sections
MORE

പട്ടാളത്തിൽ നിന്നു ചാടി വീണ്ടും എത്തിയതു പട്ടാളത്തിൽ

Jinson-Johnson
SHARE

രണ്ടു തവണ പട്ടാളത്തിൽ ചേർന്നയാളാണു ‍ഞാൻ. പ്ലസ്ടു കഴിഞ്ഞപ്പോഴായിരുന്നു ആദ്യം. കൊൽക്കത്തയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ സ്വർണം നേടിയപ്പോൾ ആർമി ഉദ്യോഗസ്ഥർ സമീപിച്ചു. വീട്ടുകാരോടും നാട്ടുകാരോടും യാത്ര പറഞ്ഞ് പുണെയിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. ഒരാഴ്ചയേ അവിടെ നിന്നുള്ളൂ. വീട്ടുകാരെ പിരിഞ്ഞുള്ള ജീവിതം ശ്വാസംമുട്ടിച്ചു. അവിടെനിന്നു മുങ്ങി നാട്ടിലെത്തി. 

പിന്നീടു ഡിഗ്രി ആദ്യ വർഷം കഴിഞ്ഞപ്പോൾ വീണ്ടും പട്ടാളത്തിൽ ചേരാനായിരുന്നു നിയോഗം. വീണ്ടും പുണെയിലേക്ക്. അതൊരു വഴിത്തിരിവായിരുന്നു. അന്നു മുതൽ ലഭിച്ച പരിശീലനമാണ് ഇന്നു കാണുന്ന ഒളിംപ്യൻ ജിൻസൻ ജോൺസണാക്കിയത്. ഏഷ്യൻ ഗെയിംസ് സ്വർണവും വെള്ളിയും അർജുന അവാർഡുമൊക്കെ നേടിയ ജിൻസനായി എന്നെ നിങ്ങൾ ഇപ്പോൾ അറിയുന്നതിന് പുണെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. 

ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ പഠിക്കുന്ന കാലംമുതലേ ഞാൻ ട്രാക്കിലുണ്ടായിരുന്നു. സ്കൂളിൽ കായികമേള വരുമ്പോൾ എല്ലാത്തിലും പേരുകൊടുക്കും. ഓടും, ചാടും. 5ാം ക്ലാസ് മുതൽ കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിലായി പഠനം. അന്നേരവും ട്രാക്കിനെ മറന്നില്ല. കായികമേളകളോടുള്ള പ്രണയം തുടർന്നു. അക്കാലത്തൊന്നും യാതൊരു പരിശീലനവുമില്ല. മേള വരുമ്പോൾ ബനിയനൊക്കെയിട്ട് കളത്തിലിറങ്ങും.  അത്രമാത്രം. 

വീട്ടിൽനിന്നു സ്കൂളിലേക്കും തിരിച്ചുമുള്ള നടത്തമായിരുന്നു ഏക വ്യായാമം. 9ാം ക്ലാസിൽ പഠിക്കുമ്പോൾ വടകര വിദ്യാഭ്യാസ ജില്ലാ മീറ്റിൽ പങ്കെടുത്ത് 1,500 മീറ്ററിൽ 3ാം സ്ഥാനം നേടിയതാണ് ജീവിതത്തിലെ ആദ്യ മെഡൽ. ഞങ്ങളുടെ നാട്ടിലെ കായികപ്രേമിയും പരിശീലകനുമായ കെ.എം.പീറ്ററിന്റെ കണ്ണിൽപെട്ടതോടെ എന്റെ ജാതകം മാറിമറിഞ്ഞു. 2007ലെ കോട്ടയം സംസ്ഥാന സ്കൂൾ കായികമേളയിലും തൊട്ടുപിന്നാലെ നടന്ന കൊൽക്കത്ത ദേശീയ മീറ്റിലും സ്വർണം നേടിയതോടെ ഞാൻ സ്വപ്നങ്ങൾ കണ്ടുതുടങ്ങി. 

പട്ടാള ജീവിതത്തിന്റെ തുടക്കത്തിൽ എൻ.എം.മുഹമ്മദ് കുഞ്ഞിയും ഇപ്പോൾ ജെ.എസ്.ഭാട്യയും എന്റെ കരിയറിൽ നിർണായക മാറ്റങ്ങൾ വരുത്തിയ പരിശീലകരാണ്. വീട് ‌എന്റെയൊരു വീക്ക്നെസാണ്. പരിശീലനത്തിന്റെ തിരക്കിൽ ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് വീടിനെയും മാതാപിതാക്കളെയുമാണ്. പക്ഷേ, ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ ചില ത്യാഗങ്ങൾ സഹിക്കണമെന്ന് എനിക്കറിയാം. നാടിനായി കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള കുതിപ്പിൽ എല്ലാവരും ഒപ്പമുണ്ടാകണം. 

തയാറാക്കിയത്: ജോമിച്ചൻ ജോസ്

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA