sections
MORE

സർക്കാർ മലക്കംമറിഞ്ഞു; വെളിച്ചം കാണാതെ കെഎഎസ് വിജ്ഞാപനം

KAS
SHARE

ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെയും  സർക്കാർ ജീവനക്കാരുടെയും പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ച്  കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നു സർക്കാരിന്റെ മലക്കംമറിച്ചിൽ. കെഎഎസ് സംബന്ധിച്ച അന്തിമ ഉത്തരവ് ഡിസംബർ 31നും സർക്കാർ പുറപ്പെടുവിച്ചില്ല. ഇതോടെ  2018ൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള പിഎസ്‌സിയുടെ ഉദ്യമം പാഴായി. കഴിഞ്ഞ വർഷം പ്രായപരിധി അവസാനിച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ  കെഎഎസ് സ്വപ്നവും  അസ്തമിച്ചു. 

പിഎസ്‌സി നിർദേശിച്ച ഭേദഗതികൾകൂടി വരുത്തി കെഎഎസ് സംബന്ധിച്ച അന്തിമ ഉത്തരവ് സർക്കാർ ഡിസംബർ 31നു പ്രസിദ്ധീകരിക്കുമെന്നാണ്  പ്രതീക്ഷിച്ചിരുന്നത്. അങ്ങനെ വന്നാൽ 31നു ചേരുന്ന പിഎസ്‌സി യോഗത്തിൽ സർക്കാർ ഉത്തരവ് അംഗീകരിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ പിഎസ്‌സി തയാറാക്കിയിരുന്നു. കെഎഎസിന്റെ സിലബസ്, പരീക്ഷാരീതി എന്നിവ ഉൾപ്പെടെയുള്ള ‌എല്ലാ കാര്യങ്ങളിലും ഇതിനകം തീരുമാനമെടുത്തിട്ടുള്ള  പിഎസ്‌സി സർക്കാരിന്റെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2018ൽതന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നതുമാണ്. എന്നാൽ അവസാന നിമിഷത്തിൽ സർക്കാർ മലക്കം മറിഞ്ഞതോടെ  ഈ സുപ്രധാന തസ്തികയിലെ തിരഞ്ഞെടുപ്പ് നടപടികൾ വൈകുമെന്നുറപ്പായി. കെഎഎസ് സ്ട്രീം ഒന്നിൽ മാത്രമേ സാമുദായിക സംവരണം ഏർപ്പെടുത്തിയിട്ടുള്ളൂ. ഇതിനെതിരെ സംവരണ വിഭാഗത്തിലുള്ളവർ പ്രതിഷേധത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം വൈകിപ്പിച്ചതെന്ന ആരോപണവുമുണ്ട്.    

കെഎഎസിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദമാണ്. മൂന്നു സ്ട്രീമുകളായാണു തിരഞ്ഞെടുപ്പ് നടത്തുക. പൊതുവിഭാഗത്തിലുള്ള ഉദ്യോഗാർഥികളിൽ നിന്നു നേരിട്ടുള്ള നിയമനത്തിനു പുറമേ സർക്കാർ ജീവനക്കാർക്കു തസ്തികമാറ്റം വഴിയും അപേക്ഷ നൽകാം. ഇതിൽതന്നെ ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കും, മറ്റുള്ളവർക്കും രണ്ടു വ്യത്യസ്ത സ്ട്രീമുകളുണ്ട്. നേരിട്ടുള്ള നിയമനത്തിന്റെ പ്രായപരിധി 21–32. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. സ്ട്രീം രണ്ടിന്റെ (വിവിധ സർക്കാർ വകുപ്പുകളിലെ സ്ഥിര ജീവനക്കാരൻ അല്ലെങ്കിൽ അപ്രൂവ്ഡ് പ്രബേഷനർ) പ്രായപരിധി 21–40.  സ്ട്രീം മൂന്നിന്റെ (ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരും) പ്രായപരിധി 50 വയസ്. 29 സർക്കാർ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെയും മറ്റു വകുപ്പുകളിലെ സമാനതസ്തികകളുടെയും പത്തു ശതമാനം ഒഴിവുകളിലേക്കാണ് കെഎഎസ് വഴി നിയമനം നടത്തുക.   

മുഖ്യമന്ത്രി ചർച്ച നടത്തി
കെഎഎസ് തുടർനടപടികൾ വേഗത്തിലാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി, പിഎസ്‌സി ചെയർമാൻ എന്നിവരുമായി ചർച്ച നടത്തി. സർക്കാർ പുറത്തിറക്കേണ്ട അന്തിമ ഉത്തരവ് വൈകിയതിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ചർച്ച. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് വേഗത്തിലിറക്കണമെന്നു മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. 

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA