ഗ്രാമീൺ ബാങ്കുകളിൽ 10,470 ഒഴിവ്

Gramin-Bank
SHARE

രാജ്യത്തെ 43 റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ (ഗ്രൂപ്പ് എ), ഓഫിസ് അസിസ്‌റ്റന്റ്– മൾട്ടിപർപ്പസ് (ഗ്രൂപ്പ് ബി) തസ്‌തികകളിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ നടത്തുന്ന ഓൺലൈൻ പൊതു പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. ഓൺലൈൻ മുഖേന അപേക്ഷിക്കണം. ജൂലൈ 21 വരെ അപേക്ഷ സ്വീകരിക്കും. 

വിവിധ തസ്തികകളിലായി 10,470 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ വ്യത്യാസം വരാം. ഓഫിസ് അസിസ്‌റ്റന്റ്– മൾട്ടിപർപ്പസ് തസ്തികയിൽ 5328  ഒഴിവുകളും ഓഫിസർ സ്കെയിൽ –1 തസ്തികയിൽ 3928 ഒഴിവുകളുമാണുള്ളത്. ഓഫിസർ സ്കെയിൽ–2 വിഭാഗത്തിൽ 1055 ഒഴിവുകളും ഓഫിസർ സ്കെയിൽ–3 വിഭാഗത്തിൽ 159 ഒഴിവുകളുമുണ്ട്.  കേരളാ ഗ്രാമീൺ ബാങ്കിൽ നിലവിൽ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തസ്തിക, ബാങ്ക്, സംവരണം തിരിച്ചുള്ള ഒഴിവുവിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

പരീക്ഷാരീതിയും തിരഞ്ഞെടുപ്പും: ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയിൽ (സിഡബ്ല്യുഇ)  നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും ഗ്രാമീൺ ബാങ്കുകളിലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷകളിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് കോമൺ ഇന്റർവ്യൂവുമുണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്– മൾട്ടിപർപ്പസ് തസ്തികയ്ക്ക് ഇന്റർവ്യൂ ഇല്ല). പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്റ് തുടങ്ങി ഒരു വർഷം ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ബാങ്കിൽ നിലവിലുള്ള ഒഴിവുകളുടെ അടിസ്‌ഥാനത്തിലാകും അലോട്മെന്റ്. 

തിരഞ്ഞെടുപ്പ് നടത്തുന്ന തസ്‌തികകൾ: 

ഓഫിസ് അസിസ്‌റ്റന്റ്– മൾട്ടിപർപ്പസ് 

ഓഫിസർ സ്‌കെയിൽ –1 (അസിസ്റ്റന്റ് മാനേജർ)

ഓഫിസർ സ്‌കെയിൽ –2 (ജനറൽ ബാങ്കിങ് ഓഫിസർ – മാനേജർ)

ഓഫിസർ സ്‌കെയിൽ –2 (സ്‌പെഷലിസ്‌റ്റ് ഓഫിസർ– മാനേജർ)

ഓഫിസർ സ്‌കെയിൽ –3 (സീനിയർ മാനേജർ)

മേൽപ്പറഞ്ഞവയിൽ ഓഫിസ് അസിസ്‌റ്റന്റ്– മൾട്ടിപർപ്പസ്, ഓഫിസർ സ്‌കെയിൽ –1 ഒഴികെയുള്ള തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നതിനു നിർദിഷ്‌ട വിദ്യാഭ്യാസയോഗ്യതയ്‌ക്കു പുറമേ ജോലിപരിചയവും ആവശ്യമാണ്. 

യോഗ്യത : 

ഓഫിസ് അസിസ്‌റ്റന്റ്– മൾട്ടിപർപ്പസ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം. പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (അപേക്ഷിക്കുന്ന റീജനൽ റൂറൽ ബാങ്ക് സ്‌ഥിതി ചെയ്യുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക ഭാഷയിൽ പ്രാവീണ്യം വേണം). 

ഓഫിസർ സ്‌കെയിൽ –1 (അസിസ്റ്റന്റ് മാനേജർ): ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം. പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (അപേക്ഷിക്കുന്ന റീജനൽ റൂറൽ ബാങ്ക് സ്‌ഥിതി ചെയ്യുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക ഭാഷയിൽ പ്രാവീണ്യം വേണം). 

അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ അനിമൽ ഹസ്‌ബൻഡറി/ വെറ്ററിനറി സയൻസ്/ ഫോറസ്‌ട്രി/ അഗ്രികൾചർ എൻജിനീയറിങ്/ പിസികൾച്ചർ/ അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ/ ഇൻഫർമേഷൻ ടെക്‌നോളജി/ മാനേജ്‌മെന്റ്/ ലോ/ ഇക്കണോമിക്‌സ്/ അക്കൗണ്ടൻസി എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്ക് മുൻഗണന.

ഓഫിസർ സ്‌കെയിൽ –2 (ജനറൽ ബാങ്കിങ് ഓഫിസർ): കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം. ബാങ്ക്/ ധനകാര്യ സ്‌ഥാപനത്തിൽ ഓഫിസർ ആയി രണ്ടു വർഷം ജോലിപരിചയം വേണം. 

ബാങ്കിങ്/ഫിനാൻസ്/ മാർക്കറ്റിങ്/അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾച്ചർ എൻജിനീയറിങ്/പിസികൾച്ചർ/അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ ഇൻഫർമേഷൻ ടെക്‌നോളജി/ മാനേജ്‌മെന്റ്/ ലോ/ ഇക്കണോമിക്‌സ്/ അക്കൗണ്ടൻസി എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്ക് മുൻഗണന.

ഓഫിസർ സ്‌കെയിൽ –2 സ്‌പെഷലിസ്‌റ്റ് ഓഫിസർ (മാനേജർ):

ഇൻഫർമേഷൻ ടെക്‌നോളജി ഓഫിസർ: ഇലക്‌ട്രോണിക്‌സ്/കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ബിരുദം. ASP, PHP, C++, Java, VB, VC, OCP തുടങ്ങിയ സർട്ടിഫിക്കറ്റ് യോഗ്യത അഭിലഷണീയം. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം. 

ചാർട്ടേഡ് അക്കൗണ്ടന്റ്: ഐസിഎഐയുടെ സർട്ടിഫൈഡ് അസോസിയേറ്റ്‌ (സിഎ). ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ഒരു വർഷത്തെ ജോലിപരിചയം. 

ലോ ഓഫിസർ: കുറഞ്ഞത് മൊത്തം 50 % മാർക്കോടെ നിയമ ബിരുദം / തത്തുല്യം. അഡ്വക്കേറ്റ് ആയി രണ്ടു വർഷം ജോലിപരിചയം അല്ലെങ്കിൽ ബാങ്ക് , ധനകാര്യ സ്ഥാപനങ്ങളിൽ ലോ ഓഫിസറായി രണ്ടു വർഷത്തിൽ കുറയാത്ത ജോലിപരിചയം.

ട്രഷറി മാനേജർ: സിഎ/ എംബിഎ (ഫിനാൻസ്). ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം. 

മാർക്കറ്റിങ് ഓഫിസർ: മാർക്കറ്റിങ്ങിൽ എംബിഎ. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം. 

അഗ്രികൾച്ചറൽ ഓഫിസർ: അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി/ഫോറസ്‌ട്രി/അഗ്രികൾച്ചർ എൻജിനീയറിങ്/പിസികൾച്ചർ സ്‌പെഷലൈസേഷനുകളിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ബിരുദം/ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ ജോലിപരിചയം. 

ഓഫിസർ സ്‌കെയിൽ –3 (സീനിയർ മാനേജർ): കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം. ബാങ്ക്/ ധനകാര്യ സ്‌ഥാപനത്തിൽ ഓഫിസർ ആയി കുറഞ്ഞത് അഞ്ചു വർഷം ജോലിപരിചയം വേണം. ബാങ്കിങ്/ ഫിനാൻസ്/ മാർക്കറ്റിങ്/ അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ ഫോറസ്‌ട്രി/അഗ്രികൾച്ചർ എൻജിനീയറിങ്/ പിസികൾച്ചർ/ അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ ഇൻഫർമേഷൻ ടെക്‌നോളജി/ മാനേജ്‌മെന്റ്/ ലോ/ ഇക്കണോമിക്‌സ്/ അക്കൗണ്ടൻസി എന്നിവയിലൊന്നിൽ ഡിപ്ലോമ/ബിരുദമുള്ളവർക്ക് മുൻഗണന.

യോഗ്യത, ജോലിപരിചയം എന്നിവ 2020 ജൂലൈ 21 അടിസ്‌ഥാനമാക്കി കണക്കാക്കും.

ഓഫിസർ സ്‌കെയിൽ –2, സ്‌കെയിൽ –3 ഒഴികെയുള്ള തസ്‌തികകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സംസ്‌ഥാനത്തെ (ആർആർബി ഉൾപ്പെടുന്ന സംസ്‌ഥാനം) ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷകർക്കു കംപ്യൂട്ടർ പരിജ്‌ഞാനം അഭികാമ്യം.

അപേക്ഷകർക്ക്  ഓഫിസ് അസിസ്‌റ്റന്റ് തസ്‌തികയിലേക്കും ഓഫിസർ തസ്‌തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. ഓരോ തസ്‌തികയിലേക്കും വെവ്വേറെ ഫീസ് അടച്ച് പ്രത്യേകം അപേക്ഷിക്കണം. എന്നാൽ ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം (സ്‌കെയിൽ 1 / സ്‌കെയിൽ 2/ സ്‌കെയിൽ 3) അപേക്ഷിക്കുക. 

പ്രായപരിധി: 

ഓഫിസ് അസിസ്‌റ്റന്റ്– മൾട്ടിപർപ്പസ്: 18 നും 28 നും മധ്യേ. 

ഓഫിസർ സ്‌കെയിൽ –1: 18 വയസിനു മേൽ പ്രായമുള്ളവരാകണം. എന്നാൽ 30 ൽ താഴെയായിരിക്കണം.

ഓഫിസർ സ്‌കെയിൽ –2:  21 വയസിനു മേൽ പ്രായമുള്ളവരാകണം. എന്നാൽ 32 ൽ താഴെയായിരിക്കണം.

ഓഫിസർ സ്‌കെയിൽ –3:  21 വയസിനു മേൽ പ്രായമുള്ളവരാകണം. എന്നാൽ 40 ൽ താഴെയായിരിക്കണം.

പ്രായം 2020 ജൂലൈ 1 അടിസ്‌ഥാനമാക്കി കണക്കാക്കും. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

പരീക്ഷാക്രമവും കേന്ദ്രങ്ങളും:

ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ – സ്കെയിൽ –1 തസ്തികകളിലേയ്ക്ക് ഓൺലൈൻ മുഖേന പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും നടത്തും. സെപ്റ്റംബർ/ ഒക്ടോബറിലാകും പ്രിലിമിനറി പരീക്ഷ. കേരളത്തിൽ ആദ്യഘട്ട പരീക്ഷയ്ക്ക് കേന്ദ്രങ്ങളില്ല. മെയിൻ പരീക്ഷയ്ക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണു കേന്ദ്രം. മെയിൻ പരീക്ഷ ഒക്ടോബർ/ നവംബറിൽ നടത്തും. ഓഫിസർ തസ്തികകളിലേയ്ക്ക് അഭിമുഖവുമുണ്ട്. ഒക്ടോബർ/നവംബറിലാകും അഭിമുഖം. ജനുവരിയി‍ൽ പ്രൊവിഷനൽ അലോട്ട്മെന്റ് നടത്തും.  റീസണിങ്, ന്യൂമറിക്കൽ എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 40 വീതം ചോദ്യങ്ങളുൾപ്പെടുന്ന 45 മിനിട്ട് ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷയാണ് ഓഫിസ് അസിസ്റ്റന്റ് തസ്തികയുടേത്. ഓഫിസർ സ്കെയിൽ–1 തസ്തികയിലേയ്ക്ക് റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് വിഷയങ്ങളിൽ നിന്നുള്ള  40 വീതം ചോദ്യങ്ങളുൾപ്പെടുന്ന 45 മിനിട്ട് ദൈർഘ്യമുള്ള പരീക്ഷ നടത്തും. ഒബ്ജെക്ടീവ് മാതൃകയിലാകും പരീക്ഷ. മെയിൻ പരീക്ഷ ഉൾപ്പെടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വ്യവസ്‌ഥകൾക്കും സംസ്‌ഥാനം തിരിച്ചുള്ള പരീക്ഷാകേന്ദ്രങ്ങൾക്കും വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. പരീക്ഷയ്‌ക്കു നെഗറ്റീവ് മാർക്ക് ഉണ്ട്. പരീക്ഷാക്രമവും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 

അപേക്ഷാ ഫീസ്: 

ഓഫിസർ (സ്‌കെയിൽ–1, 2, 3): 850 രൂപ (പട്ടികവിഭാഗം, വികലാംഗർക്ക് 175 രൂപ)

ഓഫിസ് അസിസ്‌റ്റന്റ് (മൾട്ടിപർപ്പസ്): 850  രൂപ (പട്ടികവിഭാഗം, വികലാംഗർ, വിമുക്‌തഭടൻമാർക്ക് 175 രൂപ).

ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസടച്ചതിനു ശേഷം ഇ–രസീത് പ്രിന്റെടുക്കണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപു  വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ ശ്രദ്ധിക്കുക. ഈ നിർദേശങ്ങളനുസരിച്ചു മാത്രം ഫീസ് അടയ്‌ക്കുക.

ഓൺലൈൻ അപേക്ഷ:

www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. ഓൺലൈൻ റജിസ്‌ട്രേഷൻ സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA