sections
MORE

ജോലി വേണോ? ക്രെഡിറ്റ് സ്കോർ ‘നന്നാവണം' !

credit-score-t
SHARE

കൊച്ചി ∙ നിയമനത്തിനു തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതകളിൽ ഉദ്യോഗാർഥിയുടെ ‘ക്രെഡിറ്റ് സ്‌കോർ’  കൂടി പരിഗണിക്കുന്ന പ്രവണത വ്യാപകമായിവരുന്നു. ബാങ്കുകൾ, ധനസേവന ഏജൻസികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ ഉൾപ്പെടുന്നതും ‘ബിഎഫ്‌എസ്‌ഐ’ എന്ന് അറിയപ്പെടുന്നതുമായ വ്യവസായ മേഖലയിലാണു തൊഴിൽദാതാക്കൾ പ്രധാന മാനദണ്ഡങ്ങളിലൊന്നായി ക്രെഡിറ്റ് റേറ്റിങ് കണക്കിലെടുക്കുന്നത്.

വായ്‌പ അപേക്ഷകരുടെയും ജാമ്യക്കാരുടെയും തിരിച്ചടവു ചരിത്രവും ശേഷിയും മാത്രമല്ല ധനസംബന്ധമായ കാര്യങ്ങളിലുള്ള അച്ചടക്കവും വിലയിരുത്താൻ സഹായിക്കുന്ന മാനദണ്ഡം എന്ന നിലയിൽ മാത്രമാണ് അടുത്തകാലത്തുവരെ റേറ്റിങ് പരിഗണിക്കപ്പെട്ടിരുന്നത്.  ബിഎഫ്‌എസ്‌ഐ വ്യവസായത്തിൽപ്പെട്ട സ്‌ഥാപനങ്ങളിൽ ജീവനക്കാരുടെ തട്ടിപ്പുകൾ വ്യാപകമായിട്ടുള്ള പശ്‌ചാത്തലത്തിലാണ് ഇപ്പോൾ നിയമനങ്ങൾക്കും ക്രെഡിറ്റ് സ്‌കോർ പരിശോധന.  മൂന്നു വർഷത്തിനിടയിൽ ബാങ്ക് തട്ടിപ്പുകളുടെ പേരിൽ 13,949 ജീവനക്കാർക്കെതിരെയാണു നടപടിവേണ്ടിവന്നത്.  എഴുത്തുപരീക്ഷയിലും സംഘചർച്ചയിലും അഭിമുഖത്തിലുമൊക്കെ മുന്നിലെത്തിയാലും 300 മുതൽ 900 വരെയുള്ള റേറ്റിങ്ങിൽ 700നു മകളിൽ സ്‌ഥാനമുള്ളവർക്കു മാത്രമേ ഇപ്പോൾ നിയമനം നൽകാറുള്ളൂ എന്നു ബിഎഫ്‌എസ്‌ഐ വ്യവസായത്തിൽപ്പെട്ട പല സ്‌ഥാപനങ്ങളിലെയും എച്ച്‌ആർ വിഭാഗത്തിൽനിന്ന് അറിഞ്ഞു. യോഗ്യതകൾ പരിശോധിക്കുന്ന വേളയിൽ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടും ലഭിച്ചിരിക്കണമെന്ന് ഈ സ്‌ഥാപനങ്ങൾ ആവശ്യപ്പെടാറുണ്ട്. 

എച്ച്‌ആർ ഡിവിഷനുകൾ പങ്കുവച്ച ചില പ്രധാന നിരീക്ഷണങ്ങൾ:

  • റേറ്റിങ് കുറവായാൽ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിൽ  ഉദ്യോഗാർഥിക്കു നിഷ്‌കർഷ ഇല്ലെന്നു ബോധ്യമാകും.
  • വലിയ കടബാധ്യതകളുമായി എത്തുന്നവർ അസ്വസ്‌ഥരായിരിക്കും. അസ്വസ്‌ഥത ജോലിയുടെ മികവിനെ    ബാധിക്കാം; സാമ്പത്തിക ക്രമക്കേടുകൾക്കു പ്രേരണയുമാകാം.
  • ക്രെഡിറ്റ് കാർഡ് അനുവദിക്കുന്ന തുകയും അതിന്റെ      വിനിയോഗവും തമ്മിലുള്ള അനുപാതം (ക്രെഡിറ്റ്    യൂട്ടിലൈസേഷൻ റേഷ്യോ – സിയുആർ) 30 – 40 ശതമാനം    കവിയുന്നത് അഭിലഷണീയമല്ല.
  • വിശ്വാസ്യത, സത്യസന്ധത എന്നിവ സംബന്ധിച്ച സൂചനകൾ    റേറ്റിങ് നിലവാരത്തിൽനിന്ന് ഒരു പരിധി വരെ മനസ്സിലാക്കാം.

ക്രെഡിറ്റ് സ്‌കോർ എന്നാൽ

റേറ്റിങ് ഏജൻസികൾ നൽകുന്ന ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്ന നിരക്കാണു ക്രെഡിറ്റ് സ്‌കോർ. വായ്‌പയ്‌ക്ക് എത്രമാത്രം അർഹതഹതയുണ്ടെന്നു നിർണയിക്കാൻ ഉതകുന്ന സംവിധാനം. മെച്ചപ്പെട്ട സ്‌കോർ മികച്ച അർഹത ഉറപ്പാക്കുന്നു. വർഷത്തിൽ ഒരു തവണ ഏതു വ്യക്‌തിക്കും ക്രെഡിറ്റ് റിപ്പോർട്ട് സൗജന്യമായി ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA