ADVERTISEMENT

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം സംബന്ധിച്ച ചോദ്യത്തിന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് പിഎസ്‌സി. കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് തെറ്റദ്ധരിപ്പിക്കുന്ന മറുപടി നൽകിയത്. ലാസ്റ്റ് ഗ്രേഡ്  റാങ്ക് ലിസ്റ്റ് എന്നു പ്രസിദ്ധീകരിക്കുമെന്ന് 28–11–2018ൽ വി. കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ ചോദ്യമുന്നയിച്ചിരുന്നു. 

ഇതിനു മുഖ്യമന്ത്രി നൽകിയ മറുപടി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പിഎസ്‌സി സ്വീകരിച്ചു വരുന്നു എന്നാണ്. നിയമസഭയിൽ ഈ മറുപടി നൽകി മൂന്നു മാസമാകാറാകുമ്പോഴും ഈ തസ്തികയുടെ സാധ്യതാ ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാൻ പിഎസ്‌സിക്കു കഴിഞ്ഞിട്ടില്ല. സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയായാലേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ.   ഇതിനായി എത്രനാൾകൂടി വേണ്ടിവരുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. 

മുൻ ലിസ്റ്റ് റദ്ദായിട്ട് ഒന്നര വർഷം
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് റദ്ദായിട്ട് ഒന്നര വർഷം കഴിഞ്ഞു. 16–06–2014ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 30–06–2017ൽ അവസാനിച്ചു. 2589 പേർക്കാണ് ഈ ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ലഭിച്ചത്. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ മൂന്നു റാങ്ക് ലിസ്റ്റുകൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ തിടുക്കം കാട്ടുന്ന പിഎസ്‌സി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമനത്തിൽ വേണ്ടത്ര താൽപര്യം കാണിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. 

Last grade

ആയിരത്തിനടുത്ത് ഒഴിവുകൾ
ലാസ്റ്റ് ഗ്രേഡ് സർവന്റ്സിന്റെ ആയിരത്തിനടുത്ത് ഒഴിവുകൾ  വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിലവിലുണ്ട്. ഇതിൽ പകുതിയോളം ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും ഒഴിവുകളെല്ലാം റിപ്പോർട്ട് ചെയ്യപ്പെടും. നിലവിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് വാട്ടർ അതോറിറ്റിയാണ്– 196. കെഎസ്എഫ്ഇയിൽ നിന്ന് 70 ഉം ചുമട്ടുതൊഴിലാളി ക്ഷേമനിധിബോർഡിൽ നിന്ന് 24ഉം ബവ്റിജസ് കോർപറേഷനിൽ നിന്ന് 15ഉം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 25 പൊതുമേഖല സ്ഥാപനങ്ങളാണ് ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത് റാങ്ക് ലിസ്റ്റ് കാത്തിരിക്കുന്നത് ഒപ്പം  പരീക്ഷ എഴുതിയ ഉദ്യോഗാർഥികളും. 

വിജ്ഞാപനം  2017ൽ
2017 മേയ് 30നാണ് കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. സംസ്ഥാനവ്യാപകമായി 11,83,328 പേർ അപേക്ഷ നൽകിയിരുന്നു. ഇവർക്ക് രണ്ടു ഘട്ടമായി 07–10–2017, 28–10–2017 തീയതികളിൽ പരീക്ഷ നടത്തി. 10 ലക്ഷത്തിൽ താഴെ ഉദ്യോഗാർഥികൾ മാത്രമേ പരീക്ഷ എഴുതിയിട്ടുള്ളൂ. പരീക്ഷ നടത്തി ഒന്നര വർഷമാകാറായിട്ടും സാധ്യതാ ലിസ്റ്റ്പോലും  പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാനതല തിരഞ്ഞെടുപ്പിന് രണ്ടുഘട്ടമായി പരീക്ഷ നടത്തിയതിനാൽ രണ്ടു പരീക്ഷയുടെയും മാർക്കുകൾ സമീകരിച്ച ശേഷമേ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ. ഈ നടപടിക്രമം പൂർത്തിയായി വരുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com