sections
MORE

ഒരു ട്വീറ്റിന് 6.43 കോടിയോ?

yusaku-maezawa
SHARE

ശതകോടീശ്വരന്മാർ വാർത്തകളിൽ നിറയാറുള്ളത് അവരുടെ സമ്പത്തിന്റെ പേരിൽ മാത്രമാവാറില്ല. മുകേഷ് അംബാനിയെ പോലെ മകളുടെ വിവാഹം ആർഭാടമായി നടത്തിയാകാം. എലോൺ മസ്കിനെ പോലെ ഓഫീസിലെ മേശയ്ക്കടിയിൽ കിടന്നുറങ്ങിയാകാം. എന്നാൽ ജപ്പാനിലെ മൾട്ടി ബില്യണയർ യുസാകു മെസാവ കഴിഞ്ഞ ദിവസംവാർത്തകളിൽ ഇടം പിടിച്ചത് ഒരു ട്വീറ്റിന്റെ പേരിലാണ്. ലോകത്തിലേക്കും വച്ച് ഏറ്റവുമധികം പേർ റീ ട്വീറ്റ് ചെയ്ത ട്വീറ്റ്.

ഒന്നും രണ്ടുമല്ല 56 ലക്ഷത്തിലധികം പേരാണു ചുരുങ്ങിയ സമയത്തിനുള്ളിൽ യുസാകുവിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. പൂർണ്ണ ചന്ദ്രന്റെ പശ്ചാത്തലത്തിൽ റോക്കറ്റിലേറി പോകുന്ന ഒരു മനുഷ്യന്റെ ചിത്രവും യുസാകുവിന്റെ പുതുവർഷ ആശംസയും അതിനൊപ്പം ഒരു ചെറിയ പ്രഖ്യാപനവും. ഇത്രേയുള്ളൂ ആ ട്വീറ്റ്. കൂടെയുള്ള ആ പ്രഖ്യാപനമാണു ട്വീറ്റിനെ വൈറൽ ആക്കിയത്.

തന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുത്ത 100 പേർക്കു 10 കോടി ജപ്പാനീസ് യെൻ( 6.43 കോടി ഇന്ത്യൻ രൂപ) സമ്മാനമായി നൽകുമെന്നായിരുന്നു യുസാകുവിന്റെ ട്വിറ്റർ പ്രഖ്യാപനം. യു സാകു സ്ഥാപിച്ച ജപ്പാനിലെ ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ റീട്ടെയ്‌ലർ കമ്പനിയായ സോസോ വിൽപനയിൽ 1000 കോടി യെൻ എത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമാണ് ഈ സമ്മാനമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.  എന്നാൽ ഇത് യുസാകുവിന്റെ മാർക്കറ്റിങ് ഗിമ്മിക്ക് ആണെന്ന് എതിരാളികൾ വിമർശിക്കുന്നു.

ബിരുദ ശേഷം ഒരു റോക്ക് ബാൻഡ് ഡ്രമ്മറാകാൻ കാലിഫോർണിയയിൽ എത്തിയ യുസാകു സംഗീതത്തിൽ അത്ര പച്ച പിടിച്ചില്ലെങ്കിലും അതുമായി ബന്ധപ്പെട്ട കച്ചവട സാധ്യതകൾ വേഗം തിരിച്ചറിഞ്ഞു. ബാൻഡുകൾ പ്രമേയമാക്കിയ ടീ ഷർട്ടുകളും, പുസ്തകങ്ങളും, സിഡികളുമൊക്കെ അമേരിക്കയിൽ നിന്നു ജപ്പാനിലേക്കയച്ച് അവിടെ വിൽപന നടത്തിയായിരുന്നു തുടക്കം. അങ്ങനെ ആരംഭിച്ച സോസോയുടെ 36 % ഓഹരികളും കയ്യിലുള്ള യുസാകുവിന്റെ ആസ്തി ഫോർബ്സ് റിയർ ടൈം റാങ്കിങ്ങുകൾ പ്രകാരം ഏതാണ്ട് 200 കോടി ഡോളറിന്റേതാണ്. 

ഇതാദ്യമായല്ല ഈ 43 കാരൻ ശതകോടീശ്വരൻ വാർത്തകളുടെ തലക്കെട്ടുകൾ ഈ വിധം സ്വന്തമാക്കുന്നത്. സ്പെയ്സ് ടൂറിസ്റ്റുകളെയും കൊണ്ട് 2023 ൽ ചന്ദ്രനെ ചുറ്റി വരാൻ തയ്യാറെടുക്കുന്ന സ്പെയ്ഡ് X സ്റ്റാർഷിപ്പ് വെഹിക്കിളിൽ വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു വൻ തുക നൽകി യുസാകു ടിക്കറ്റ് സ്വന്തമാക്കിയതു കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. തന്റെയൊപ്പം കുറച്ചു കലാകാരന്മാരെയും കൊണ്ടു പോകാനും യുസാകുവിനു പദ്ധതിയുണ്ട്. 

പാബ്ലോ പിക്കാസോ ചന്ദ്രനെ അടുത്തു നിന്നു കണ്ടിരുന്നെങ്കിൽ എന്തു തരം ചിത്രങ്ങളായിരുന്നേനെ വരച്ചിരിക്കുക എന്നതാണു യുസാകുവിന്റെ ചോദ്യം. സമകാലിക പെയിന്റിങ്ങുകളോടുള്ള യുസാകുവിന്റെ പ്രിയവും അതിനു വേണ്ടി അദ്ദേഹം മുടക്കുന്ന വൻ തുകകളും ഇതു പോലെ മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA