ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിൽ അപ്രഖ്യാപിത നിയമനനിരോധനം. 80,000ത്തിൽ അധികം ഉദ്യോഗാർഥികൾ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന സുപ്രധാന ലിസ്റ്റുകളിലാണ് നിയമനം വൻതോതിൽ കുറഞ്ഞത്. രണ്ടു തസ്തികയുടെയും മുൻ റാങ്ക് ലിസ്റ്റുകളുമായി താരതമ്യപ്പെടുത്തിയാൽ ഇതുവരെ നടന്ന നിയമനങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. എൽഡിസി റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നിട്ട് 10 മാസം കഴിഞ്ഞു. ഇതുവരെ നടന്നത് 5% നിയമനശുപാർശ മാത്രം. 

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്ന് എട്ടു മാസം കഴിഞ്ഞിട്ടും 2% നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. സമാശ്വാസ തൊഴിൽദാന പദ്ധതി (ആശ്രിത നിയമനം), സ്ഥാനക്കയറ്റം, അന്തർജില്ലാ സ്ഥലം മാറ്റം എന്നിവയ്ക്കായി ഒഴിവുകൾ വകമാറ്റുന്നതാണ് രണ്ടു തസ്തികയിലെയും നിയമനം കുറച്ചത്. നിശ്ചിത ശതമാനം ഒഴിവുകൾ മാത്രമേ  ഇവയ്ക്കെല്ലാമായി നീക്കിവയ്ക്കാവൂ എന്ന വ്യവസ്ഥയുണ്ടെങ്കിലും ഇതെല്ലാം കാറ്റിൽ പറത്തികൊണ്ടാണു വിവിധ വകുപ്പുകൾ ഒഴിവുകൾ വകമാറ്റുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നടത്തുന്ന ഈ വഴിവിട്ട ഏർപ്പാടിനു കടിഞ്ഞാണിട്ടില്ലെങ്കിൽ രണ്ടു റാങ്ക് ലിസ്റ്റുകളിലും ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകും. 

ആദ്യം ആശ്രിത നിയമനം
ആശ്രിത നിയമനം നടത്തിയശേഷം ബാക്കി ഒഴിവുകൾ വല്ലതുമുണ്ടെങ്കിൽ മാത്രം പിഎസ്‌സിക്ക് റിപ്പോർട്ടു െചയ്താൽ മതിയെന്നാണു വിവിധ വകുപ്പുമേധാവികളുടെ ഇപ്പോഴത്തെ നയം. എൽഡി ക്ലാർക്ക് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായപ്പോൾ ആശ്രിത നിയമനത്തിനായി നീക്കിവച്ചതുൾപ്പെടെയുള്ള എല്ലാ ഒഴിവുകളും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ഞൂറിലധികം ഒഴിവുകൾ മുൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ലഭിച്ചു. ഇതു തിരിച്ചുപിടിക്കാനെന്ന പേരിലാണ് ഇപ്പോൾ ഒഴിവുകൾ വകമാറ്റുന്നത്. അന്നു റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണത്തിനനുസരിച്ചു തിരിച്ചുപിടിച്ചെങ്കിലും കാര്യങ്ങൾ പൂർവസ്ഥിതിയിലായിട്ടില്ല. 

തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ 10 മാസത്തിനിടെ ആരോഗ്യ വകുപ്പിൽ 13ഉം ഡയറക്ടറുടെ കാര്യാലയത്തിൽ 11ഉം എൽഡി ക്ലാർക്ക് ഒഴിവുകളാണ്  നിലവിലുണ്ടായിരുന്നത്. ഇവയെല്ലാം ആശ്രിത നിയമനം വഴി നികത്തി എന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഒരു എൻജെഡി ഒഴിവു മാത്രമാണ് വകുപ്പ് ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്തെ മാത്രം സ്ഥിതിയല്ല ഇത്.  മറ്റു ജില്ലകളിലും സമാന സാഹചര്യമാണുള്ളത്. ലാസ്റ്റ് ഗ്രേഡ് ഒഴിവുകളും ഈ രീതിയിൽ വകമാറ്റുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു ആസ്ഥാന എൽഡി ക്ലാർക്ക് ഒഴിവു മാത്രമാണ്. ഒാരോ വർഷവും കുറഞ്ഞത് 20 ഒഴിവെങ്കിലും വിദ്യാഭ്യാസ വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഈ അവസ്ഥയ്ക്കു മാറ്റം വന്നു. ആശ്രിത നിയമനത്തിനൊപ്പം തസ്തികമാറ്റം, അന്തർജില്ലാ സ്ഥലംമാറ്റം എന്നിവയ്ക്കായി കണക്കിലധികം ഒഴിവുകൾ വിദ്യാഭ്യാസ വകുപ്പ് ഒഴിച്ചിടുന്നതാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെ നിയമനം മുടക്കുന്നത്. മൃഗസംരക്ഷണ വകുപ്പ്, നഗരകാര്യ വകുപ്പ്, ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിൻ, സിവിൽ സപ്ലൈസ്, പൊതുമരാമത്ത്, ജലസേചനം തുടങ്ങിയ പ്രധാന വകുപ്പുകളിൽ നിന്നൊന്നും ലാസ്റ്റ് ഗ്രേഡ്, എൽഡിസി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.

ജിഎസ്ടിയും പാര
ജിഎസ്ടി നടപ്പാക്കിയതോടെ ചില വകുപ്പുകളിൽ ഒഴിവുകൾ വൻതോതിൽ കുറഞ്ഞെന്ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടിയുടെ വന്നതോടെ വാണിജ്യനികുതി വകുപ്പിൽ ജീവനക്കാരുടെ എണ്ണം അധികമാണെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. ഇതോടെ നിലവിലുള്ള ഒഴിവുകൾപോലും റിപ്പോർട്ട് ചെയ്യുന്നത് അവസാനിപ്പിച്ചു. പ്രളയത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് പുതിയ തസ്തികകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ നിയന്ത്രണം ഉന്നത തസ്തികകളുടെ കാര്യത്തിൽ കാണുന്നുമില്ല. 

കോടതികളിൽ നിന്ന് എൽഡി ക്ലാർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് നിർത്തിവച്ചിട്ട് നാളേറെയായി. കോടതികളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷൻ ക്വാട്ട 10 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കണമെന്നതു സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതികളിലെ എൽഡി ക്ലാർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കയാണ്.  ഉദ്യോഗാർഥികൾക്ക് ഇതും തിരിച്ചടിയായി.  

ഇഴഞ്ഞിഴഞ്ഞ് നിയമനം
എൽഡി ക്ലാർക്ക് തസ്തികയ്ക്ക് 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1924പേർക്കാണ് ഇതുവരെ നിയമനശുപാർശ ലഭിച്ചിട്ടുള്ളത്. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിന്റെ 5% ശതമാനം പേർക്കേ നിയമനശുപാർശയായിട്ടുള്ളൂ. ഏറ്റവും കൂടതൽ പേർക്ക് നിയമനം നൽകിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്– 209. ഏറ്റവും കുറവ് നിയമനശുപാർശ വയനാട് ജില്ലയിൽ– 55. തിരുവനന്തപുരം ഒഴികെ ഒരു ജില്ലയിലും നിയമനശുപാർശ 200 കടന്നിട്ടില്ല. വയനാടിനു പുറമേ പത്തനംതിട്ട, കാസർകോട് ജില്ലകളിലും 100 പേർക്ക് നിയമനശുപാർശ നൽകാൻ കഴിഞ്ഞിട്ടില്ല. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 36783 പേരാണ് 14 ജില്ലകളിലുമായി നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. 

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ 2% നിയമനമാണ് നടന്നിട്ടുള്ളത്. വിവിധ ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് 861 പേർക്ക് ഇതുവരെ നിയമനശുപാർശ നൽകി. ഏറ്റവും കൂടുതൽ നിയമനശുപാർശ നടന്നത് തിരുവനന്തപുരം ജില്ലയിൽ– 113. ഏറ്റവും കുറവ് നിയമനം വയനാട് ജില്ലയിൽ– 29. തിരുവനന്തപുരമൊഴികെ മറ്റൊരു ജില്ലയിലും നിയമനശുപാർശ 100 കടന്നിട്ടില്ല. വയനാടിനൊപ്പം പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലും 50 പേർക്കുപോലും നിയമനശുപാർശ നൽകിയിട്ടില്ല. 

short-list

സർക്കാർ ഉത്തരവ് ചവറ്റുകുട്ടയിൽ
ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പുറത്തിറക്കുന്ന ഉത്തരവുകൾക്ക് വകുപ്പു തലവൻമാർ വില കൽപ്പിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. 2019 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ ജനുവരി 31നു മുൻപ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്തതു സംബന്ധിച്ച വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ഈ തീയതിക്കകം അറിയിക്കുകയും വേണമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ ഈ തീയതിക്കകം എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്ന കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ല. 

aapointment

ധാരാളം സർക്കാർ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഈ വകുപ്പുമേധാവികൾക്കെതിരെ യാതൊരു നടപടി എടുത്തതായും റിപ്പോർട്ടില്ല. 2018 സെപ്റ്റംബര്‍ ഒന്നിനകം ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന മുൻ ഉത്തരവും വകുപ്പുമേധാവികൾ ചവറ്റുകുട്ടയിൽ തള്ളുകയായിരുന്നു.  കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത കുറച്ചുപേർക്കെതിരെയെങ്കിലും അച്ചടക്ക നടപടിയുണ്ടായെങ്കിൽ മാത്രമേ ഇത്തരം സർക്കാർ ഉത്തരവുകളുടെ പ്രയോജനം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ലഭിക്കൂ. 

താൽക്കാലിക നിയമനം വ്യാപകം
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി താൽക്കാലിക നിയമനങ്ങൾ നടക്കുന്നതാണ് എൽഡിസി, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്ക് തിരിച്ചടിയാകുന്നത്.  പല സർക്കാർ വകുപ്പുകളിലും താൽക്കാലിക ജീവനക്കാർ ധാരാളമുണ്ട്. എൽഡിസി, ലാസ്റ്റ് ഗ്രേഡ് എന്നിവയിലാണ് താൽക്കാലികക്കാർ അധികമായിട്ടുളളത്. മോട്ടോർവാഹന വകുപ്പ് പുതിയ ഏഴ് സബ് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 49 പുതിയ തസ്തിക സൃഷ്ടിച്ച് ഉത്തരവായിരുന്നു. ഫെബ്രുവരി 11ന് പുറത്തിറങ്ങിയ ഉത്തരവിൽ  ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ, മോട്ടോർ െവഹിക്കിൾ ഇൻസ്പെക്ടർ എന്നിവയുടെ ഒാരോ തസ്തികയും രണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ തസ്തികയും ഹെഡ് അക്കൗണ്ടന്റ്/ഹെഡ് ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ക്ലാർക്ക് എന്നിവയുടെ ഒാരോ തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. 

ഒാരോ പുതിയ സബ് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസുകൾക്കും ഏഴ് പുതിയ തസ്തികവീതം സൃഷ്ടിച്ചതിൽ ലാസ്റ്റ് ഗ്രേഡിന്റെ ഒരു തസ്തികയുമില്ല. എന്നാൽ എല്ലാ ഒാഫിസിലേക്കും ഒാരോ താൽക്കാലിക ഒാഫിസ് അറ്റൻഡന്റ് തസ്തിക അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോഴാണ് സർക്കാർ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. പിന്നെ എങ്ങനെയാണ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടക്കുക? ജലവിഭവ വകുപ്പ്, വനം, പൊലീസ്, വിജിലൻസ്, കോളജ് വിദ്യാഭ്യാസം, റവന്യൂ, ഭവനനിർമാണം തുടങ്ങിയ വകുപ്പുകളിലെല്ലാം ധാരാളം താൽക്കാലിക ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. എന്തിനേറെ, സെക്രട്ടേറിയറ്റ്, പിഎസ്‌സി എന്നിവയിൽപോലും താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാർ ജോലി ചെയ്യുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com