മികച്ച ശമ്പളത്തിനൊപ്പം കൂട്ടാം മനഃസമാധാനവും, ഫിൻലൻഡ് വിളിക്കുന്നു

Mail This Article
തുടർച്ചയായ എട്ടാം വർഷവും ഫിൻലൻഡ് ആണ് ആഗോള സന്തോഷസൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. നോർഡിക് രാജ്യങ്ങളെന്ന് അറിയപ്പെടുന്ന ഡെൻമാർക്ക് (2), ഐസ്‌ലൻഡ് (3), സ്വീഡൻ (4), നോർവേ (7) എന്നിവയെല്ലാം മുൻനിരയിലുണ്ട്. വടക്കൻ യൂറോപ്യൻ രാജ്യമാണ് ഫിൻലൻഡ്. ഫിന്നിഷും സ്വീഡിഷുമാണ് ഫിൻലൻഡിലെ ഔദ്യോഗിക ഭാഷകൾ. ഹെൽസിങ്കിയാണ് തലസ്ഥാനം. ഉറപ്പായ മിനിമം വേജും മറ്റ് അനേകം ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുന്നതിനാല്‍ ജനങ്ങള്‍ അത്യധികം സന്തോഷത്തോടെ ജീവിച്ചുവരുന്നു. ഇവിടത്തെ ജനങ്ങളുടെ ഉയര്‍ന്ന ആളോഹരി വരുമാനവും സന്തോഷത്തിന്റെ മറ്റൊരു കാരണമാണ്. ഇത്തരമൊരു ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണ് ഈ രാജ്യങ്ങളിലെ പഠനം. നിത്യജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ കുട്ടികളെ സ്വയം പര്യാപ്തരാക്കാനും സ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി മാനസികമായി തയാറാക്കാനുമാണ് നഴ്സറി സ്കൂളുകൾ ഊന്നൽ നൽകുന്നത്.
സർവകലാശാലകളിൽ തദ്ദേശീയർക്ക് പഠനം സൗജന്യമാണെങ്കിലും വിദേശ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീ നൽകണമെങ്കിലും സ്കോളർഷിപ്പുകളിലൂടെ അധികഭാരമില്ലാതെ പഠിക്കാൻ അവസരമുണ്ട്. ആദ്യവർഷം തന്നെ ലഭ്യമാകുന്ന ഏർലി ബേർഡ് സ്കോളർഷിപ്പുകൾ സമർഥരായി വിദ്യാർഥികളെ കാത്തിരിക്കുന്നു. ഒന്നാം വർഷത്ത പഠനമികവിന് അനുസരിച്ച് രണ്ടാം വർഷവും മൂന്നാം വർഷവും തുടർച്ചയായി സ്കോളർഷിപ്പുകൾ നേടാൻ അവസരം ലഭിക്കുന്നത് ഫലത്തിൽ ട്യൂഷൻ ഫീയിനത്തിൽ വലിയൊരു തുക ലാഭിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു.

നോക്കിയയുടെ ജന്മസ്ഥലമായിട്ടാണ് ഫിൻലൻഡ് അറിയുന്നത്. ആപ്പിളിന്റെയും സാംസങ്ങിന്റെയും സുവര്‍ണകാലത്തിന് മുൻപ് മൊബൈല്‍ ലോകം ഫിൻലൻഡില്‍നിന്നുള്ള നോക്കിയയാണ് അടക്കി ഭരിച്ചിരുന്നത്. ഇക്കാരണത്താൽ തന്നെ സമ്പദ്‌വ്യവസ്ഥയിൽ സാങ്കതികവിദ്യയ്ക്ക് മുന്തിയ പരിഗണന നൽകുന്നത് െഎടി പ്രഫഷനുകൾക്ക് മികച്ച അവസരമൊരുക്കുന്നു. മാനുഫാക്ചറിങ്, ബാങ്കിങ്, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ അനുദിനം വളരുന്ന സമ്പദ്‌വ്യവസ്ഥ മികച്ച തൊഴിലവസരങ്ങളൊരുക്കുന്നു. 2050–ഒാടെ ക്ലീന്‍ എനർജി എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാജ്യത്ത് റിന്യൂവബിൾ എനർജി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച കരിയർ അവസരങ്ങളൊരുക്കുന്നു.
പഠനത്തോടൊപ്പം പാർട്‌ടൈം ജോലിയുടെ കാര്യത്തിൽ ഉദാരമായ സമീപനമാണ് ഫിൻലൻഡിലേത്. വിദേശത്തുനിന്നും പഠിക്കാനെത്തുന്ന വിദ്യാർഥികൾക്ക് ആഴ്ചയിൽ മുപ്പതു മണിക്കൂർ പാർട്‌ടൈം ജോലി ചെയ്യാൻ സാധിക്കും. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് രണ്ടു വർഷം കാലാവധിയിൽ ജോബ് സീക്കർ വിസയോടെ രാജ്യത്ത് തുടരാം. ജോലി നേടാൻ ഫിന്നിഷ് ഭാഷയിലെ പ്രാവീണ്യം അനിവാര്യമാണ്. വൈവിധ്യമാർന്ന ബാച്ചിലേഴ്സ് – മാസ്റ്റേഴ്സ് കോഴ്സുകളാണ് വിദേശവിദ്യാർഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ് കോഴ്സുകളിൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻവയൺമെന്റ് എന്നിവയും ബിസിനസ് കോഴ്സുകളിൽ ഒൻട്രപ്രനർഷിപ്, ഇക്കണോമിക്സ്, ഫിനാൻസ്, അക്കൗണ്ടിങ് തൊഴിൽ അവസരങ്ങളൊരുക്കുന്നു. ഡിസൈൻ രംഗത്തും വൈവിധ്യമാർന്ന കോഴ്സുകൾ യൂണിവേഴ്സിറ്റികൾ ഒരുക്കുന്നു. ഡിസൈനുമായി ബന്ധപ്പെട്ട് ഗെയിം, ഒാട്ടമൊബീൽ, െഎടി, ആർട്ട്, ഫർണീച്ചർ, ആർക്കിടെക്ചർ, സിനിമ, ടെലിവിഷൻ എന്നീ മേഖലകളിലും മികച്ച കോഴ്സുകൾ പഠിക്കാം.
നഴ്സിങ് രംഗത്ത് നൂതന ബാച്ചിലേഴ്സ് കോഴ്സുകളുമായി വിവിധ സർവകലാശാലകൾ അവസരമൊരുക്കുന്നു. ഇംഗ്ലിഷ് ഭാഷ മാധ്യമമായി പഠിപ്പിക്കുന്ന നഴ്സിങ് കോഴ്സുകളിലെ പാഠ്യപദ്ധതിയിൽ ഫിന്നിഷ് ഭാഷയും ഉൾപ്പെടുത്തിയിരിക്കുന്നു. പഠനം പൂർത്തീകരിക്കുമ്പോൾ നഴ്സിങ് റജിസ്ട്രേഷൻ വളരെ എളുപ്പമാകുന്നു. ഫിന്നിഷ് നഴ്സിങ് റജിസ്ട്രേഷൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സാധുതയുള്ളതുകൊണ്ട് തൊഴിൽ നേടാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. വിദ്യാഭ്യാസ മേഖയ്ക്ക് മുന്തിയ പരിഗണന നൽകുന്നതുകൊണ്ട് അധ്യാപനരംഗത്തും ഗവേഷണരംഗത്തും അവസരങ്ങളുണ്ട്.

നോർഡിക് രാജ്യങ്ങളിൽ തന്നെ മൂന്നു വർഷ ബാച്ചിലേഴ്സ് കോഴ്സ് കഴിഞ്ഞവരെ അംഗീകരിക്കുന്ന രാജ്യമാണ് ഫിൻലൻഡ്. യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പങ്കാളിയെയും ആശ്രിതരെയും കുട്ടികളെയും ഒപ്പം കൂട്ടാൻ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായതിനാൽ കുടുംബമായി മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മറ്റേത് രാജ്യത്തെക്കാളും ഫിൻലൻഡിനു പരിഗണന നൽകാം. പഠനത്തിനായി കുടുംബമായി ഒരുമിച്ചെത്തുന്നവരുടെ പങ്കാളികൾക്ക് സർവകലാശാലകളും സർക്കാരും ബോധവൽക്കരണ കോഴ്സുകൾ ഒരുക്കുന്നത് ഫിൻലൻഡിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ തെളിവാണ്.
ഫിൻലൻഡിലെ സൗജന്യ പഠന അവസരങ്ങളെക്കുറിച്ച് വിദഗ്ധരോട് ചോദിക്കാം