ADVERTISEMENT

കേന്ദ്ര പൊലീസ് സേനകളിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (സിഎപിഎഫ്),  ഡൽഹി പൊലീസ് തുടങ്ങിയ കേന്ദ്ര സേനാവിഭാഗങ്ങളിൽ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലും   സിഐഎസ്എഫിൽ അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലുമാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.

ഒഴിവുകളുടെ എണ്ണം പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന   Sub-Inspector in Delhi Police, CAPFs and Assistant Sub-Inspector In CISF Examination, 2019 മുഖേനയാണു പ്രാഥമിക തിരഞ്ഞെടുപ്പ്. 

രണ്ടു ഘട്ടങ്ങളായാണ് എഴുത്തുപരീക്ഷ. ഡിസംബർ 11മുതൽ 13 വരെ ഒന്നാംഘട്ട പരീക്ഷ നടക്കും. ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 16. 

ശമ്പള നിരക്ക്:

സബ് ഇൻസ്‌പെക്‌ടർ (ജി‍‍ഡി), സിഎപിഎഫ്: 35400– 112400 രൂപ. ഗ്രൂപ്പ് ബി തസ്‌തിക

സബ് ഇൻസ്‌പെക്‌ടർ (എക്സിക്യൂട്ടീവ്)– (സ്ത്രീ/പുരുഷൻ),  ഡൽഹി പൊലീസ്:  35400– 112400 രൂപ. ഗ്രൂപ്പ് സി തസ്‌തിക

അസി. സബ് ഇൻസ്‌പെക്‌ടർ (എക്സിക്യൂട്ടിവ്), സിഐഎസ്എഫ്: 29200–92300 രൂപ. ഗ്രൂപ്പ് സി തസ്തിക.

 

യോഗ്യത

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബിരുദം/തത്തുല്യം. ഡൽഹി പൊലീസിലെ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർക്ക് കായികക്ഷമതാ പരീക്ഷാ വേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും) ലൈസൻസ് ഹാജരാക്കേണ്ടി വരും. 

പ്രായം: 20–25. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും ഇളവ്  ചട്ടപ്രകാരം. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. ഇളവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഇളവുള്ള വിഭാഗങ്ങളുടെ കാറ്റഗറി കോഡിനും വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. 2020 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള എഴുത്തുപരീക്ഷ, ക കായികക്ഷമതാ പരീക്ഷ, ശാരീരകയോഗ്യത പരിശോധന,  വൈദ്യപരിശോധന എന്നിവ മുഖേന. ഡിസംബർ 11 മുതൽ 13 വരെ ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും. രണ്ടാംഘട്ട എഴുത്തുപരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. എഴുത്തുപരീക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾക്കും  സിലബസിനും വെബ്‌സൈറ്റ് കാണുക. 

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം,  കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ,  കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.  ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

ശാരീരിക യോഗ്യത : പുരുഷൻ: ഉയരം:  170 സെമീ, നെഞ്ചളവ് 80–85 സെമീ

എസ്ടി വിഭാഗക്കാർ: ഉയരം:  162.5 സെമീ, നെഞ്ചളവ് 77–82 സെമീ

സ്ത്രീ:  ഉയരം : 157 സെമീ 

എസ്ടി വിഭാഗക്കാർ: ഉയരം:  154 സെമീ 

തൂക്കം: ഉയരത്തിന് ആനുപാതികം. 

കാഴ്‌ചശക്‌തി: കണ്ണടയില്ലാതെ രണ്ടുകണ്ണുകൾക്കും 6/6, 6/9.

കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്. കൃത്യനിർവഹണത്തെ തടസപ്പെടുത്തുന്ന വൈകല്യങ്ങളൊന്നും പാടില്ല.

കായികക്ഷമതാ പരീക്ഷ(പുരുഷൻ): 

16 സെക്കന്റിൽ 100 മീറ്റർ ഓട്ടം.

6.5 മിനിറ്റിൽ 1.6 കിമീ ഓട്ടം.

ലോങ് ജംപ്: 3.65 മീറ്റർ 

ഹൈ ജംപ്:  1.2 മീറ്റർ 

ഷോട്പുട്ട് (16 Lbs): 4.5 മീറ്റർ

സ്ത്രീ:

18 സെക്കന്റിൽ 100 മീറ്റർ ഓട്ടം.

4 മിനിറ്റിൽ 800 മീ ഓട്ടം.

ലോങ് ജംപ്: 2.7 മീറ്റർ  

ഹൈ ജംപ്:  0.9 മീറ്റർ

ജംപ്, ത്രോ ഇനങ്ങളിൽ എല്ലാവർക്കും മൂന്ന് അവസരം വീതം ലഭിക്കും. വിമുക്‌തഭടൻമാർക്കു കായികക്ഷമതാ പരീക്ഷയില്ല.

അപേക്ഷാഫീസ്: 100 രൂപ.  സ്‌ത്രീകൾക്കും എസ്‌സി\ എസ്ടി വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ  വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ  ഫീസ് അടയ്‌ക്കാം.  ഒക്ടോബർ 18 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ  ഒക്ടോബർ 18നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി  വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.

അപേക്ഷിക്കുന്ന വിധം:  www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി  ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കാം.  അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.  റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും. വിജയകരമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഒൗട്ട് എടുക്കണം. 

വിശദവിവരങ്ങൾക്ക്: www.ssc.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com