വിദേശപഠനം കൊണ്ടുള്ള 8 പ്രധാന നേട്ടങ്ങൾ; അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
Mail This Article
ജ്ഞാനാന്വേഷണത്തിനുവേണ്ടി പാശ്ചാത്യ ലോകത്തേക്കുള്ള യാത്രകൾ ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. വിദേശരാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. ഗാന്ധിജിയും നെഹ്റുവുമൊക്കെ വിദേശ വിദ്യാഭ്യാസം നേടിയവരാണ്. കൊളോണിയൽ യുഗത്തിൽ ഇന്ത്യയിലെ പഠനസൗകര്യങ്ങൾ തുലോം പരിമിതമായിരുന്നുവല്ലോ. 1857ൽ ആണ് കൽക്കട്ട യൂണിവേഴ്സിറ്റിയും മദ്രാസ് യൂണിവേഴ്സിറ്റിയും ബോംബെ യൂണിവേഴ്സിറ്റിയും സ്ഥാപിക്കപ്പെടുന്നത്. 10–ാം നൂറ്റാണ്ടിലും 12–ാം നൂറ്റാണ്ടിലുമായി സ്ഥാപിക്കപ്പെട്ട ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകളുമായി ഇവയെ താരതമ്യം ചെയ്യാനാവില്ലല്ലോ. ഗുണനിലവാരത്തിലും അധ്യാപനസങ്കേതങ്ങളിലും നമ്മുടെ സർവകലാശാലകൾ വിദേശ സർവകലാശാലകളോട് മത്സരിക്കാനാവുന്ന സ്ഥിതിയിലല്ല. അതുകൊണ്ട് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഈ പ്രവാഹം തുടരുക തന്നെ ചെയ്യും. എല്ലാ വർഷവും സെപ്റ്റംബർ മാസം മുതൽ മക്കളെ വിദേശത്തേയയ്ക്കാനെത്തുന്ന മാതാപിതാക്കൾ വിമാനത്താവളങ്ങളിൽ നിറഞ്ഞു കവിയും.
വിദേശപഠനം: നേട്ടങ്ങൾ
വിദേശപഠനം കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ സംക്ഷിപ്തമായി പ്രതിപാദിക്കാം.
∙ മികച്ച നിലവാരമുള്ള വിദ്യാഭ്യാസം
∙ ഉയർന്ന തൊഴിൽ സാധ്യതകൾ
∙ പുതിയ ജീവിത രീതികൾ, സംസ്കാരം എന്നിവയുമായി പരിചയപ്പെടാനുള്ള അവസരം
∙ വിദേശഭാഷകൾ പഠിക്കാനുള്ള അവസരം
∙ വ്യക്തിത്വ വികസനം
∙ പുതിയ ജീവിതാനുഭവങ്ങൾ
∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സുഹൃത്തുക്കളെ നേടൽ
∙ പുതിയ കാഴ്ചപ്പാടുകൾ.
വിദേശ പഠനത്തിന് അപേക്ഷിക്കുമ്പോൾ
ചേരാനാഗ്രഹിക്കുന്ന യൂണിവേഴ്സിറ്റിയുടെയോ സ്ഥാപനത്തിന്റെയോ നിലവാരവും അംഗീകാരവും നേരത്തേ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഭാഷ, കാലാവസ്ഥ, സുരക്ഷിതത്വം, ജീവിതച്ചെലവുകൾ എന്നിവ പരിഗണിക്കണം. ചേരാനാഗ്രഹിക്കുന്ന യൂണിവേഴ്സിറ്റികളുടെ അംഗീകാരത്തെക്കുറിച്ചറിയാൻ കേരളത്തിലെ സർവകലാശാലകളിലെ പബ്ലിക് റിലേഷൻസ് വകുപ്പുകൾ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ എന്നിവയുമായി ബന്ധപ്പെടാം. നിങ്ങളുടെ യോഗ്യതകൾ നിങ്ങൾ ചേരാനാഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി അംഗീകരിക്കുമോ, പഠനച്ചെലവ് എത്രയായിരിക്കും, എന്തെല്ലാം യാത്രാരേഖകൾ വേണ്ടിവരും എന്നിവ നേരത്തേ മനസ്സിലാക്കണം. വിദേശപഠനത്തിനു തിരഞ്ഞെടുക്കുന്ന രാജ്യത്തെ ജീവിതരീതി, സംസ്കാരം എന്നിവയെക്കുറിച്ചു മുന്നറിവു നേടണം. ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരിക്കുന്നത് അഭികാമ്യം. വേണ്ടത്ര ശാരീരികക്ഷമതയുണ്ടെന്നു വൈദ്യപരിശോധന നടത്തി ഉറപ്പുവരുത്തണം. യാത്ര പുറപ്പെടും മുൻപ് ആ രാജ്യത്തെ ഇന്ത്യൻ എംബസിയുടെ വിശദാംശങ്ങൾ മനസ്സിലാക്കി വയ്ക്കണം. അത്യാവശ്യ ഘട്ടത്തിൽ ബന്ധപ്പെടേണ്ട വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ അഡ്രസ്സും ടെലിഫോൺ നമ്പറും ശേഖരിക്കണം. പുതിയ രാജ്യത്തെ മതം, നിയമസംവിധാനങ്ങൾ, ഉപചാരരീതികൾ എന്നിവയെക്കുറിച്ചും വേണ്ടത്ര അറിവു നേടുകയും വേണം.