Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരസേനയിൽ എൻജിനീയറിങ് അവസരം

Indian_Army

കരസേനയുടെ 53–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കും  24–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.

എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കുമാണ് ‌അവസരം. 2019 ഒക്ടോബറിൽ‌ തുടങ്ങുന്ന ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിൽ പുരുഷൻമാർക്ക് 175 ഒഴിവുകളുണ്ട്. വനിതകൾക്കു 14 ഒഴിവുകളാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം.  പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (നോൺ ടെക്‌നിക്കൽ എൻട്രി) അവസരമുണ്ട്. 

യോഗ്യത: എൻജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ കോഴ്‌സ് തുടങ്ങി 12 ആഴ്‌ചക്കുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കായുള്ള നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾക്കു വെബ്‌സൈറ്റ് കാണുക. ഓരോ കോഴ്‌സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എൻജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയിൽ ചേർത്തിട്ടുണ്ട്. നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.

പ്രായം (2019 ഒക്ടോബർ ഒന്നിന്):  എസ്‌എസ്‌സി (ടെക്നിക്കൽ): 20–27 (1992 ഒക്ടോബർ രണ്ടിനും 1999 ഒക്ടോബർ ഒന്നിനും  മധ്യേ ജനിച്ചവർ. രണ്ടു തീയതിയും ഉൾപ്പെടെ). 

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു പ്രായപരിധി 35 വയസാണ്. ഇവർ അപേക്ഷിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക. 

ശാരീരിക യോഗ്യതകൾ: കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ.

തിരഞ്ഞെടുപ്പ് : ഷോർട്ട് ലിസ്‌റ്റ് ചെയ്യുന്നവരെ എസ്‌എസ്‌ബി ഇന്റർവ്യൂവിനു വിളിക്കും. വൈദ്യപരിശോധനയുമുണ്ടാകും. രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമേ തുടർന്നു പങ്കെടുപ്പിക്കുകയുള്ളൂ. 

പരിശീലനം:  ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു  ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. 

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. ഉദ്യോഗാർഥി  അപേക്ഷ  സേവ് ചെയ്‌ത ശേഷം ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും വിജ്‌ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റിൽ വിജ്‌ഞാപനം പ്രസിദ്ധീകരിച്ച ശേഷം മാത്രം അപേക്ഷിച്ചാൽ മതി.

Job Tips >>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.