sections
MORE

ആത്മവിശ്വാസം തോന്നിപ്പിക്കാൻ 8 വഴികൾ

confidence
SHARE

കരിയർ വളർച്ചയുടെ ആണിക്കല്ല് ആത്മവിശ്വാസമാണ്. കഴിവിനേക്കാൾ ആത്മവിശ്വാസം സ്ഫുരിപ്പിക്കുന്നവരാണു കൂടുതൽ ബഹുമാനിക്കപ്പെടുന്നതെന്നു ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. അവർക്കാകും കൂടുതൽ സ്വാധീനവും ഉയർന്ന സാമൂഹിക നിലയും ഉണ്ടാവുക.

എന്നാൽ ചില സമയത്തു നമുക്കു തീരേ ആത്മവിശ്വാസം തോന്നിയെന്നു വരില്ല. സ്റ്റേജിൽ സംസാരിക്കാൻ കയറുമ്പോഴോ പുതുതായി ഒരാളെ പരിചയപ്പെടാൻ പോകുമ്പോഴോ ഒരു യോഗത്തിൽ പങ്കെടുക്കുമ്പോഴോ ഒക്കെ ഇത്തരത്തിൽ ചിലർക്ക് ആത്മവിശ്വാസക്കുറവ് തോന്നാം.എന്നാൽ ഇതിനെ മറച്ചു വച്ചു നമുക്ക് ആത്മവിശ്വാസമുണ്ടെന്ന് മറ്റുള്ളവർക്കു തോന്നിപ്പിക്കാൻ ചില വഴികളുണ്ട്. നമ്മുടെ ശരീരഭാഷയിലെ ചില്ലറ മാറ്റങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

1. കണ്ണിൽ നോക്കുക
മറ്റുളളവരുമായി സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിലേക്കു നോക്കി സംസാരിക്കുക. ചുറ്റുപാടുകളിലോ ഫോണിലോ ഒന്നും ശ്രദ്ധ പോകരുത്. നമ്മൾ അവരെ തന്നെ നോക്കി സംസാരിക്കുമ്പോൾ നമ്മുടെ മുഴുവൻ ശ്രദ്ധയും അവർക്കു ലഭിക്കും. അവർക്കു പ്രാധാന്യം ലഭിക്കുമ്പോൾ അവർ തിരിച്ചു നമ്മെയും ബഹുമാനിക്കും.

2. ഹസ്തദാനം
ആദ്യമായി പരിചയപ്പെടുന്നവർ ആണെങ്കിലും പഴയ സുഹൃത്താണെങ്കിലും അങ്ങോട്ടു കയറി ഒരു ഉറപ്പുള്ള ഹസ്തദാനം നൽകുക. ഉറപ്പുള്ള ഹസ്തദാനം നിങ്ങൾക്കു സംസാരിക്കുന്ന ആളിലുള്ള താത്പര്യം വെളിവാക്കുന്നു.

3. ചെറിയൊരു തോൾ സ്പർശം
ഹസ്തദാനം ചെയ്യാൻ പോകുമ്പോൾ മറ്റേയാളുടെ തോളത്തു ചെറുതായൊന്നു സ്പർശിക്കുക. സ്പർശനം ശക്തമായ ഒരു ആശയ വിനിമയ ഉപാധിയാണ്. ശരിയായി ഉപയോഗിച്ചാൽ നമ്മുടെ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതിനൊപ്പം മറ്റേയാളുടെ സൗഹൃദവും നേടും. മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ ഇത്തരത്തിൽ ഹസ്തദാനത്തോടൊപ്പം തോളിലും സ്പർശിച്ചാണു മറ്റുള്ളവരെ സ്വാഗതം ചെയ്തിരുന്നത്.

4. ചാരാതെ നിവർന്നു നിൽക്കുക
നിങ്ങൾ നിന്നാണു സംസാരിക്കുന്നതെങ്കിൽ നിവർന്ന് ഉറപ്പോടെ നിൽക്കുക. ഭിത്തിയിലോ പോഡിയത്തിലോ ഒന്നും ചാരി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ അലസമായി കേൾക്കുകയല്ലെന്നും സജീവമായി സംഭാഷണത്തിൽ പങ്കടുക്കുകയാണെന്നും ഈ നിവർന്നു നിൽപ്പു സൂചിപ്പിക്കും.

5. കാലുകൾ ഉറപ്പിക്കുക
നിന്നു സംസാരിക്കുമ്പോൾ നിങ്ങളുടെ രണ്ടു കാലുകളിലും ഒരേ പോലെ ഭാരം നൽകി കാൽ അകത്തി നിൽക്കുക. കാലുകൾ പിണച്ചു നിൽക്കുന്നതും ഓരോ കാലിലായി ഭാരം മാറി മാറി കൊടുക്കുന്നതും നിങ്ങളുടെ ആത്മവിശ്വാസക്കുറവിന്റെയും പരിഭ്രമത്തിന്റെയും പ്രതിഫലനമാകും.

6. കൈകൾ കൊണ്ടു കൂടുതൽ ഇടം കവരുക
എത്ര കൂടുതൽ സ്ഥലം നിങ്ങൾ നിൽക്കാനോ ഇരിക്കാനോ എടുക്കുന്നോ അത്രയും കൂടുതൽ ആത്മവിശ്വാസം തോന്നിപ്പിക്കും. പ്രസംഗിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈകൾ വിടർത്തി സംസാരിക്കുന്നതു ശ്രദ്ധിക്കുക. കൂടുതൽ സ്ഥലം കവരുമ്പോൾ തന്നെ ചലനങ്ങൾ നിയന്ത്രിക്കാനും ശ്രദ്ധിക്കുക.

7. കൈകൾ കവചമാക്കരുത്
കൈകൾ കെട്ടി ശരീര ഭാഗങ്ങൾ മറച്ചു നിൽക്കുന്ന പ്രതിരോധാത്മക പോസ് പരിഭ്രമത്തിന്റെതാണ്. നിൽക്കുകയാണെങ്കിൽ കൈകൾ തുറന്നും ഇരിക്കുകയാണെങ്കിൽ മേശപ്പുറത്തു കാണാവുന്ന വിധം വച്ചും ഇരിക്കുക.

8. മേശയോടു ചേർന്നുള്ള കസേരയിൽ ഇരിക്കുക
ഒരു യോഗത്തിനു ചെല്ലുമ്പോൾ ഭിത്തിയോടു ചേർന്നു ഹാളിന്റെ പിന്നിൽ നിരത്തിയിരിക്കുന്ന കസേര നോക്കി ഇരിക്കരുത്. പറ്റുമെങ്കിൽ മേശയോടു ചേർന്നുള്ള കസേരയിൽ തന്നെ ഇടം നേടുക.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA