Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്‍ക്കത്ത നിയമ സര്‍വകലാശാലയില്‍ ഹാരി പോട്ടര്‍ കോഴ്‌സ്

harry-potter-jk

ലോകമെമ്പാടുമുള്ള വായനക്കാരെ രസിപ്പിച്ച നോവല്‍ പരമ്പരയാണ് ജെ.കെ. റൗളിങ്ങിന്റെ ഹാരി പോട്ടര്‍. നോവലിനെ ആധാരമാക്കി ഇറങ്ങിയ സിനിമാപരമ്പരയും ലോകമെമ്പാടും വന്‍ ഹിറ്റായിരുന്നു. ഹാരി പോട്ടര്‍ പല സര്‍വകലാശാലകളിലും പഠന വിഷയമായിട്ടുണ്ട്. പലതും സാഹിത്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ഇലക്ടീവുകളുടെ രൂപത്തിലാണ് എത്തിയത്. എന്നാല്‍ ഇതാ ഇപ്പോള്‍ ഒരു നിയമ സര്‍വകലാശാലയും ഹാരി പോട്ടര്‍ പഠന വിഷയമാക്കിയിരിക്കുന്നു. ഹാരി പോട്ടറിന്റെ മാന്ത്രിക ലോകത്തിലെ നീതിന്യായ കാര്യങ്ങളുടെ പഠനത്തിനൊരുങ്ങുന്നത് കൊല്‍ക്കത്തയിലെ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ആണ്.  

''ആന്‍ ഇന്റര്‍ഫേസ് ബിറ്റ്‌വീന്‍ ഫാന്റസി ഫിക്‌ഷന്‍ ലിറ്ററേച്ചര്‍ ആന്‍ഡ് ലോ: സ്‌പെഷല്‍ ഫോക്കസ് ഓണ്‍ റൗളിങ്ങ്‌സ് പോട്ടര്‍വേര്‍സ്" എന്നാണ് കോഴ്‌സിന്റെ പേര്. സര്‍വകലാശാലയിലെ ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) പ്രോഗ്രാമിനു പഠിക്കുന്ന നാലും അഞ്ചും വര്‍ഷ വിദ്യാർഥികള്‍ക്കാണ് ഇലക്ടീവായി കോഴ്‌സ് നല്‍കിയിരിക്കുന്നത്. 

പോട്ടര്‍ ലോകത്തിലെ നീതിന്യായ സമ്പ്രദായങ്ങളും സ്ഥാപനങ്ങളും, കുറ്റങ്ങളും ശിക്ഷകളും, സാമ്പത്തിക വ്യവസ്ഥ, രാഷ്ട്രീയം തുടങ്ങിയവയാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമ, നീതിന്യായ തത്വങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ കോഴ്‌സ് സഹായിക്കും. അസിസ്റ്റന്റ് പ്രഫസര്‍ ശൗവിക് കുമാര്‍ ഗുഹയാണ് കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്ലാസുകള്‍ ഡിസംബറില്‍ ആരംഭിക്കും.

Education News>>