2019 : ടെലികോം ഒഴികെയുള്ള എല്ലാ മേഖലകളിലും വൻ അവസരങ്ങൾ

job-openings
SHARE

പുതുവര്‍ഷത്തില്‍ തൊഴിലവസരങ്ങളില്‍ പ്രതീക്ഷിക്കുന്നതു വൻ കുതിപ്പ്. തൊഴിലവസരങ്ങളുടെ ലഭ്യതയിൽ രണ്ടു വർഷമായി അനുഭവപ്പെട്ടുവന്ന മാന്ദ്യത്തിനു ശേഷമുണ്ടാകുന്ന ഉണർവ് ടെലികോം ഒഴികെയുള്ള എല്ലാ മേഖലകളിലും പ്രകടമാകുമെന്നു ഹ്യൂമൻ റിസോഴ്‌സസ്, സ്‌റ്റാഫിങ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏജൻസികൾ പ്രതീക്ഷിക്കുന്നു. ഐടി മേഖലയിൽ മാത്രം രണ്ടര ലക്ഷത്തോളം നിയമനങ്ങളുണ്ടാകുമെന്നു കണക്കാക്കുമ്പോൾ സ്‌റ്റാർട്ടപ് രംഗത്തും അത്ര തന്നെ അവസരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

jobcard-t

സമ്പദ്‌വ്യവസ്‌ഥയുടെ വലുപ്പത്തിൽ ഏഴാം സ്‌ഥാനമുള്ള ഇന്ത്യയുടെ 7 ശതമാനത്തിലേറെയുള്ള വളർച്ചയ്‌ക്ക് ആനുപാതികമായി തൊഴിലവസരങ്ങളിൽ വർധനയുണ്ടാകുന്നില്ലെന്നിരിക്കെയാണ് അനുകൂല കാലാവസ്‌ഥയുടെ ലക്ഷണങ്ങൾ. ബിസിനസ് സൗഹൃദ സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ് ഇന്ത്യയിലെ തൊഴിൽ വിപണി ശക്‌തമാകുമെന്നു പ്രതീക്ഷിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് എച്ച്‌ആർ കൺസൽറ്റിങ് രംഗത്തെ ഏറ്റവും വലിയ രാജ്യാന്തര ഏൻസിയായ റാൻഡ്‌സ്‌റ്റാഡ് പറയുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്ന സ്‌റ്റാർട്ടപ് മേഖലയുടെ വികാസമാണു തൊഴിൽ വിപണിക്കു കരുത്തേകാൻ സഹായകമാകുന്ന പ്രധാന ഘടകങ്ങളിലൊന്നെന്നു സ്‌റ്റാഫിങ് രംഗത്തെ സേവനദാതാക്കളായ ടീംലീസ് സർവീസസ് വിലയിരുത്തുന്നു.

ബാങ്കിങ് ഉൾപ്പെടെ ധനസേവനരംഗത്തു പ്രവർത്തിക്കുന്ന വ്യവസായങ്ങൾ, റയിൽവേ പോലുള്ള പൊതുമേഖല സ്‌ഥാപനങ്ങൾ, ഇ – കൊമേഴ്‌സ് അടക്കമുള്ള നവീന വാണിജ്യ സംരംഭങ്ങൾ, വാഹന വ്യവസായം തുടങ്ങിയവയിൽ വലിയ തോതിലാണ് അവസരങ്ങൾ പ്രതീക്ഷിക്കുന്നത്. 14,033 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടു റയിൽവേയുടെ വിജ്‌ഞാപനം വന്നുകഴിഞ്ഞു. 

ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്‌സി സേവനദാതാക്കളും സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളും മുൻവർഷത്തെക്കാൾ 30 ശതമാനത്തിലേറെ അവസരങ്ങൾ ലഭ്യമാക്കുമെന്നാണു സൂചന.

രാജ്യത്തെ 50% കമ്പനികളിലും ഈ വർഷം ജീവനക്കാരുടെ എണ്ണത്തിൽ വർധന പ്രതീക്ഷിക്കുന്നതായാണ് എച്ച്‌ആർ കൺസൽറ്റിങ് രംഗത്തെ പ്രമുഖരായ മെഴ്‌സർ തൊഴിൽദാതാക്കൾക്കിടയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുള്ളത്. മൂന്നു ശതമാനം കമ്പനികളിൽ മാത്രമേ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നു കരുതുന്നുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA