sections
MORE

‌‌റെക്കോർഡ് തിളക്കത്തിൽ സഹകരണ സർവീസ് വിജ്ഞാപനങ്ങൾ

psc
SHARE

സഹകരണ സർവീസ് പരീക്ഷാബോർഡ് 2018ൽ പ്രസിദ്ധീകരിച്ചത് റെക്കോർഡ് വിജ്ഞാപനങ്ങൾ. നാലുഘട്ടമായി വിവിധ തസ്തികകളിലെ 1030 ഒഴിവുകളിലേക്ക് ബോർഡ് കഴിഞ്ഞ വർഷം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മുൻ വർഷങ്ങളിൽ ഒന്നോ രണ്ടോ ഘട്ടമായി മാത്രം വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാറുള്ളപ്പോൾ 2018ൽ നാലുഘട്ടം വിജ്ഞാപനങ്ങളാണ് പുറത്തിറക്കിയത്. ഇതോടൊപ്പം സ്ഥാനക്കയറ്റ പരീക്ഷയ്ക്കു വേണ്ടിയുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. 2018ൽ രണ്ടു ലക്ഷത്തിലധികം ഉദ്യോഗാർഥികൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിലേക്കു വിവിധ തസ്തികകളിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നു കണക്കാക്കുന്നു.  2019ലും വിജ്ഞാപനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. 

സഹകരണ സംഘം/ബാങ്കുകളിലെ സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ സ്വീകരിക്കാറുള്ളത്. എന്നാൽ 2018 മുതൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ എന്നീ തസ്തികകളിലേക്കും തിരഞ്ഞെടുപ്പു തുടങ്ങി. സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ 30 ഒഴിവുകളിലേക്കും ഡേറ്റാ എൻട്രി ഒാപ്പറേറ്ററുടെ 67 ഒഴിവുകളിലേക്കുമാണ് കഴിഞ്ഞ വർഷം അപേക്ഷ ക്ഷണിച്ചത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറുള്ളത് ജൂനിയർ ക്ലാർക്ക് തസ്തികയിലേക്കാണ്. 2018ൽ 856 ജൂനിയർ ക്ലാർക്ക് ഒഴിവുകളിൽ പരീക്ഷാബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

തിരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ വേഗത്തോടെ
ആർ.വി. സതീന്ദ്രകുമാർ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതോടെ സഹകരണ സർവീസ് പരീക്ഷാബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലായിട്ടുണ്ട്. ഒരു തസ്തികയിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ മൂന്നു നാലു മാസത്തിനകം ഒബ്ജക്ടീവ് പരീക്ഷ പൂർത്തിയാക്കും. ‌സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ പരീക്ഷയാണ് ഇനി നടക്കാനുള്ളത്. ഇതിൽ ഡേറ്റാ എൻട്രി ഒാപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള പരീക്ഷ ജനുവരി 19നു നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ടൈപ്പിസ്റ്റ്, പ്രമോഷൻ ടെസ്റ്റ് എന്നിവ ജനുവരി 20നും ജൂനിയർ ക്ലാർക്ക്, സെക്രട്ടറി പരീക്ഷകൾ ഫെബ്രുവരി മൂന്നിനും നടക്കും. കഴിഞ്ഞയാഴ്ച വിജ്ഞാപനം പ്രസിദ്ധീകരിച്ച വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ ഏപ്രിൽ അവസാനത്തോടെ നടത്തിയേക്കും. പരീക്ഷ നടത്തി ഒരു മാസത്തിനകം ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളാണ് ഇന്റർവ്യൂ നടത്തുക. ഇന്റർവ്യൂവിൽ വിജയിക്കുന്നവരുടെ ലിസ്റ്റ് സ്ഥാപനങ്ങൾ അയച്ചു കഴിഞ്ഞാൽ ഉടൻതന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

ഇന്റർവ്യൂവും ബോർഡിനു നൽകണം
വിവിധ തസ്തികകളുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഇന്റർവ്യൂകൂടി പരീക്ഷാ ബോർഡിനെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എന്നാൽ സർക്കാർ ഇക്കാര്യം നടപ്പാക്കാൻ ശ്രദ്ധിക്കുന്നില്ല. പരീക്ഷയ്ക്കൊപ്പം ഇന്റർവ്യൂവും പരീക്ഷാ ബോർഡ്തന്നെ പൂർത്തിയാക്കിയെങ്കിലേ നിയമനനടപടികൾ കൂടുതൽ സുതാര്യമാവൂ. ഉദ്യോഗാർഥികളും പരീക്ഷാബോർഡ് അധികൃതരും ഇക്കാര്യം വർഷങ്ങളായി സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്നുണ്ടെങ്കിലും  സർക്കാർ തീരുമാനം വൈകുകയാണ്. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്നത് അഴിമതിക്ക് ഇടയാക്കുന്നുണ്ടെന്ന  പരാതി വ്യാ‌പകമാണ്. പരീക്ഷയിൽ ഉയർന്ന മാ‌ർക്ക് ലഭിച്ചവരിൽ പലർക്കും ഇന്റർവ്യൂവിൽ മാ‌ർക്ക് കുറച്ചു നൽകി നിയമനം നിഷേധിക്കുകയാണ്.  ബോർഡിനെതന്നെ ഇന്റർവ്യൂ ഏൽപ്പിച്ചാൽ മാത്രമേ  പ്രശ്നത്തിനു പരിഹാരമാകൂ. 

ലിസ്റ്റിലെ എണ്ണം കൂട്ടണം‌
സഹകരണ സർവീസ് പരീക്ഷാ ബോർഡ് പ്രസിദ്ധീകരിക്കുന്ന ഷോർട്ട് ലിസ്റ്റുകളിൽ ഉദ്യോഗാർഥികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവുമുയരുന്നുണ്ട്. ഒരു ഒഴിവിലേക്ക് 10 പേരെയാണ് ഇപ്പോൾ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഇവരിൽ ചിലർ ഇന്റർവ്യൂവിൽ പങ്കെടുക്കാതെ റാങ്ക് ലിസ്റ്റിൽ നിന്നൊഴിവാകും. പിഎസ്‌സി വഴിയുള്ള നിയമനം ലഭിച്ചവരും ഈ ജോലി വേണ്ടെന്നുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും ഉദ്യോഗാർഥികൾ കുറയും. അതോടൊപ്പം ഒരേ ഉദ്യോഗാർഥിതന്നെ വിവിധ ബാങ്കുകളിലേക്ക് അപേക്ഷ നൽകി വ്യത്യസ്ത റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടും. ഏതെങ്കിലും ഒരു ബാങ്കിലെ ജോലിക്കു മാത്രമേ ഇയാളെ തിരഞ്ഞെടുക്കൂ. അതിനാൽ  റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികൾ കുറയും.   സഹകരണ സ്ഥാപനങ്ങൾ പിന്നീടു റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കും നിയമനം നടത്താൻ കഴിയില്ല. ഒരു ഒഴിവിലേക്കു 10 പേരെ എന്നത് 25 പേരെയെങ്കിലുമാക്കിയെങ്കിലേ  പ്രശ്നം പരിഹരിക്കാൻ കഴിയൂ. സഹകരണ സർവീസ് പരീക്ഷാ ബോർഡിന് ഇക്കാര്യത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല. സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.    

സഹകരണ സർവീസ് പരീക്ഷാ ബോർഡ് 2018ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ

തസ്തിക-ഒഴിവ്

സെക്രട്ടറി/അസി.സെക്രട്ടറി-71

ജൂനിയർ ക്ലാർക്ക്-856

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-30

ഡേറ്റാ എൻട്രി ഒാപ്പറേറ്റർ-67

ടൈപ്പിസ്റ്റ്-6

ആകെ-1030

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA