നാട്ടുകാരുടെ ‘മനസ്സമാധാനത്തേക്കാൾ’ വലുത് മകളുടെ സന്തോഷം; അന്നപൂർണ സൂപ്പറാണ്, അമൃതയും
Mail This Article
ജീവിതത്തിലെ ഏറ്റവും വലിയ സങ്കടകാലത്തെ മറികടക്കാനാണ് അമൃത റൈഡിങ് തുടങ്ങിയത്. കുഞ്ഞുനാളിലേ വാഹനങ്ങളോട് വലിയ ക്രേസ് ആയിരുന്നു അമൃതയ്ക്ക്. ഇത്തിരി മുതിർന്നപ്പോൾ അത് ബൈക്കുകളോടായി. ഹൈസ്കൂൾ കാലത്ത് അച്ഛൻ അശോക് ജോഷി അവളെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചതോടെ ബൈക്ക് വാങ്ങണം എന്നായി ആഗ്രഹം. ഗ്രാജ്വേഷൻ കഴിയുമ്പോൾ പുതിയ ബൈക്ക് വാങ്ങിക്കൊടുക്കാം എന്ന് മകൾക്ക് ഉറപ്പുനൽകിയ അശോകിനു പക്ഷേ ആ വാക്ക് പൂർത്തിയാക്കാനായില്ല. 19 വയസ്സുകാരിയായ അമൃതയ്ക്ക് അച്ഛന്റെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഓരോ ദിവസവും അവൾ കൂടുതൽ വിഷാദത്തിലേക്കുപോയി, വീടിനു പുറത്തിറങ്ങാതായി, ആരെയും കാണാനോ, സംസാരിക്കാനോ കൂട്ടാക്കാതെ മുറിയുടെ ഇരുട്ടിലൊളിച്ചു. മകളെ തിരിച്ചുകൊണ്ടുവരാൻ ഒരൊറ്റ വഴിയേ ഉള്ളൂ എന്നു തോന്നിയ അമ്മ അന്നപൂർണ, അശോക് കരുതിവച്ച തുക കൊണ്ട് അമൃതയ്ക്ക് ഒരു ബൈക്ക് വാങ്ങിനൽകി, വീട്ടിൽ നിന്നു പുറത്തിറങ്ങാനും ചെറിയ റൈഡുകൾ പോകാനും അവളെ പ്രോത്സാഹിപ്പിച്ചു. കഠിനവിഷാദത്തിലാണ്ടുപോയ സ്വന്തം കുഞ്ഞിനെ രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമേ ആ അമ്മയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ.
കുമ്പളയിലെ വീട്ടിൽ നിന്ന് മടിക്കേരിയിലും മൈസൂരുവിലുമൊക്കെ ബൈക്കോടിച്ചുപോയെങ്കിലും അച്ഛന്റെ മരണശേഷം ‘ബൈക്കിൽ കറങ്ങിനടക്കുന്ന’ പെൺകുട്ടി നാട്ടുകാരിൽ ചിലരെ വല്ലാതെ ‘അസ്വസ്ഥരാക്കി’– ‘അവൾ വൈകാതെ ചാടിപ്പോകും’ എന്നുവരെയുള്ള കമന്റുകൾ വന്നതോടെ അമൃതയ്ക്കു മനസ്സുമടുത്തു. പക്ഷേ വീട്ടമ്മയായ അന്നപൂർണയ്ക്കു നാട്ടുകാരുടെ ‘മനസ്സമാധാനത്തേക്കാൾ’ വലുത് മകളുടെ സന്തോഷമായിരുന്നു. ' ‘‘സമൂഹം ചിലപ്പോൾ മോശമായി പറഞ്ഞു കൊണ്ടിരിക്കും. പക്ഷേ എന്തെങ്കിലും അച്ചീവ് ചെയ്ത് ഈ നെഗറ്റീവുകളെ പോസിറ്റീവ് ആക്കി മാറ്റണം. അപ്പോൾ സമൂഹം നിന്നെ അംഗീകരിക്കും’’ - എന്നാണ് അമ്മ അമൃതയോട് പറഞ്ഞത്. തളരാതെ മുന്നോട്ടുപോകാനും മികച്ച നേട്ടങ്ങളുണ്ടാക്കാനും അമ്മ പറഞ്ഞ വാക്കുകളുടെ കരുത്തിൽ അവൾ വീണ്ടെടുത്ത യാത്രകൾ നേപ്പാളും മ്യാൻമറും ബംഗ്ലാദേശും കടന്ന് ശ്രീലങ്കയിലെത്തി നിൽക്കുന്നു. ഇന്ത്യ മുഴുവൻ ബൈക്കിൽ സഞ്ചരിച്ചു. നല്ല സ്പോൺസർമാരെ കിട്ടി. നോർത്ത് ഈസ്റ്റ് യാത്രയിൽ 23,000 കിലോമീറ്ററിലധികം സഞ്ചരിച്ച് യങ് സോളോ റൈഡർ എന്ന റെക്കോർഡുമിട്ടു ഈ ഇരുപത്തിനാലുകാരി. മുൻപ് കുറ്റപ്പെടുത്തിയവരെല്ലാം അഭിനന്ദിക്കുമ്പോഴും ഓരോ യാത്രയ്ക്കും പിന്നിലുമുള്ള കഷ്ടപ്പാടുകൾ മറക്കുന്നില്ല അമൃത.
മികച്ച നേട്ടമായി ഓർത്തുവയ്ക്കാൻ പാകത്തിൽ ഒരു യാത്ര ചെയ്യണമെന്ന് തീർച്ചപ്പെടുത്തിയപ്പോൾ നോർത്ത് ഈസ്റ്റാണ് മനസ്സിൽ വന്നത് ലഡാക്ക് യാത്രയൊക്കെ ഒരുപാട് പേർ ചെയ്തു കഴിഞ്ഞല്ലോ. നോർത്ത് ഈസ്റ്റ് യാത്രയിൽ 80 ശതമാനത്തിലേറെ ഓഫ് റോഡ് ആയിരുന്നു. ഒരു പെൺകുട്ടി തനിച്ച് പോകുന്നതിൽ ഒരുപാട് റിസ്ക് ഫാക്ടർസ് ഉണ്ട്. നെറ്റ് വർക്കില്ല, സഹായത്തിന് കൂടെ ആരുമില്ല. അമ്മയോട് ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം നോ ആയിരുന്നു മറുപടി. പക്ഷെ അമ്മയെ പറഞ്ഞുമനസിലാക്കി 2022 ഫെബ്രുവരി നാലിന് നോർത്ത് യാത്ര ആരംഭിച്ചു. അതിനുമുമ്പ് ഓൾ കേരള യാത്രയും പൂർത്തീകരിച്ചിരുന്നു.
പലയിടത്തും വനിതാ റൈഡേഴ്സ് അവരുടെ വീടുകളിൽ അമൃതയ്ക്ക് സ്റ്റേ ഒരുക്കി. ആളുകൾ തീരെയില്ലാത്ത വനപ്രദേശം, പെട്ടെന്ന് വരുന്ന മഞ്ഞും മഴയും, കാൽ വച്ചാൽ പുതഞ്ഞു പോകുന്ന ചതുപ്പ് പ്രദേശങ്ങൾ, എന്നിങ്ങനെ യാത്രയിൽ പ്രതിസന്ധികളും ഏറെയുണ്ടായിരുന്നു. പക്ഷേ ചെന്നെത്തിയ ഇടങ്ങളിലെ ആളുകളുടെ നല്ല പെരുമാറ്റവും സ്നേഹവും സ്വീകരണവും അതിശയിപ്പിക്കുന്നതായിരുന്നു. നെറ്റ്‌വർക്കില്ലാതെ, ലോകത്തിന്റെ യാതൊരു സൗകര്യങ്ങളും ടെക്നോളജിയും അറിയാതെ അവരുടെതായ ഒരു ലോകത്തിൽ ജീവിക്കുന്ന കുറെ അധികം മനുഷ്യരെ കണ്ടു. അവരുടെ ഭക്ഷണം ട്രൈ ചെയ്തു, വസ്ത്രങ്ങൾ ധരിച്ചു, അവരോടൊപ്പം സമയം ചെലവഴിച്ചു. അതൊക്കെ പുതിയ അനുഭവങ്ങൾ ആയിരുന്നു. യാത്രയിൽ കൂടുതൽ ആളുകളെ പരിചയപ്പെടുകയും അവരോട് സംസാരിക്കുകയും ചെയ്തു.
മേഘാലയ, ത്രിപുര,മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, അസം, സിക്കിം എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് ഏപ്രിൽ 9ന് നേപ്പാൾ അതിർത്തിയിലെത്തി. 64 ദിവസങ്ങൾ കൊണ്ട് 11290 കിലോമീറ്ററിലധികം സഞ്ചരിച്ചു. നേപ്പാളും മ്യാൻമറും ചുറ്റി ലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ ഏപ്രിൽ 25ന് ലക്നൗവിൽ ഏഷ്യൻ എക്സ്പ്രസ് ഹൈവേയിൽ വച്ച് അപകടത്തിൽപ്പെട്ടു. പിന്നിൽ നിന്ന് കാർ ഇടിച്ചിട്ട് പോവുകയായിരുന്നു. ബൈക്ക് പൂർണമായും തകർന്നുപോയി. പരുക്കേറ്റ അമൃതയെ നാട്ടിലെത്തിച്ചു. പിന്നെ ഒരു മാസത്തോളം ആശുപത്രിവാസം.
പരുക്ക് ഭേദമായെങ്കിലും മനസ്സുലഞ്ഞുപോയി. ആകെ ഒരു പതർച്ച. അവിടെയും മകളുടെ പേടി മാറ്റാൻ അന്നപൂർണ ധൈര്യത്തോടെ ഒപ്പം നിന്നു. ഒടുവിൽ ‘റൈഡ് പൂർത്തിയാക്കാതെ ഇനി നീ വീട്ടിൽ വരേണ്ട’ എന്ന അമ്മയുടെ ‘അവസാന അടവി’ൽ പേടിയെല്ലാം കുടഞ്ഞെറിഞ്ഞ് അമൃത ലക്ഷ്യത്തിലേക്കിറങ്ങി. ബൈക്ക് റിപ്പയർ ചെയ്ത് കിട്ടാൻ പിന്നെയും രണ്ടുമാസം വേണ്ടിയിരുന്നതുകൊണ്ട് ജൂൺ 7ന് പുതിയ ബൈക്ക് അപകടം നടന്ന സ്ഥലത്തെത്തിച്ച് അവിടെ നിന്ന് യാത്ര പുനരാരംഭിച്ചു.
ലഡാക്കിലെത്തി, ഓഗസ്റ്റ് 10ന് തിരിച്ച് കാസർകോട്ടും. 2023ൽ ടിവിസ് ബംഗളൂരുവിലും തമിഴ്നാട്ടിലും നടത്തിയ റേസിങ്ങിൽ ചാംപ്യൻഷിപ് നേടിയെങ്കിലും റൈഡിങ്ങും റേസിങ്ങും ബാലൻസ് ചെയ്ത് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് മനസിലായതോടെ റൈഡിലേക്ക് പൂർണമായി മാറി.
'അമ്മയ്ക്ക് റൈഡ് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. അമ്മയെ കൂട്ടി പോകണമെന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ട്. കാറിൽ അമ്മയ്ക്ക് കൂടി പറ്റുന്ന യാത്രകൾ പോണം. പിന്നെ കൂടുതൽ ഇന്റർനാഷനൽ ട്രിപ്പുകൾ, പുതിയ പുതിയ രാജ്യങ്ങൾ. മേയിൽ ഭൂട്ടാൻ റൈഡ് പോകണം. അമൃത സ്വപ്നങ്ങളെ കുറിച്ച് പറയുന്നു. ‘ആകെ ഒരൊറ്റ ജീവിതമല്ലേയുള്ളൂ. ആഗ്രഹമുള്ള കാര്യങ്ങൾ മാറ്റി വയ്ക്കാതെ നേടാൻ പരിശ്രമിക്കൂ, കൂടുതൽ സ്വപ്നങ്ങൾ കാണൂ. ഈ ജീവിതം അവസാനിക്കാറായിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഓർത്തിട്ട് എന്തുകാര്യം? – എത്ര ശരിയാണല്ലേ !!