ഐഐടികളൊക്കെ ഉണ്ടായിട്ടും എന്തു കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്കു പോകുന്നു?

Mail This Article
ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പോലുള്ള മികവിന്റെ കേന്ദ്രങ്ങളൊക്കെ ഉണ്ടായിട്ടും ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ പലരും എന്തു കൊണ്ടാകും വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി ചേക്കേറുന്നത്? കാരണങ്ങള്‍ പലതാണ്. ഇതില്‍ ഏറ്റവും മുഖ്യമായത് ഐഐടികളിലൊക്കെ പ്രവേശനം ലഭിക്കാനുള്ള കടുത്ത മത്സരമാണ്. ഐഐടി പോലുള്ള മുന്‍നിര സ്ഥാപനങ്ങളിലെ ഏതാണ്ട് 13,000 സീറ്റുകള്‍ക്കായി ഓരോ വര്‍ഷവും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ) അഡ്വാന്‍സ്‌ഡ് എഴുതുന്നത് 15 ലക്ഷത്തോളം പേരാണ്. നന്നായി പഠിക്കുന്ന വിദ്യാര്‍ഥികളില്‍ പോലും ചുരുങ്ങിയ ശതമാനത്തിനുമാത്രമേ ഐഐടികളില്‍ പ്രവേശനം ഉറപ്പാക്കാന്‍ സാധിക്കൂ. ഇനി പ്രവേശനം ലഭിക്കുന്നവര്‍ക്കു പോലും തങ്ങളുടെ റാങ്കിന്റെ വ്യത്യാസം കാരണം പലപ്പോഴും ഇഷ്ടപ്പെട്ട സ്ഥാപനമോ കോഴ്‌സോ ലഭിച്ചെന്നു വരില്ല. പിന്നെ കിട്ടുന്നത് തിരഞ്ഞെടുക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടാകൂ. നേരെ മറിച്ച് വിദേശത്തേക്കു പഠനത്തിനായി പോകുമ്പോള്‍ ഇഷ്ടപ്പെട്ട കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ സാധിക്കാറുണ്ട്.
ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറ്റൊരു പ്രശ്‌നം കോഴ്‌സ് ഘടനയിലെ വഴക്കമില്ലായ്‌മയാണ്. ഉദാഹരണത്തിന്, ഐഐടികളില്‍ പലപ്പോഴും പിന്തുടരുന്നത് എന്‍ജിനീയറിങ്ങിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പഠനക്രമമാണ്. സാങ്കേതിക മേഖലയ്‌ക്ക് പുറത്തുള്ള പഠനത്തിനുള്ള സാധ്യതകള്‍ ഇവിടെ വിരളമാണ്. എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നത് വിശാലവും കൂടുതല്‍ വൈവിധ്യപൂര്‍ണമായതുമായ പഠന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠ്യക്രമമാണ്. ഇതും വിദേശത്ത് എളുപ്പം ലഭിക്കുന്നു. അമേരിക്കയിലും യുകെയിലുമൊക്കെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അത്യാധുനിക ഗവേഷണ സംവിധാനങ്ങളും ലോകപ്രശസ്‌ത അധ്യാപകരുമൊക്കെയാണ് മറ്റൊരു ആകര്‍ഷണം. ഇന്ത്യയിലെ ദൃഢമായ വിദ്യാഭ്യാസ ചട്ടക്കൂട് പലപ്പോഴും ഓര്‍മശക്തിക്കും പരീക്ഷകളിലെ പ്രകടനത്തിനും മാത്രം പ്രാധാന്യം നല്‍കുന്നു എന്നും പ്രായോഗിക പരിശീലനത്തിനും പ്രശ്‌നപരിഹാരശേഷികള്‍ക്കും ഊന്നല്‍ നല്‍കാറില്ലെന്നും വിമര്‍ശനമുണ്ട്.
ഇതിനെല്ലാം പുറമേ വിദേശത്തെ ഉയര്‍ന്ന ജീവിതനിലവാരവും പല വിദ്യാര്‍ഥികളെയും അങ്ങോട്ട് ആകര്‍ഷിക്കുന്നു. പഠനം കഴിഞ്ഞ് ആ രാജ്യങ്ങളില്‍ തന്നെ ജോലി നേടി സ്ഥിരതാമസമാക്കാനാണ് ഭൂരിപക്ഷം വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നത്. മികച്ച കരിയര്‍ സാധ്യതകള്‍, പുതിയ ആശയങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരം എന്നിങ്ങനെ വിദേശപഠനം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഒട്ടേറെയാണ്.
വിദേശ പഠനാവസരങ്ങളും കരിയര്‍ സാധ്യതകളും അറിയാം