകുട്ടികളെ മാനസികമായി ശക്തരാക്കിയാൽ മാത്രമേ സമത്വബോധം ഉണ്ടാകൂ എന്ന തിരിച്ചറിവിൽ നിന്നു ജനിച്ച പരിപാടി – ‘അവർ പാടുന്നു’. പുളിക്കൽ പഞ്ചായത്തിലായിരുന്നു അന്നു ജോലി. 2015 മേയ് 19ന് പുളിക്കൽ പഞ്ചായത്തിലെ 2600 പെൺകുട്ടികൾ അണിനിരന്ന് ഒന്നരമണിക്കൂർ പാട്ടുപാടി! പഞ്ചായത്തും സാമൂഹിക നീതിവകുപ്പും ഒപ്പം നിന്നു. പെൺപാട്ടിനെ എതിർക്കാൻ വന്നവരെയും ഷാജിത കൂടെനിർത്തി, പരിപാടി വൻ വിജയം. 

കുത്തിവര, കോലുമിഠായി

അന്നത്തെ വകുപ്പു മന്ത്രി എം.കെ.മുനീറിന്റെ പ്രോത്സാഹനവും കിട്ടിയപ്പോൾ അടുത്ത ആശയം പുറത്തെടുത്തു. അങ്കണവാടി കുട്ടികൾക്കുവേണ്ടിയുള്ള ചിത്രരചന– ‘കുത്തിവര’. 2016 ഫെബ്രുവരിയിൽ പുൽപറ്റ പഞ്ചായത്തിൽ 1900 കുട്ടികൾ ഒന്നിച്ചു; 500 മീറ്റർ ക്യാൻവാസിൽ കുഞ്ഞുഭാവനകൾ നിറഞ്ഞൊഴുകി. പിന്നീട് അങ്കണവാടികളിൽ നിന്നു കയ്യെഴുത്തുമാസിക പുറത്തിറക്കി. 

ശിശു സൗഹൃദ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയായ ‘കോലുമിഠായി’ ആണ് ഏറ്റവുമൊടുവിലത്തേത്. കളിചിരികളിലൂടെ അറിവ് നേടുന്ന പരിപാടിയിൽ പുൽപ്പറ്റയിലെ 41 അങ്കണവാടിയിലെ കുട്ടികളും പങ്കെടുത്തു. ഇതിനിടെ, പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ 500 പേർക്കു സ്വയരക്ഷയ്ക്കുള്ള തയ്ക്വാൻഡോ പരിശീലനവും നൽകി.

ശലഭ സാക്ഷരത

കൗമാരക്കാർക്കു മാനസികോർജം പകരുന്ന ശലഭ സാക്ഷരതയും (സ്കൂൾ ഓഫ് ബട്ടർഫ്ലൈസ്) ഷാജിത ഏറ്റെടുത്തു. എല്ലാം തുറന്നു പറയാനുള്ള അവസരം നൽകുക, തെറ്റുചെയ്തവർക്കു കുറ്റപ്പെടുത്തലില്ലാതെ, ഏറ്റുപറച്ചിലുകളില്ലാതെ സ്വയം നന്നാകാനുള്ള വഴിയൊരുക്കുക – ഇതൊക്കെയാണു ലക്ഷ്യം. ജർമൻ മനഃശാസ്ത്രജ്ഞ റൂത്ത് കോൺ തുടക്കമിട്ടതാണു സ്കൂൾ ഓഫ് ബട്ടർഫ്ലൈസ്. 

എംജി സർവകലാശാലയിലെ ഡോ. തോമസ് ഏബ്രഹാമിനു കീഴിൽ ഇതിൽ പരിശീലനം നേടിയ ശേഷമാണു ഷാജിത പദ്ധതി തുടങ്ങിയത്. വിജയമായതോടെ സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കാൻ പോകുന്നു.

മലപ്പുറം മൊറയൂരിൽ പരേതനായ റിട്ട. അധ്യാപകൻ ആറ്റാശേരി മുഹമ്മദിന്റെയും ഗ്രാമീണ വികസന വകുപ്പിൽ നിന്നു വിരമിച്ച ജമീലയുടെയും മകളാണു ഷാജിത(44). വഴികാട്ടിയതു പിതാവിന്റെ സാമൂഹിക പ്രവർത്തനം. ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം ആൺ– പെൺ തുല്യതയുടെ ചിന്ത മകളിലേക്കും പകർന്നു. ഭർത്താവ് വികെസി കമ്പനി ഡയറക്ടർ വി.പി. അസീസ്. വിദ്യാർഥികളായ  ബിലാവൽ അസീസ്, ഇസ്ബ ഹെൻബെൽ എന്നിവർ മക്കളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.