ADVERTISEMENT

യൂണിഫോം സേനകളുടെ കായികക്ഷമതാ പരീക്ഷ നടത്തിപ്പിന് പുറംകരാർ നൽകാനുള്ള നീക്കത്തിനു പിന്നാലെ ചില സുപ്രധാന തസ്തികകളിലെ നിയമനവും പിഎസ്‌സിയിൽ നിന്നു മാറ്റാൻ നീക്കം തുടങ്ങി. സർവകലാശാല അസിസ്റ്റന്റ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ്, വകുപ്പുതല പരീക്ഷകൾ, ഡിപിസി എന്നിവയും പിഎസ്‌സിയിൽ നിന്നു മാറ്റാനാണ് അണിയറയിൽ നീക്കങ്ങൾ സജീവമായത്. ഇതിന്റെ ഭാഗമായി ഭരണപരിഷ്ക്കാര കമ്മിഷൻ മെമ്പർ സെക്രട്ടറി ഷീല തോമസ് ഫെബ്രുവരി 27ന് പിഎസ്‌സി ചെയർമാൻ, പിഎസ്‌സിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.  തിരഞ്ഞെടുപ്പു നടപടികൾ പിഎസ്‌സിയിൽ നിന്നു മാറ്റാനുള്ള രഹസ്യ അജൻഡ നടപ്പാക്കുന്നതിന്റെ  ഭാഗമായിരുന്നു ചർച്ച.  പിഎസ്‌സിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഈ നീക്കത്തെ ജീവനക്കാർ   ശക്തിയുക്തം എതിർത്തെങ്കിലും  ചെയർമാന്റെ എതിർപ്പിന്  വേണ്ടത്ര ശക്തിയുണ്ടായില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കരണവുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചയിലുയർന്ന നിർദേശങ്ങളുടെ കരട് പിഎസ്‌സിക്ക് അയച്ചുകൊടുത്തിട്ടില്ല. ഇതു സംബന്ധിച്ച തുടർനടപടികൾ എന്തൊക്കെയായിരിക്കുമെന്ന് കരടിൽ നിന്നേ വ്യക്തമാകൂ. എന്തായാലും പിഎസ്‌സി നടത്തുന്ന പരീക്ഷകൾ പുറത്തുള്ള എജൻസിയെ  ഏൽപ്പിക്കാനുള്ള നീക്കത്തെ ഉദ്യോഗാർഥികൾ മാത്രമല്ല കേരളത്തിലെ പൊതുസമൂഹം ഒന്നായി എതിർത്ത് തോൽപ്പിക്കുമെന്നുറപ്പാണ്.  യോഗ്യതയും സംവരണവും സംരക്ഷിച്ച് സംസ്ഥാന സർക്കാർ സർവീസിലേക്ക് നിയമനം നടത്തുന്ന ഈ സ്ഥാപനം ഇല്ലാതായാൽ അഴിമതിയും പിൻവാതിൽ നിയമനവും വ്യാപകമാകും.  പിഎസ്‌സിയിലെ ചില  അംഗങ്ങൾ തന്നെയാണ് ഇതിനു വേണ്ടി പിന്നണിയിലും പ്രവർത്തിക്കുന്നത്. 

റാങ്ക് ലിസ്റ്റ് വൈകിച്ച് ഒത്താശ
സർവകലാശാല അസിസ്റ്റന്റ്, കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികയിലെ തിരഞ്ഞെടുപ്പ് പുറത്തുള്ള ഏജൻസിയെ ഏൽപ്പിക്കുന്നതിന് ഊർജം പകരാൻ ഈ തസ്തികയിലെ റാങ്ക് ലിസ്റ്റുകൾ വൈകിപ്പിക്കാനും ശ്രമമുണ്ട്. സർവകലാശാല അസിസ്റ്റന്റ് തസ്തികയുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ തവണ വെറും അഞ്ചു മാസംകൊണ്ടാണ് പിഎസ്‌സി പൂർത്തിയാക്കിയത്. 22–03–2016ൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികയുടെ റാങ്ക് ലിസ്റ്റ് 10–08–2016ൽ പ്രസിദ്ധീകരിച്ചു. എന്നാൽ ഇത്തവണ വിജ്ഞാപനം പ്രസിദ്ധീകരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. അടുത്ത ഒാഗസ്റ്റ് ഒൻപതിനു നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയില്ല. കമ്പനി/കോർപറേഷൻ/ബോർഡ്  അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളുടെ മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദായിട്ട് ഒരു വർഷത്തിലധികമായിട്ടും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം എങ്ങുമെത്തിയിട്ടില്ല. രണ്ടു തസ്തികകളുടെയും ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായിട്ട് മാസങ്ങളായി. എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകിപ്പിക്കുകയാണ്. ഈ തസ്തികകളുടെ തിരഞ്ഞെടുപ്പ് നടപടികൾ യഥാസമയം പൂർത്തിയാക്കാൻ പിഎസ്‌സിക്ക് കഴിയില്ല എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വൈകിപ്പിക്കൽ എന്ന ആക്ഷേപം ശക്തമാണ്. 

പൊലീസ് കോൺസ്റ്റബിൾ (സിവിൽ പൊലീസ് ഒാഫിസർ) തസ്തികയിലും ഈ കാലതാമസം പ്രകടമാണ്. ഈ തസ്തികയുടെ കായികക്ഷമതാ പരീക്ഷ കഴിഞ്ഞ സെപ്റ്റംബര്‍ – നവംബർ മാസങ്ങളിൽ നടത്തുമെന്ന് വിജ്ഞാപനത്തിൽതന്നെ വ്യ‌ക്തമാക്കിയിരുന്നതാണ്. ഇതുംകഴിഞ്ഞ് മൂന്നു മാസങ്ങൾ പൂർത്തിയായെങ്കിലും ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരണംപോലും എങ്ങുമെത്തിയിട്ടില്ല. ഫെബ്രുവരി അവസാനമോ മാർച്ച് പകുതിയോ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് പിഎസ്‌സി വ്യ‌ക്തമാക്കിയിരുന്നത്. എന്നാൽ ഇതിനുള്ളിൽ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമോ എന്ന് കാത്തിരുന്ന് കാണണം. ഈ പരീക്ഷയുടെയും മൂല്യനിർണയം പൂർത്തിയായിട്ട് നാളേറെയായി.  

വകുപ്പുതല പരീക്ഷകളും താറുമാറാകുന്നു
വർഷത്തിൽ രണ്ടുതവണ കൃത്യമായി നടത്തിയിരുന്ന വകുപ്പുതല പരീക്ഷകളും അലങ്കോലമായി. ഒഎംആർ രീതിയിൽ നടത്തിയിരുന്ന പരീക്ഷകൾ ഒാൺലൈനിലേക്ക് മാറ്റിയാണ് പുതിയ പരീക്ഷണം. പിഎസ്‌സി ചെയർമാൻ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ എന്നീ പദവികൾ താൽപര്യപ്പെടുന്ന ഒരു പിഎസ്‌സി അംഗമാണ് ഇതിനു പിന്നിൽ. പരീക്ഷ ഒാൺലൈനിലേക്ക് മാറ്റി പേരെടുക്കാൻ തുടങ്ങിയതോടെ കൈ പൊള്ളി. പരീക്ഷ തുടങ്ങി രണ്ടാം ദിവസം പരീക്ഷയുടെ ചോദ്യപേപ്പർ മാറിപ്പോയിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പിഎസ്‌സിയുടെ ഒാൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ നടത്തിയ പരീക്ഷയാണ് ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് റദ്ദാക്കി വീണ്ടും നടത്തിയത്. രണ്ടും മൂന്നും ജില്ലകൾക്കപ്പുറത്തു നിന്ന് പിഎസ്‌സി ഒാഫിസിൽ പരീക്ഷ എഴുതാനെത്തിയവർ  പ്രതിഷേധിക്കാൻ തുടങ്ങിയതൊടെ പിഎസ്‌സി ജീവനക്കാർ  ചായയും ബിസ്ക്കറ്റുമൊക്കെ നൽകി ഇവരെ സമാധാനിപ്പിക്കുകയായിരുന്നു. ഒടുവിൽ 10 മണിക്ക് തുടങ്ങേണ്ട പരീക്ഷ  12 മണിക്ക് പുതിയ ചോദ്യപേപ്പർ ഉപയോഗിച്ച് നടത്തി. ഇനി നടത്താനിരിക്കുന്ന പരീക്ഷകളും ഇത്തരം ആശങ്കകൾക്ക് അതീതമല്ലെന്ന് തെളിയിക്കുന്നു ഈ സംഭവം. 

പിഎസ്‌സിയുടെ കൈകൾ ഒന്നൊന്നായി വെട്ടുന്നു
പിഎസ്‌സി ഏറ്റെടുത്തു നടത്തുന്ന തിരഞ്ഞെടുപ്പുകൾ ഒന്നൊന്നായി വെട്ടിയൊതുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കായികക്ഷമതാ പരീക്ഷയ്ക്ക് പുറംകരാർ നൽകാനുള്ള നീക്കം.   സ്പോർട്സ് കൗൺസിലിനെ കൊണ്ട് പരീക്ഷ നടത്താനാണ് ആലോചന. ഫെബ്രുവരി 28ന് പിഎസ്‌സി ചെയർമാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെ കായികക്ഷമതാ പരീക്ഷകൾ ഇപ്പോൾതന്നെ പൊലീസാണല്ലോ നടത്തുന്നതെന്ന വനിതാ അംഗത്തിന്റെ പരാമർശം ഇതിനു തെളിവാണ്. പിഎസ്‌സിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ കായികക്ഷമതാ പരീക്ഷകൾ നടത്തുന്നതെന്ന യാഥാർഥ്യം അറിയാതെയായിരുന്നു അംഗത്തിന്റെ പ്രതികരണം. എന്നാൽ ചെയർമാനോ പത്രസമ്മേളനത്തിൽ പങ്കെടുത്ത മറ്റുള്ളവരോ വനിതാ അംഗത്തെ തിരുത്തിയില്ല. ഒടുവിൽ മാധ്യമപ്രവർത്തകരുടെ നിരന്തരമായ ചോദ്യങ്ങളെ തുടർന്ന് കായികക്ഷമതാ പരീക്ഷകൾ പിഎസ്‌സി തന്നെ തുടർന്നും നടത്തുമെന്ന് ചെയർമാൻ വ്യക്തമാക്കി. എന്നാൽ പരീക്ഷ സ്പോർട്സ് കൗൺസിലിനെ ഏൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർ ഇതിന് ചെയർമാനെ അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇതിനിടെയാണ് സർവകലാശാല അസിസ്റ്റന്റ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകൾ പിഎസ്‌സിയിൽ നിന്നു മാറ്റാനുള്ള നീക്കം.

പേര് ഒാൺലൈൻ പരീക്ഷ, നടത്തുന്നത്  ഒഎംആർ പരീക്ഷ
ഒാൺലൈൻ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ട് ഒഎംആർ പരീക്ഷ നടത്തി പിഎസ്‌സിയുടെ മലക്കം മറിച്ചിൽ. ഡിപ്പാർട്മെന്റൽ പരീക്ഷകൾ ഒാൺലൈനിൽ നടത്തുന്നതിന്റെ ഭാഗമായി എൻജിനീയറിങ് വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ അഭിരുചി പരീക്ഷയാണ് പ്രഖ്യാപിച്ചതിൽ നിന്നു വ്യത്യസ്തമായി നടത്തുന്നത്. മാർച്ച് ഒൻപതിനു നടത്താൻ തീരുമാനിച്ചിരിക്കുന്ന പരീക്ഷ 10,000 പേർക്ക് നടത്താനായിരുന്നു  ആദ്യം തീരുമാനം. എന്നാൽ 29,633 വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചു. രണ്ടു ബാച്ചുകളിലായി 8404 പേർക്കുമാത്രമേ എൻജിനീയറിങ് കോളജുകളിൽ ഒാൺലൈൻ പരീക്ഷ നടത്താൻ കഴിയൂ. ബാക്കി 21,229 പേരും ഒഎംആർ പരീക്ഷയാണ് എഴുതുന്നത്. പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്ക് പരിതോഷികവും ആക്ടിവിറ്റി പോയിന്റ് ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകാനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയ തസ്തികകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയാതെ വലയുന്ന പിഎസ്‌സിയാണ് തങ്ങളുടെ കർത്തവ്യത്തിൽ പെടാത്ത രീതിയിലുള്ള പരീക്ഷ നടത്തി സമയ, ധനനഷ്ടം വരുത്തിവയ്ക്കുന്നത്. 

ചെലവ് ആറു ലക്ഷത്തിലധികം
വിദ്യാർഥികൾക്ക് ഒാൺലൈൻ പരീക്ഷ നടത്തുന്നതുവഴി പിഎസ്‌സി നഷ്ടപ്പെടുത്തുന്നത് ആറു ലക്ഷത്തിലധികം രൂപ. ഒരു വിദ്യാർഥിക്ക് ഒാൺലൈൻ പരീക്ഷ നടത്താനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് എൻജിനീയറിങ് കോളജിനു നൽകേണ്ട തുക 70 രൂപയാണ്. 8404 വിദ്യാർഥികൾ ഒാൺലൈൻ പരീക്ഷ എഴുതുന്നതിന് 5,88,280 രൂപയാണ് ചെലവ്. ഇതിനു പുറമേയാണ് ഇൻവിജിലേറ്റർമാരായി നിൽക്കുന്നവർക്ക് നൽകുന്ന തുകയും പരീക്ഷാ ജോലിക്കായി നിയോഗിക്കപ്പെടുന്ന പിഎസ്‌സി ജീവനക്കാർക്കായി നൽകേണ്ട ബാറ്റയും. ഇതുകൂടാതെ 21,229വിദ്യാർഥികൾക്ക് ഒഎംആർ പരീക്ഷ നടത്തേണ്ട പാഴ്ചെലവ് വേറെ. പിഎസ്‌സി നടത്തുന്ന മറ്റു പരീക്ഷകൾക്ക് ഉപയോഗിക്കുന്ന ഉത്തരക്കടലാസ് തന്നെയാണ് ഇതിനും ഉപയോഗിക്കുക. മനദണ്ഡങ്ങൾക്ക് വിരുദ്ധമായി പിഎസ്‌സിയുടെ ഉത്തരക്കടലാസ് ഉപയോഗിച്ച് പുറത്ത് പരീക്ഷ നടത്തുന്നതിനെതിരെ ജീവനക്കാരുടെ ഭാഗത്തു നിന്ന് വ്യാപക പ്രതിഷേധമുയരുന്നുണ്ടെങ്കിലും ചെയർമാനും അംഗങ്ങളും ഇതൊന്നും കണ്ടില്ലന്നു നടിക്കുകയാണ്.  

മാധ്യമങ്ങൾക്ക് വിലക്ക്,  മുൻ ചെയർമാൻമാർക്ക് വിമർശനം
മാധ്യമ പ്രവർത്തകർക്ക് ഫോൺവഴി  ഒരു വിവരവും ഇനി  നൽകില്ലെന്ന് ചെയർമാൻ എം.കെ. സക്കീർ. പിഎസ്‌സിയെ കുറിച്ച് എന്തെങ്കിലും അറിയേണ്ടവർ ഇനി മുൻകൂട്ടി അനുവാദം വാങ്ങി നേരിട്ടെത്തണം. പിഎസ്‌സി ഒാഫിസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്. പത്രസമ്മേളനത്തിൽ പങ്കെടുത്ത വനിതാ അംഗം ഒരു പടികൂടി കടന്ന് പിഎസ്‌സിയിലെ വാർത്തകൾ ഇനി മാധ്യമ പ്രവർത്തകർ ചോർത്തുന്നത് കാണണം എന്നു വെല്ലുവിളിക്കുകയും ചെയ്തു. ഈ വെല്ലുവിളി ഏറ്റെടുത്തുതന്നെയാണ് പല മാധ്യമപ്രവർത്തകരും പത്രസമ്മേളന വേദി വിട്ടത്. പിഎസ്‌സിയുടെ മുൻ ചെയർമാൻമാരായ കെ.എസ്. രാധാകൃഷ്ണൻ, കെ.വി. സലാഹുദീൻ എന്നിവരെ ഇപ്പോഴത്തെ ചെയർമാൻ പത്രസമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചു. മാധ്യമപ്രവർത്തകരോട് ഇവർ നല്ല രീതിയിൽ ഇടപെടാറുണ്ട് എന്ന് മാധ്യമപ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടിയപ്പോൾ ഇവരെക്കുറിച്ചൊക്കെ എനിക്ക് കൃത്യമായി അറിയാമെന്നും കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ചെയർമാന്റെ മറുപടി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com