sections
MORE

സർക്കാർ കോളജുകളിലും പോളികളിലും 300 അധ്യാപക തസ്തിക സൃഷ്ടിക്കുന്നു

teacher
SHARE

തിരുവനന്തപുരം∙സംസ്ഥാനത്തെ സർക്കാർ കോളജുകളിലും സർക്കാർ പോളിടെക്നിക്കുകളിലുമായി മൂന്നൂറോളം അധ്യാപക തസ്തികകൾ കൂടി ഉടൻ സൃഷ്ടിക്കുന്നതിനു തീരുമാനമായി.

ഇത്രയും തസ്തിക സൃഷ്ടിക്കുന്നതിനു ധനവകുപ്പ് കഴിഞ്ഞ ദിവസം അംഗീകാരം നൽകി.ഇനി മന്ത്രിസഭ  അംഗീകരിച്ചാലുടൻ പിഎസ്‌സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു നിയമന നടപടികൾ ആരംഭിക്കും.

അതേസമയം സംസ്ഥാനത്തെ വിവിധ കോളജുകളിൽ കഴിഞ്ഞ സ‍ർക്കാരിന്റെ കാലം മുതൽ ഒട്ടേറെ കോഴ്സുകൾ അനുവദിച്ചിരുന്നുവെങ്കിലും അവയ്ക്ക് ആവശ്യമായ   സ്ഥിരം അധ്യാപക തസ്തികകൾ ഇതേവരെ സൃഷ്ടിച്ചിട്ടില്ല.ഗെസ്റ്റ് അധ്യാപകരെ ഉപയോഗിച്ചാണ് ഈ കോഴ്സുകൾ നടത്തുന്നത്.ഇതു വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

പുതിയതായി അനുവദിച്ച വിവിധ കോഴ്സുകളിലേക്ക് എത്ര അധ്യാപക തസ്തിക വേണ്ടി വരുമെന്ന് അടുത്ത കാലത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് കണക്കെടുത്തിരുന്നു.രണ്ടായിരത്തിലേറെ അധ്യാപക തസ്തികകൾ എങ്കിലും സൃഷ്ടിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കാര്യമാണിത്.

ഉന്നത വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മന്ത്രി കെ.ടി.ജലീൽ ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.തുടർന്നു രണ്ടു മന്ത്രിമാരും പങ്കെടുത്ത വിശദ ചർച്ച നടക്കുകയുണ്ടായി.ഇത്രയും തസ്തികകൾ ഒറ്റയടിക്കു സൃഷ്ടിക്കുന്നതു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും രണ്ടു ഘട്ടങ്ങളായി സൃഷ്ടിക്കാമെന്നും തോമസ് ഐസക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ആയിരത്തിലേറെ തസ്തികൾ സൃഷ്ടിച്ചു കൊണ്ടുള്ള തീരുമാനം ബജറ്റ് പ്രസംഗത്തിൽ ഉണ്ടാകുമെന്ന പതീക്ഷയിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്.ബജറ്റിൽ പ്രഖ്യാപിക്കുകയും മന്ത്രിസഭാ യോഗത്തിൽ തസ്തികകൾ സൃഷ്ടിച്ചു സർക്കാർ ഉത്തരവിറങ്ങുകയും ചെയ്താൽ എയ്ഡ‍ഡ് കോളജ് മാനേജ്മെന്റുകൾക്കു സ്ഥിരം നിയമനം നടത്താം.കോളജ് മാനേജർമാർ ഏറെക്കാലമായി പ്രതീക്ഷിക്കുന്ന തീരുമാനം ആണിത്.കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ നടന്ന പൊതുചടങ്ങിൽ ഇക്കാര്യം  മന്ത്രി കെ.ടി.ജലീൽ സൂചിപ്പിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA