ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ!

samantha-hess
SHARE

ഡാ തടിയാ എന്ന ആഷിഖ് അബു ചിത്രം കണ്ടവരുടെയെല്ലാം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സംഗതിയുണ്ട്. തടിയൻ ലൂക്കിന്റെ അഡാർ കെട്ടിപ്പിടുത്തം. ആലിംഗനത്തിൽ അമരുന്നവർക്കു വല്ലാത്തൊരു ശാന്തിയും സമാധാനവും നൽകുന്ന ഒന്നൊന്നര കെട്ടിപ്പിടുത്തം. ആ പിടുത്തത്തിൽ ലൈംഗികതയുടെ ഒരംശം പോലുമില്ല. എന്നാൽ അതു പകരുന്ന സാന്ത്വനത്തിനും മനസുഖത്തിനും അളവില്ല താനും. 

സമ്മർദ്ദം കുറയ്ക്കുന്നതിനും ദു:ഖത്തിൽ അകപ്പെട്ടവർക്കു വൈകാരിക പിന്തുണയും ആശ്വാസവും നൽകുന്നതിനും കെട്ടിപ്പിടുത്തത്തിനുള്ള കഴിവു ഗവേഷണങ്ങൾ തെളിയിച്ചതാണ്..ഹഗ് തെറാപ്പി, കഡിൽ തെറാപ്പി തുടങ്ങിയ പേരുകളിൽ ആലിംഗനം ഉപയോഗിച്ചുള്ള ചികിത്സാ രീതികൾ തന്നെ നിലവിലുണ്ട്.  എന്നാൽ ഇവയിലൊക്കെ സാധാരണ ഗതിയിൽ നമ്മുടെ പ്രിയപ്പെട്ടവരും നമ്മളോട് അടുത്ത ആൾക്കാരും ഒക്കെയാണു കെട്ടിപ്പിടിക്കാനെത്തുന്നത്.

എന്നാൽ ഇങ്ങനെ കെട്ടിപ്പിടിക്കാൻ അടുപ്പമുള്ളവരാരും അരികിൽ ഇല്ലാത്തവർ എന്തു ചെയ്യും? ഇനി അടുപ്പമുള്ളവരൊക്കെ ഉണ്ടെങ്കിലും തിരക്കേറിയ ലോകത്ത് ഒരു സ്പർശനമോ കെട്ടിപ്പിടുത്തമോ കിട്ടാൻ ഭാഗ്യമില്ലാത്തവരും നിരവധി പേരുണ്ട്. ഇങ്ങനെയുള്ളവർക്കു വേണ്ടിയാണ് പണം വാങ്ങി കെട്ടിപ്പിടിക്കുന്ന പ്രഫഷണൽ കെട്ടിപ്പിടുത്തക്കാർ രംഗ പ്രവേശനം ചെയ്യുന്നത്. അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഇത്തരം പ്രഫഷണൽ കഡ്‌ലേഴ്സിന്റെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ.

ഭർത്താവുമായി വേർപിരിഞ്ഞു 5 വർഷം കഴിഞ്ഞപ്പോഴാണു സാമന്ത ഹേസ് എന്ന അമേരിക്കക്കാരിക്കു സ്പർശന ദാരിദ്ര്യം അനുഭവപ്പെട്ടത്. ഡേറ്റിങ്ങിനൊക്കെ ഒരു പാടു പേരെ സാമന്തയ്ക്കു എളുപ്പം ലഭിക്കുമായിരുന്നു. പക്ഷേ ലൈംഗികപരമായ സ്പർശനമായിരുന്നില്ല സാമന്തയ്ക്കു വേണ്ടിയിരുന്നത്. വെറുതെ ഒന്നു കെട്ടിപ്പിടിക്കാൻ, തൊടാൻ, ലൈംഗിക തൃഷ്ണയോടല്ലാതെ തഴുകി ആശ്വസിപ്പിക്കാൻ ആരെയെങ്കിലുമാണു സാമന്ത തേടിയത്. കാപ്പി കുടിക്കാൻ സ്റ്റാർ ബക്സിൽ പോണതു പോലെ നല്ലൊരു കെട്ടിപ്പിടുത്തം ലഭിക്കാൻ പിന്നീടു വൈകാരിക ബാധ്യതയാകാത്ത ഒരപരിചിതനെ കിട്ടാൻ ഒരു കടയുണ്ടായിരുന്നെങ്കിൽ എന്നു സാമന്ത ചിന്തിച്ചു. അങ്ങനെയാണ് 2014ൽ കഡിൽ അപ് ടു മി( Cuddle Up To Me) എന്ന സ്ഥാപനം സാമന്ത തുറക്കുന്നത്. ബിസിനസ്സ് ലൈസൻസിനുള്ള 500 ഡോളറും ഒരു വെബ് സൈറ്റുമായിരുന്നു മൂലധനം.

ഏഴു ദിവസം കൊണ്ടു 10,000 അപേക്ഷകൾ ലഭിച്ചു. ആദ്യമൊക്കെ ഇതിനു വേണ്ടി കെട്ടിടം വാടകയ്ക്കു നൽകാൻ തന്നെ പലർക്കും മടിയായിരുന്നു. പ്രാദേശിക ഭരണകൂടം വ്യഭിചാരത്തിനുള്ള മറയാണോ ഇതെന്നും സംശയിച്ചു. 9 മാസം കൊണ്ടാണ് ഒരു കെട്ടിടം വാടകയ്ക്കു ലഭിച്ചത്.

ഇതിൽ സെക്സിന്റെ കണിക പോലും ഉൾപ്പെട്ടിട്ടില്ല എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനും സമയമെടുത്തു. ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ ഒരുമിച്ചു രണ്ടു പേർക്ക് കെട്ടിപ്പിടിച്ച് കട്ടിലിൽ കിടക്കാം എന്നതു പോലും ചിലർക്കൊക്കെ ആദ്യം ദഹിക്കാൻ എളുപ്പമായിരുന്നില്ല. കെട്ടിപ്പിടുത്തത്തിൽ കവിഞ്ഞുള്ള ലൈംഗിക ഉദ്ദേശ്യങ്ങളുമായി വന്നവരെയും അകറ്റി നിർത്തി. പക്ഷേ കുറച്ചു വർഷങ്ങൾക്കകം ഈ പ്രഫഷണൽ സേവനത്തിനു പ്രചാരമേറി.

പരിശീലനം നേടിയ പ്രഫഷണൽ കെട്ടിപ്പിടുത്തക്കാർ ഇന്നിവിടെ ഉപഭോക്താക്കളെ ലൈംഗികേതരമായ രീതിയിൽ കെട്ടിപ്പിടിക്കുകയും കൈകോർക്കുകയും തഴുകുകയുമൊക്കെ ചെയ്യുന്നു. ഒന്നര മുതൽ മൂന്നു മണിക്കൂർ വരെയൊക്കെയാണ് സെഷനുകളുടെ ശരാശരി സമയം. മാമാ ബെയർ, ഗമ്മി വോം തുടങ്ങിയ അൻപതോളം കഡ്ലിങ്ങ് പൊസിഷനുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. 

കഡ്‌ലിസ്റ്റ്.കോം എന്ന ഒരു വെബ്സൈറ്റാകട്ടെ മണിക്കൂറിൽ 80 ഡോളർ ( 5700 രൂപ) ആണ് കെട്ടിപ്പിടുത്തത്തിന് ഈടാക്കുന്നത്. കർശനമായ പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ച് മാത്രമാണ് ഈ കഡ് ലിങ്ങ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ലൈംഗിക ഉദ്ധാരണം പ്രോത്സാഹിപ്പിക്കുന്നതൊന്നും ക്ലയന്റ് ചെയ്യാൻ പാടില്ല, ശരീരത്തെ ശരിയായ വിധത്തിൽ മറയ്ക്കുന്ന വസ്ത്രം ധരിച്ചിരിക്കണം, ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല, ചുണ്ടുകളിൽ തൊടാനോ ചുംബിക്കാനോ പാടില്ല എന്നിങ്ങനെ നീളുന്നു പെരുമാറ്റച്ചട്ടം. സെഷനിടയ്ക്ക് ഇനി ലൈംഗിക ഉദ്ധാരണം സംഭവിച്ചാൽ ഇടയ്ക്ക് വച്ച് നിർത്തി അൽപം കഴിഞ്ഞ് അത്രയ്ക്ക് ഉത്തേജനം ഉണ്ടാക്കാത്ത മറ്റൊരു പൊസിഷനിൽ ആലിംഗനം തുടരും.  സെഷനുകൾ പൂർണ്ണമായും ക്യാമറയുടെ സഹായത്തോടെ മൂന്നാമത് ഒരാളുടെ നിരീക്ഷണത്തിലാകും നടക്കുക. തെറ്റായ ലക്ഷ്യങ്ങളോടെ വരുന്നവർ അതിനു ശ്രമിച്ചാൽ ഉടനെ തന്നെ സെഷൻ അവസാനിപ്പിക്കപ്പെടും.

നാനൂറിലധികം പേർക്കാണ് കഡ്‌ലിസ്റ്റ്.കോം കെട്ടിപ്പിടുത്തത്തിൽ പ്രഫഷണൽ പരിശീലനം നൽകിയത്. പല ഉപഭോക്താക്കളും എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ധവും ഉത്കണ്ഠയും ഏകാന്തതയുമൊക്കെ അനുഭവിക്കുന്നവരാണെന്ന് കഡ് ലിസ്റ്റ്.കോം സഹസ്ഥാപകൻ ആഡം ലിപ്പിൻ പറയുന്നു. സാമൂഹിക കെട്ടിപ്പിടുത്തത്തിനുള്ള സാഹചര്യം ഒരുക്കുന്ന കഡിൽ പാർട്ടികളും ഇത്തരം പ്രഫഷണലുകൾ സംഘടിപ്പിക്കാറുണ്ട്.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA