Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാനത്തെ ആ പെൺകുട്ടി

ചരിത്രാധ്യാപികയാവുക. അല്ലെങ്കിൽ ഗ്രാമത്തിന്റെ അതിരിൽ ചെറിയൊരു ബ്യൂട്ടി പാർലർ തുറക്കുക– അത്രയൊക്കേയെ ഉണ്ടായിരുന്നുള്ളൂ, അവളുടെ സ്വപ്നങ്ങൾ. പക്ഷേ, ഇരുപത്തിയൊന്നാം വയസിൽ, കൃത്യമായി പറഞ്ഞാൽ 2014 ഓഗസ്റ്റിൽ ആ ജീവിതം അട്ടിമറിക്കപ്പെട്ടു. വടക്കൻ ഇറാക്കിലെ സിൻജാർ പ്രവിശ്യയിലെ കോച്ചാ എന്ന ഗ്രാമത്തിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇരമ്പിക്കയറിയത് അന്നായിരുന്നു. ന്യൂനപക്ഷമായ യസീദി വിഭാഗക്കാരായ പുരുഷന്മാരെ തിരഞ്ഞുപിടിച്ച് അവർ കൊന്നൊടുക്കി. ജീവൻവെടിഞ്ഞ അറുനൂറോളം പേരിൽ അവളുടെ അമ്മയും ആറു സഹോദരന്മാരും ഉണ്ടായിരുന്നു. അവൾ ഉൾപ്പെടെ 6700 സ്ത്രീകളെ അവർ അടിമകളായി പിടിച്ചു. അവരെ ചന്തയിൽ ലേലംവിളിച്ചു.  സ്വന്തമാക്കിയവർ അവരെ തടവിലിട്ട് മതിവരുവോളം പീഡിപ്പിച്ചു. 

തീപിടിച്ച ആത്മാവുമായി അങ്ങനെ മൂന്നുമാസം. ആരും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചുപോകുന്ന നിമിഷങ്ങളിലും അവൾ ആലോചിച്ചത് ഗ്രാമത്തിലെ മറ്റുസ്ത്രീകളെക്കുറിച്ചായിരുന്നു. ഈ പീഡനം അനുഭവിക്കുന്ന അവസാനത്തെ പെൺകുട്ടി താനായിരിക്കണം എന്നവൾ ഉറപ്പിച്ചു. ആ നിമിഷം മുതൽ സ്ത്രീത്വത്തെ ചവിട്ടിത്തേയ്ക്കുന്ന ലോകത്തിനെതിരായ പോരാട്ടമായി അവളുടെ ജീവിതം. ഇരുപത്തിയഞ്ചാംവയസിൽ സമാധാനത്തിനുള്ള നൊബേൽസമ്മാനം പങ്കിടുമ്പോൾ നാദിയ മുറാദ് സമാധാന നൊബേൽ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയാകുന്നതിൽ അത്ഭുതമില്ല. അവളെപ്പോലെ ചിന്തിക്കുന്ന അധികമാരുമുണ്ടാവില്ല, ഈ ഭൂമിയിൽ.

തലമുറകളായി പീഡനമനുഭവിക്കുന്ന യസീദിവംശത്തിലാണ് നാദിയ മുറാദ് ജനിച്ചത്. ഇറാഖിലെ സിൻജാർ മലനിരകളിൽ പാർക്കുന്ന ഇവർ ക്രിസ്തുമതത്തിന്റെയും ഇസ്‌ലാം മതത്തിന്റെയും സൊരാഷ്ട്രിയ വിശ്വാസങ്ങളുടെയും കലർപ്പാണ് പിൻതുടരുന്നത് എന്നതിനാൽ പലർക്കും അനഭിമതരായി. ഐഎസ് ഭീകരരുടെ വരവോടെ കൂട്ടക്കൊല പതിവായി. നാദിയ ഉൾപ്പെടെയുള്ള സ്ത്രീകളെ ഐഎസ് ശക്തികേന്ദ്രമായ മൊസൂളിലേക്കാണ്  കൊണ്ടുപോയത്.   അവരെ തടവിൽവച്ച് ലൈംഗികമായി പിച്ചിച്ചീന്തി. ‌ഭീകരരുടെ ന്യായാധിപന്മാരിലൊരാളാണ് നാദിയയെ വിലയ്ക്കെടുത്തത്. തോന്നിയപ്പോഴൊക്കെ അയാൾ അവളെ അനുഭവിച്ചു. ചൂണ്ടയിൽ കോർത്ത ഇരയെന്നപോലെ അവളുടെ വേദന ക‌ണ്ടുരസിച്ചു.മൂന്നുമാസം നാദിയ നരകയാതന അനുഭവിച്ചു. പക്ഷേ, അടച്ചിട്ട മുറിയിൽ ജീവിതത്തെ ശപിച്ച് നിലവിളിച്ചൊതുങ്ങാൻ അവൾ തയാറല്ലായിരുന്നു. ഒരിക്കൽ ജനാലവഴി രക്ഷപ്പെടാൻ ശ്രമിച്ചതു കൈയോടെ പിടിക്കപ്പെട്ടപ്പോൾ ശിക്ഷയായി യജമാനൻ ചെയ്തത്, നാദിയയെ തന്റെ അനുയായികൾക്കു കടിച്ചുകീറാൻ എറിഞ്ഞുകൊടുക്കുകയാണ്. അവർ ആവോളം ആസ്വദിച്ചുകഴിഞ്ഞപ്പോൾ അവളെ ഒരിക്കൽക്കൂടി അടിമച്ചന്തയിൽ വിറ്റു. അങ്ങനെ പലകൈമറിഞ്ഞ് പിന്നെയും അടിമച്ചന്തയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ്, പൂട്ടാൻ മറന്ന വാതിലിലൂടെ നാദിയ  തികച്ചും നാടകീയമായി രക്ഷപ്പെട്ടത്.  അപരിചിതരായ ഒരു മുസ്ലിം കുടുംബം അവൾക്ക് അഭയം നൽകി.  അവരുടെ സഹായത്തോടെ അവൾ ഭീകരരുടെ കൈയെത്താത്ത ദുഹോക്ക് ഗ്രാമത്തിലെ അഭയാർഥി ക്യാംപിലും അവിടെനിന്ന് ജർമനിയിലുമെത്തി. ജീവിതം തിരിച്ചുകിട്ടിയെന്ന്് ഉറപ്പായ നിമിഷം, 2015 ഫെബ്രുവരിയിൽ ഒരുസംഘം മാധ്യമപ്രവർത്തകരുടെ മുമ്പിൽ അവൾ പൊട്ടിത്തെറിച്ചു. ഈ ചെറുപ്രായത്തിനുള്ളിൽ അവൾ അനുഭവിച്ച ജീവിതത്തിന്റെ തീച്ചൂടറിഞ്ഞ ലോകം നടുങ്ങി. സാംസ്കാരികലോകം ലജ്ജയോടെ തലകുനിച്ചു.  നാദിയാ മുറാദ് എന്ന മനുഷ്യാവകാശ പ്രവർത്തകയുടെ പിറവി ആ നിമിഷത്തിലായിരുന്നു. ഭീകരരുടെ തടവിൽ അവശേഷിക്കുന്ന ആയിരങ്ങളുടെ മോചനത്തിന് അങ്ങനെ അവൾ കാരണമായി. ഇപ്പോൾ, ഇരുപത്തിയഞ്ചു തികയുംമുൻപേ, സമാധാനത്തിനുള്ള നൊബേൽ സമ്മാനം സ്വന്തമാക്കിയതോടെ ആ ജീവിതം അർഥവത്തായൊരു തിരിവിലേക്കെത്തുന്നു. വക്ലാവ് ഹാവേൽ പുരസ്കാരത്തിനും സഖറോവ് പുരസ്കാരത്തിനും പിന്നാലെയുള്ള തുടർച്ചയിലേക്കും. ഐസിസ് ഭീകരർ ലൈംഗികാതിക്രമത്തിനും സ്ത്രീകളെ കടത്തുന്നതിനും കൂട്ടുനില്‍ക്കുന്നു എന്നത് ലോകത്തിനു പുതിയൊരറിവായിരുന്നു. യുഎൻ സുരക്ഷാ കൗൺസിലിനുമുന്നിലും മറ്റും നാദിയാ മുറാദിന് തടവറയിൽ താൻ അനുഭവിച്ച പീഡനങ്ങൾ പലതവണ ഏറ്റുപറയേണ്ടിവന്നു. നിർബന്ധിത മതപരിവർത്തനം, ഭീകരനുമായുള്ള നിർബന്ധവിവാഹം, നിരന്തരമായ അപമാനം, നിന്നുതിരിയാനിടമില്ലാത്ത കണ്ടെയ്നറിൽ ശ്വാസംമുട്ടിയ ജീവിതം, സിഗരറ്റ് പൊള്ളിച്ച് ഉടൽ കരിച്ച പുരുഷവിനോദങ്ങൾ...അങ്ങനെ ഒരുപാടുകാര്യങ്ങൾ.  

പ്രശസ്ത അഭിഭാഷക  അമാൽ ക്ലൂണി ഉൾപ്പെടെയുള്ളവർ യസീദികൾക്കായി രംഗത്തുവന്നതോടെ നാദിയയുടെ ശബ്ദം കൂടുതൽ പേരിലേക്കെത്തി. ലോകത്ത് ഇനിയൊരു പെണ്ണും ഈ ക്രൂരതയ്ക്ക് ഇരയാകരുതെന്ന് ഉറപ്പിച്ച നാദിയ മനുഷ്യക്കടത്തിനെതിരെയുള്ള യുഎൻ പ്രചാരണത്തിന്റെ ഗുഡ്‍വിൽ അംബാസഡറാറായി.  ഏതെല്ലാം വേദികളിൽ ഇത് അവതരിപ്പിക്കാമോ അവിടെമെല്ലാം അവൾ അവസരമാക്കി. വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദർശിച്ചുപോലും അവൾ തന്റെ പോരാട്ടത്തിന് സഹായംതേടി. ‍ ഓരോ ദിവസവും തേടിയെത്തിയ ഭീഷണികളെ വകവച്ചതേയില്ല. എന്നുമാത്രമല്ല, തന്റെ പൊള്ളുന്ന ജീവിതം ‘അവസാനത്തെ പെൺകുട്ടി: എന്റെ ബന്ദിജീവിതത്തിന്റെയും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന്റെയും കഥ’ ( The Last Girl: My Story of Captivity, and My Fight Against the Islamic State,) എന്ന പേരിൽ പുസ്തകമാക്കുകയും ചെയ്തു. ലോകം അടക്കിപ്പിടിച്ച തേങ്ങലോടെ അതു വായിച്ചു. നാദിയയുടെ പോരാട്ടം തീരുന്നില്ല. തടവിലാക്കപ്പെട്ട അവസാനത്തെ യസീദി സ്ത്രീയുടെയും മോചനംവരെ താൻ പൊരുതുമെന്ന് അവൾ ആണയിടുന്നു. ‘‘യസീദി സമുദായം അംഗീകരിക്കപ്പെടുകയും  കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതുവരെ ഞാൻ എന്റെ ജീവിതത്തിലേക്കു മടങ്ങില്ല; അതിന് എത്രകാലം വേണ്ടിവന്നാലും’’–നാദിയ തീർത്തുപറയുന്നു.

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം