Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തിലേക്കു ബോംബെറിഞ്ഞ ഖുദിറാം ബോസ്

Khudiram-Bose

ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ കൊടിയ ക്രൂരതകൾക്കെതിരെ ഇന്ത്യയിൽ നിന്ന് ആദ്യമായി ബോംബ് എറിഞ്ഞത് ഒരു കൗമാരക്കാരനായിരുന്നു. നാടിന്റെ ഹതഭാഗ്യമോർത്ത് വിലപിച്ചിരിക്കാതെ വിപ്ലവത്തിന്റെ പോരാട്ടവഴിയിലേക്ക് ഇറങ്ങിയ ഖുദിറാം ബോസായിരുന്നു അത്. ബ്രിട്ടിഷുകാർ തൂക്കിലേറ്റുമ്പോൾ 19 വയസ്സു തികഞ്ഞിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്രൃസമരത്തിലെ ഏറ്റവും തീവ്രമായ അധ്യായങ്ങളിലൊന്നാണ് ഖുദിറാമിന്റെ ജീവിതവും രക്‌തസാക്ഷിത്വവും. ബംഗാളിലെ മിഡ്‌നാപ്പൂർ ജില്ലയിലെ ഹബീബ്‌പൂരിൽ, തഹസിൽദാറായിരുന്ന ത്രൈലോകനാഥ് ബോസിന്റെയും ലക്ഷ്‌മിപ്രിയാ ദേവിയുടെയും മകനായി 1889 ഡിസംബർ മൂന്നിനാണ് ഖുദിറാം ജനിച്ചത്. ആറാം വയസ്സിൽ അമ്മയെയും വൈകാതെ അച്‌ഛനെയും നഷ്‌ടപ്പെട്ട കുട്ടിക്ക് ചേച്ചിയായ അപരൂപയും ഭർത്താവ് അമൃത്‌ലാലുമാണ് തുണയായത്. അവർക്കൊപ്പമാണ് പിന്നെ ഖുദിറാം ജീവിച്ചത്. 

ബ്രിട്ടിഷ് ഭരണത്തിനെതിരെ തെരുവീഥികളിൽ ഉയർന്ന മുദ്രാവാക്യങ്ങൾ ഖുദിറാമിന്റെ മനസ്സിലും അലയടിച്ചു. ബംഗാൾ വിഭജനത്തെ തുടർന്ന് ജനങ്ങളിൽ രോഷം ഇരമ്പിമറിയുകയായിരുന്നു. പലതരത്തിലുള്ള പ്രക്ഷോഭങ്ങൾ നാടെമ്പാടും നടക്കുന്നുണ്ടായിരുന്നു. ക്ലാസിലിരിക്കുമ്പോഴും ഖുദിറാമെന്ന കുട്ടിയുടെ മനസ്സ് സമരപോരാളികൾക്കൊപ്പമായിരുന്നു. ബ്രിട്ടിഷുകാരെ കെട്ടുകെട്ടിക്കാതെ നാടിനു രക്ഷയില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. അക്കാലത്താണ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠ്’ എന്ന നോവൽ വായിച്ചത്. അതോടെ ജൻമനാടിന്റെ സ്വാതന്ത്രൃത്തിനായി സ്വയം സമർപ്പിക്കാൻ തീരുമാനിച്ചു. യുഗാന്തർ പോലുള്ള വിപ്ലവപ്രസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ടു. ആയുധങ്ങൾ പ്രയോഗിക്കാൻ പരിശീലനം നേടി. ജനം കൂടുന്നിടത്തെല്ലാം ബ്രിട്ടിഷുകാർക്കെതിരായ ലഘുലേഖകൾ വിതരണം ചെയ്‌തു. അരബിന്ദോയുടെയും സിസ്‌റ്റർ നിവേദിതയുടെയും പ്രഭാഷണങ്ങൾ പ്രചോദനമായി.

കൽക്കട്ട ചീഫ് പ്രസിഡൻസി മജിസ്‌ട്രേട്ടായിരുന്ന കിങ്‌സ്‌ഫോർഡ് ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെയും വിവേചനത്തിന്റെയും പേരിൽ കുപ്രശസ്‌തനായിരുന്നു. ഭൂപേന്ദ്രനാഥ് ദത്തയെയും യുഗാന്തറിന്റെ മറ്റു പത്രാധിപൻമാരെയും കഠിനതടവിനു ശിക്ഷിച്ചത് കിങ്‌സ്‌ഫോർഡായിരുന്നു. അരബിന്ദോയുടെ പത്രാധിപത്യത്തിലിറങ്ങിയ ‘വന്ദേമാതര’ത്തിനു മേൽ രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ടു. വിചാരണ നടക്കുമ്പോൾ കോടതിക്കു പുറത്തു തടിച്ചുകൂടിയ യുവാക്കൾ മർദനത്തിന് ഇരയായി. ഇതു ചോദ്യം ചെയ്‌ത സുശീൽകുമാർ എന്ന പതിനഞ്ചുകാരനെ കെട്ടിയിട്ട് അടിക്കാൻ കിങ്‌സ്‌ഫോർഡ് ഉത്തരവിട്ടു. ഇതെല്ലാം ജനങ്ങളിൽ പ്രതിഷേധമുയർത്തി. മുസഫർപൂരിലേക്കു സ്‌ഥലം മാറിയിട്ടും ഈ ഉദ്യോഗസ്‌ഥന്റെ മനോഭാവം മാറിയില്ല. അയാളെ ഇല്ലാതാക്കാൻ യുഗാന്തർ സംഘടന തീരുമാനിച്ചു. ആക്രമണത്തിന്റെ ചുമതല ഖുദിറാം ബോസിനും പ്രഫുല്ലകുമാർ ചാകിക്കുമായിരുന്നു. രണ്ടു തോക്കുകൾ, ബോംബുകൾ, പണം ഇത്രയുമായിരുന്നു അവരുടെ കൈയിൽ. 

മുസഫർപൂരിൽ എത്തിയ ഇരുവരും തിരിച്ചറിയാതിരിക്കാൻ ഹരേൻ സർക്കാർ, ദിനേശ് ചന്ദ്ര റോയി എന്നീ പേരുകൾ സ്വീകരിച്ചു. 1908 ഏപ്രിൽ 30ന് മുസഫർപൂരിൽ യൂറോപ്യൻ ക്ലബിനു പുറത്തു പതിയിരുന്ന അവർ കുതിരവണ്ടി വരുന്നതുകണ്ട് ബോംബെറിഞ്ഞു. പ്ലീഡറായ പ്രിങ്കിൾ കെന്നഡിയുടെ ഭാര്യയും മകളുമായിരുന്നു അതിൽ. ആക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടു. മറ്റൊരു കുതിരവണ്ടിയിലായിരുന്നു കിങ്‌സ്‌ഫോർഡ്. അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീടു ഖുദിറാം പിടിയിലായി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പ്രഫുല്ലകുമാർ സ്വയം നിറയൊഴിച്ചു മരിച്ചു. 

സെഷൻസ് കോടതി ഖുദിറാമിനു വധശിക്ഷയാണു വിധിച്ചത്. ചിരിതൂകി നിന്ന ഖുദിറാമിനോട് വിധി മനസ്സിലായോ എന്നു കോടതി ചോദിച്ചു. ഉവ്വെന്ന് ചിരിച്ചുകൊണ്ടു തന്നെ പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കുറച്ചു സമയം തന്നാൽ ജഡ്‌ജിയെ ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കാമെന്നായിരുന്നു മറുപടി. ഓഗസ്‌റ്റ് 11ന് ഉറച്ച ചുവടുകളോടെ, സന്തോഷത്തോടെ, ധീരനായ ആ വിപ്ലവകാരി തൂക്കുകയർ ഏറ്റുവാങ്ങി. 

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം