sections
MORE

എൽപി/യുപി അസിസ്റ്റന്റ്: 663 ഒഴിവുകളിൽ നിയമനം അനിശ്ചിതത്വത്തിൽ

teacher-representational-image
SHARE

എൽപിഎസ്എ, യുപിഎസ്എ തസ്തികയിൽ തിരുവനന്തപുരം ജില്ലയിൽ നിലവിലുള്ള ഒഴിവുകളിൽ  നിയമനം അനിശ്ചിതത്വത്തിൽ. 663 ഒഴിവുകളാണ് തലസ്ഥാന ജില്ലയിൽ നിലവിലുള്ളത്. വിദ്യാഭ്യാസ വകുപ്പധികൃതരുടെ അനാസ്ഥയാണ്  നിയമനശുപാർശ വൈകുന്നതിനു കാരണം. എൽപി/യുപി അസിസ്റ്റന്റ്  തസ്തികകളിൽ  റാങ്ക് ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  എന്നാൽ ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ  ജില്ലയിലെ ഡിഡി ഒാഫിസ് തയാറാകാത്തതിനാൽ നിയമനശുപാർശ തുടങ്ങാൻ പിഎസ്‌സിക്കു കഴിയുന്നില്ല. 

എൽപിഎസ്എ ഒഴിവുകൾ 403
എൽപി സ്കൂൾ അസിസ്റ്റന്റ് തസ്തികയുടെ 403 ഒഴിവുകൾ വിദ്യാഭ്യാസ വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 169 ഒഴിവുകൾ കോടതി നിർദേശപ്രകാരം ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്നു നികത്തേണ്ടതാണ്. ശരിയായ പെർഫോർമയിൽ ആയിരുന്നില്ല ഈ ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനാൽ ഒഴിവുകളിൽ നിയമനശുപാർശ നൽകാൻ കഴിയില്ല. ഇക്കാര്യം പിഎസ്‌സി ഡിഡി ഒാഫിസ് അധികൃതരെ അറിയിച്ചെങ്കിലും 47 ഒഴിവുകൾ മാത്രമേ ശരിയായ െപർഫോർമയിൽ നൽകിയിട്ടുള്ളൂ. ബാക്കി   122 ഒഴിവുകൾ ശരിയായ പെർഫോർമയിൽ നൽകാത്തതിനാൽ നിയമനശുപാർശ അയയ്ക്കാൻ കഴിയില്ല. ഇക്കാര്യം സൂചിപ്പിച്ച് പിഎസ്‌സി  തിരുവനന്തപുരം ജില്ലാ ഒാഫിസ്  ഡിഡി ഒാഫിസിലേക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ശരിയായ പെർഫോർമയിൽ നൽകിയ 47 ഒഴിവുകളിലേക്ക് നിയമനശുപാർശ തയാറാക്കാനുള്ള ശ്രമങ്ങൾ ജില്ലാ ഒാഫിസ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.

ഒരുമിച്ച് റിപ്പോർട്ട് ചെയ്ത 169 ഒഴിവുകളിൽ ശരിയായ പെർഫോർമയിൽ നൽകിയിട്ടുള്ള 47 ഒഴിവുകളിലേക്കു മാത്രം നിയമനശുപാർശ നൽകണമെങ്കിൽ കമ്മിഷൻ യോഗത്തിന്റെ അനുമതി വേണം. അതിനാൽ ഇക്കാര്യം കമ്മിഷൻ യോഗത്തിന്റെ പരിഗണനയ്ക്കു വച്ചിരിക്കയാണ്. കമ്മിഷൻ നിർദേശിക്കുന്നതനുസരിച്ചു മാത്രമേ  നിയമനശുപാർശ നൽകാൻ കഴിയൂ. 

എൽപി സ്കൂൾ അസിസ്റ്റന്റ് തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്താൻ കഴിയുന്ന 234 ഒഴിവുകൾ തലസ്ഥാന ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 30–08–2016 വരെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്കു മാത്രമേ പുതിയ ലിസ്റ്റിൽ നിന്നു നിയമനം സാധ്യമാകൂ. ഈ കാലപരിധിക്കുള്ളിൽ ഒഴിവുകളൊന്നും പുതിയ ലിസ്റ്റിലുള്ളവർക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 234 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 30–08–2016നു ശേഷമാണ്. ഈ ഒഴിവുകളിൽ നിയമനശുപാർശ നൽകണമെങ്കിൽ ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ അന്തിമ വിധി വരണം. ഈ സാഹചര്യത്തിൽ പുതിയ എൽപിഎസ്എ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനശുപാർശ അനിശ്ചിതമായി വൈകാനാണ് സാധ്യത.

യുപിഎസ്എ ഒഴിവുകൾ 260
എൽപിഎസ്എയ്ക്കുള്ളതുപോലെ യുപിഎസ്എ തസ്തികയിലും 30–08–2016 വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കു മാത്രമേ നിയമനശുപാർശ നടക്കൂ. ഈ തീയതിക്കു മുൻപ് 115 യുപിഎസ്എയുടെ താൽക്കാലിക ഒഴിവുകൾ തലസ്ഥാന ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ശരിയായ പെർഫോർമയിൽ നൽകാത്തതിനാൽ ഈ ഒഴിവുകളിലും നിയമനശുപാർശ നൽകാൻ പിഎസ്‌സിക്കു കഴിയില്ല. ഇതിനുശേഷം താൽക്കാലികമായി 84 ഒഴിവുകളും 61 പുതിയ ഒഴിവുകളും റിപ്പോർട്ട് ചെയ്തിരുന്നു. 61 ഒഴിവുകൾ ശരിയായ പെർഫോർമയിൽ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഇവ വകുപ്പിലേക്ക് തിരിച്ചയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു ഘട്ടമായി 65 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ശരിയായ പെർഫോർമയിൽ റിപ്പോർട്ട് ചെയ്യാത്ത 61 ഒഴിവുകളാണോ പിന്നീട് 65 ആക്കി റിപ്പോർട്ട് ചെയ്തതെന്നും വ്യക്തമല്ല.  

വ്യക്തത വരുത്താതെ ഡിഡി ഒാഫിസ്
എൽപി/യുപി അസിസ്റ്റന്റ് തസ്തികയുടെ നിയമന കാര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഡിഡി ഒാഫിസിൽ ഒന്നിനും വ്യക്തതയില്ല. ഈ തസ്തികയുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഉണ്ടായിരുന്ന കേസിലും ഈ വ്യ‌ക്തതയില്ലായ്മ  പ്രകടമായിരുന്നു. വിവരാവകാശ നിയമം വഴി ഡിഡി ഒാഫിസിൽ ഉദ്യോഗാർഥികൾ നൽകുന്ന ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടിയുമില്ല.  നേരിട്ട് വിവരങ്ങൾ അന്വേഷിക്കാനെത്തുന്നവർക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകുന്നത്. ഒഴിവുകളുടെ വിവരങ്ങൾ സംബന്ധിച്ച് പിഎസ്‌സിക്ക് അയയ്ക്കുന്ന കത്തുകളിലും  റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലും പിഴവുകൾ കടന്നു കൂടുന്നു.  ഈ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എൽപി/യുപി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനം അനിശ്ചിതമായി വൈകാൻ തന്നെയാണ് സാധ്യത.  

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA