sections
MORE

നഴ്സിങ് ഇന്റർവ്യൂവിൽ നൃത്തമോ ?

Probationer-Nurses
SHARE

നഴ്സിങ് പ്രവേശനത്തിനുള്ള ഇന്റർവ്യൂവിൽ ന‍ൃത്തം ചെയ്യേണ്ടി വരുമെന്നു മഞ്ജു പ്രതീക്ഷിച്ചിരുന്നില്ല. മിലിറ്ററി നഴ്സിങ് കോഴ്സിലേക്കുള്ള ഇന്റർവ്യൂ അങ്ങനെയാണ്. എന്തും പ്രതീക്ഷിക്കണം. പ്രതിരോധ മേഖലയിലെ പരിശീലനങ്ങളും ജീവിതരീതിയുമായി നൂറു ശതമാനം പൊരുത്തപ്പെടുമോയെന്ന് അളക്കും. ഈ കടമ്പകൾ കടന്ന് ബെംഗളൂരുവിലെ മിലിറ്ററി നഴ്സിങ് സ്കൂളിൽ പഠിച്ച് ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ കൊച്ചി മരട് സ്വദേശി മഞ്ജു ബിജു പറയുന്നു:

മിലിറ്ററി നഴ്സിങ്ങിൽ ലഭിക്കുന്ന അധിക പരിശീലനമെന്തൊക്കെ ?
സിലബസ് ഏറെക്കുറെ ഒന്നാണെങ്കിലും പഠനരീതിയിൽ സിവിൽ നഴ്സിങ്ങുമായി വ്യത്യാസമുണ്ട്. പ്രാക്ടിക്കൽ ആദ്യ വർഷം മുതലുണ്ട്. തിയറിയേക്കാളേറെ പ്രാക്ടിക്കലാണ്. ഡോക്ടർമാർ കൂടുതൽ സ്വാതന്ത്ര്യം നൽകാറുണ്ട്.

manju-biju

പ്രവേശനത്തിന് ഒരുങ്ങേണ്ടതെങ്ങനെ ?
150 മാർക്കിന്റെ എഴുത്തുപരീക്ഷ താരതമ്യേന ലളിതമാണ്. ബയോളജി ചോദ്യങ്ങളാണേറെ. കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലിഷ്, ജനറൽ നോളജ് ചോദ്യങ്ങളുമുണ്ട്. പ്രതിരോധ, നഴ്സിങ് മേഖലകളിൽ നിന്നുള്ള ജനറൽ നോളജ് ചോദ്യങ്ങൾ പ്രതീക്ഷിക്കണം. ഉദാ: സേനാ മേധാവിമാരുടെ പേരുകൾ.

ഇന്റർവ്യൂ, വൈദ്യപരിശോധനാ നടപടിക്രമങ്ങൾ ?
ഇന്റർവ്യൂ കഠിനമാണ്. നാം എങ്ങനെ ഒരു സാഹചര്യത്തെ അതിജീവിക്കുമെന്നു കൃത്യമായി പരിശോധിക്കും. ഭാഷാശേഷിയും വിഷയത്തിലുള്ള അറിവും സ്വഭാവ സവിശേഷതകളും അളക്കും.

സീനിയർ ഡോക്ടറും നഴ്സിങ് വിഭാഗം മേധാവിയും 2 ഉന്നത സൈനിക ഉദ്യോഗസ്ഥരുമാകും ബോർഡിൽ ഉണ്ടാകുക. മറ്റു കഴിവുകളെക്കുറിച്ചു ചോദിച്ചപ്പോൾ ഞ‍ാൻ ‘ഡാൻസിങ്’ എന്നു പറഞ്ഞിരുന്നു. അപ്പോൾത്തന്നെ ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടു. അര മണിക്കൂറിലേറെ നീണ്ടു ഇന്റർവ്യൂ.

ഇന്റർവ്യൂ പാസാകുന്നതിൽ പകുതിയിലേറെപ്പേരും പുറത്താകുന്നത് വൈദ്യപരിശോധനയിലാണ്. 4 ദിവസം നീളും. എക്സ്റേ, ഇഎൻടി, ഗൈനക് പരിശോധനകളെല്ലാമുണ്ട്. 

ശസ്ത്രക്രിയ നടത്തിയിട്ടുണ്ടോ എന്നും നോക്കും. ഉയരവും തൂക്കവും കൃത്യ അനുപാതത്തിലല്ലെങ്കിൽ പുറത്താകും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഇരുനൂറ്റിയൻപതോളം പേർക്കാണ് ഓരോ വർഷവും അവസരം. താമസവും ഭക്ഷണവും ഫീസും സൗജന്യം.

പഠനശേഷമുള്ള നിയമനം ?
കമ്മിഷൻഡ് ഓഫിസർ റാങ്കിൽ മൂന്നു വിഭാഗം ആശുപത്രികളിലേക്കാണു നിയമനം. ഏറ്റവും മികച്ച റാങ്കുള്ളവർ സൂപ്പർ സ്പെഷ്യൽറ്റി സൗകര്യമുള്ള കമാൻഡ് ആശുപത്രികളിലെത്തും. അഞ്ചു വർഷം ബോണ്ട് ഉണ്ട്.

കരിയറിൽ എത്രത്തോളം വളരാം? ഉപരിപഠന സാധ്യതകൾ ?
കരിയർ വളർച്ച പൂർണമായും കഴിവിന്റെ അടിസ്ഥാനത്തിലാണ്. സൂപ്പർ സ്പെഷ്യൽറ്റി കമാൻഡ് ആശുപത്രികൾ ഒട്ടേറെ കോഴ്സുകൾ നൽകുന്നുണ്ട്. പിഎച്ച്ഡി വരെ എടുക്കാം. ഒട്ടേറെ സ്പെഷലൈസ്ഡ് ഡിപ്ലോമകളും ചെയ്യാം.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA