sections
MORE

ബോസിന്റെ കോള്‍ ധൈര്യമായി കട്ടു ചെയ്യാം: ഈ സ്വകാര്യ ബില്‍ പാസ്സായെങ്കില്‍

holding-phone
SHARE

ജോലി സമയത്തിനു ശേഷം ഓഫീസ് മേലധികാരിയില്‍ നിന്നു ലഭിക്കുന്ന ഫോണ്‍ കോള്‍. ജീവനക്കാര്‍ ഒരു പക്ഷേ ഏറ്റവും വെറുക്കുന്ന സംഗതിയായിരിക്കും ഇത്. അത്തരം ഫോണ്‍ കോളുകള്‍ വീടുകളെ മറ്റൊരു ഓഫീസാക്കി മാറ്റും. ജോലി സമയത്തിനു ശേഷവും പലര്‍ക്കും ജോലി തുടരേണ്ടതായും വരും. എന്‍സിപി എംപി സുപ്രിയ സുലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്‍ പാസ്സായാല്‍ ഇനി അത്തരം ഫോണ്‍ കോളുകള്‍ നിങ്ങള്‍ക്കു ധൈര്യമായി കട്ടു ചെയ്യാം. 

റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ 2018 എന്ന പേരില്‍ സുപ്രിയ സുലെ ലോകസഭയില്‍ അവതരിപ്പിച്ച ബില്‍ ഒരു എംപ്ലോയീസ് വെല്‍ഫയര്‍ അതോറിറ്റി രൂപീകരിക്കണമെന്നു ശുപാര്‍ശ ചെയ്യുന്നു. ജോലി സമയത്തിനു ശേഷം വരുന്ന ഓഫീസ് അനുബന്ധ കോളുകളും ഇമെയിലുകളും ഡിസ്‌കണക്ട് ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവകാശം നല്‍കുന്നതാണ് ഈ അതോറിറ്റി. ബില്‍ പാസ്സായാല്‍ ഓഫീസ് സമയത്തിനു ശേഷം മാത്രമല്ല, അവധി ദിനങ്ങളിലും ഈ അവകാശം ജീവനക്കാര്‍ക്കു ലഭിക്കും. 

നിലവില്‍ ഫ്രാന്‍സില്‍ മാത്രമാണു ജീവനക്കാര്‍ക്ക് അത്തരമൊരു അവകാശം ലഭിക്കുന്നത്. 2017ല്‍ ഇതു സംബന്ധിച്ച നിയമം ഫ്രഞ്ചു പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ബില്‍ അവതരിപ്പിച്ചെങ്കിലും ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ഓഫീസ് ജീവനക്കാര്‍ക്ക് ഇതില്‍ സന്തോഷിക്കാന്‍ സാധിക്കുമോ എന്നതു കണ്ടറിയാണം. കാരണം ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അത്യപൂര്‍വമായി മാത്രമാണു പാസ്സാക്കപ്പെടുന്നത്. വിരലില്‍ എണ്ണാവുന്നവ മാത്രം. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകളെ അടിസ്ഥാനമാക്കി സ്വകാര്യ ബില്‍ അവതരിപ്പിക്കുന്ന അംഗം തന്നെ പിന്‍വലിക്കുകയാണു പതിവ്. 

രാജ്യസഭ 2015ല്‍ 45 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു സ്വകാര്യ ബില്‍ ശബ്ദവോട്ടോടെ പാസ്സാക്കിയിരുന്നു. ഭിന്നലിംഗക്കാര്‍ക്കു തുല്യാവകാശം ലഭ്യമാക്കാനുള്ള സ്വകാര്യ ബില്‍ ഡിഎംകെ എംപി തിരുച്ചി ശിവയാണ് അന്ന് അവതരിപ്പിച്ചത്. സമാന രീതിയില്‍ സുപ്രിയ സുലെയുടെ ഈ സ്വകാര്യ ബില്‍ പാസ്സാക്കപ്പെട്ടിരുന്നെങ്കില്‍ എന്നു കൊതിച്ചു പോവുകയാണ് രാജ്യത്തെ ഓഫീസ് ജീവനക്കാര്‍.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA