sections
MORE

10 വർഷത്തിനിടയിലെ ഏറ്റവും കുറവ് വിജ്ഞാപനങ്ങൾ 2018 ൽ

psc-2018
SHARE

കഴിഞ്ഞ പത്തുവർഷത്തിനിടെ പിഎസ്‌സി ഏറ്റവും കുറവ് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത് 2018ൽ. 396 വിജ്ഞാപനങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം പിഎസ്‌സി പ്രസിദ്ധീകരിച്ചത്.  ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ആറു ഘട്ടമായാണ് ഇത്രയും വിജ്ഞാപനങ്ങൾ വന്നത്. സർവകലാശാല അസിസ്റ്റന്റ് ഉൾപ്പെടെ ലക്ഷക്കണക്കിന് അപേക്ഷകരുള്ള വിരലിലെണ്ണാവുന്ന പ്രധാന വിജ്ഞാപനങ്ങൾ മാത്രമേ കഴിഞ്ഞവർഷം വെളിച്ചം കണ്ടുള്ളൂ. പിഎസ്‌സിയിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം കുറച്ചു കാണിക്കുക എന്ന ഉദ്ദേശ്യമാണോ വിജ്ഞാപനങ്ങളിലെ കുറവിനു കാരണമെന്നു വ്യക്തമല്ല.   

2017ൽ 18 ഘട്ടം; 666 വിജ്‍ഞാപനം
2018ൽ വെറും ആറു ഘട്ടങ്ങളിലാണ് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2017ൽ 18 ഘട്ടമായി 666 വിജ്‍ഞാപനങ്ങൾ പ്രസിദ്ധീകരിച്ച സ്ഥാനത്താണ് ഇത്തവണ മൂന്നിലൊന്നായി ചുരുങ്ങിയത്. 2018ലെ ആദ്യ വിജ്ഞാപനം വന്നത് മാർച്ച് പകുതിയോടെ മാത്രം. 14–03–2018ലെ ഗസറ്റിൽ 19 വിജ്ഞാപനങ്ങളാണു പ്രസിദ്ധീകരിച്ചത്. രണ്ടാംഘട്ട വിജ്ഞാപനം വന്നത് 10–05–2018ൽ. 56 വിജ്ഞാപനങ്ങൾ ഈ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 26–07–2018ലായിരുന്നു മൂന്നാം വിജ്ഞാപനം. 43 തസ്തികകളിലേക്കായിരുന്നു അന്നു വിജ്ഞാപനം വന്നത്. നാലാംഘട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 24–09–2018ൽ. 90 എണ്ണം. 14–11–2018ൽ 19 തസ്തികകളിലേക്ക് അഞ്ചാംഘട്ട വിജ്ഞാപനം. ഇതിനിടെ നാല് അർഹതാ നിർണയ പരീക്ഷയ്ക്കുള്ള വിജ്ഞാപനങ്ങൾകൂടി പ്രസിദ്ധീകരിച്ചു. 2018ലെ അവസാനഘട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 29–12–2018/ 31–12–2018ലെ ഗസറ്റിൽ. 165 തസ്തികകളിലേക്കായിരുന്നു അവസാന വിജ്ഞാപനം.  

അവസാന വിജ്ഞാപനം ഗസറ്റ് തീയതിയും കഴിഞ്ഞ്
2018ലെ അവസാനഘട്ട വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത് ഗസറ്റ് തീയതിയും കഴിഞ്ഞ്. 29–12–2018/31–12–2018 ലെ ഗസറ്റിലാണ് 165 വിജ്ഞാപനങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. ഇതുവരെ ഗസറ്റ് തീയതിക്ക് ഒന്നോ രണ്ടോ ദിവസം മുൻപാണ് വിജ്‍ഞാപനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ഗസറ്റ് തീയതി കഴിഞ്ഞു നാലു ദിവസത്തിനുശേഷമാണ് വിജ്ഞാപനം പുറത്തിറക്കിയത്. പിഎസ്‌സിയിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനമില്ലായ്മയാണ് ഇത്തവണ വിജ്ഞാപനം കണക്കിലധികം വൈകിയതിനു കാരണം. പിഎസ്‌സിയുടെ പബ്ലിക് റിലേഷൻസ് വിഭാഗത്തിനാണ് വിജ്ഞാപനങ്ങൾ പുറത്തിറക്കുന്നതിനുള്ള ചുമതല. വിജ്ഞാപനം തയാറാക്കി നൽകാൻ ചുമതലപ്പെട്ട വിഭാഗത്തിന്റെ  പ്രവർത്തനങ്ങളിൽ വന്ന വീഴ്ചകാരണം ഇവ പബ്ലിക് റിലേഷൻസ് വിഭാഗത്തിലെത്താതെ പോകുകയായിരുന്നു. ഡിസംബർ 17ലെ പിഎസ്‌സി യോഗത്തിൽ അംഗീകരിച്ച വിജ്ഞാപനങ്ങൾ ഇത്രയും വൈകിപോയതെന്താണെന്നു കമ്മിഷൻ അന്വേഷിക്കണം. 

കൂടുതൽ വിജ്ഞാപനങ്ങൾ 2014ൽ
കഴിഞ്ഞ പത്തു വർഷത്തിനിടെ പിഎസ്‌സി ഏറ്റവും കൂടുതൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത് 2014ൽ. 782 വിജ്ഞാപനങ്ങളായിരുന്നു 2014ൽ പ്രസിദ്ധീകരിച്ചത്. 761 വിജ്ഞാപനങ്ങളുമായി 2012 തൊട്ടുതാഴെയുണ്ട്. 2011, 2013, 2015, 2016, 2017 വർഷങ്ങളിലും 500ൽ അധികം വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ പത്തുവർഷമായി പിഎസ്‌സി പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 

കഴിഞ്ഞ 10 വർഷങ്ങളിൽ  പിഎസ്‌സി പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ

വർഷം - വിജ്ഞാപനം

2018 - 396

2017 - 666

2016 - 540

2015 - 639

2014- 782

2013- 649

2012- 761

2011- 543

2010- 500

2009- 486

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA