ADVERTISEMENT

തൊഴിലിടത്തിലേക്ക് ജീവനക്കാർ വൈകിയെത്തുന്നത് പലപ്പോഴും സ്ഥാപന ഉടമകൾക്ക് തീരാതലവേദനയാണ്. ഉദ്യോഗസ്ഥർ സമയ കൃത്യത പാലിക്കാത്തത് ഒരു സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തെ തന്നെ പ്രതികൂലമായി ബാധിച്ചെന്നു വരും. കൃത്യസമയത്ത് ജോലിക്കാർ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പല കർശന നിയമങ്ങളും സ്ഥാപനങ്ങൾ നടപ്പിൽ വരുത്താറുമുണ്ട്.  എന്നാൽ തൊഴിൽ ദാതാക്കൾ തന്നെ  സമയകൃത്യത പാലിക്കാതെ വന്നാലോ? ചിലപ്പോൾ ഈ നിയമങ്ങൾ ബൂമറാങ് പോലെ ഉടമകൾക്ക് നേരെ തിരിഞ്ഞെന്നും വരാം. അത്തരമൊരു സംഭവമാണ് മുംബൈ ആസ്ഥാനമായുള്ള ബ്യൂട്ടി ബ്രാൻഡായ ഇവോർ ബ്യൂട്ടി എന്ന സ്ഥാപനത്തിൽ നടന്നത്.

താമസിച്ചത്തുന്ന ജീവനക്കാരിൽ നിന്നും പിഴ ഈടാക്കാനായിരുന്നു കമ്പനിയുടെ സ്ഥാപകനായ കൗശൽ ഷായുടെ തീരുമാനം. പുതിയ നിയമപ്രകാരം 9.30 ന് ജീവനക്കാർ കൃത്യമായി ഓഫീസിൽ എത്തണം. ഇത് പാലിക്കാൻ സാധിക്കുന്നില്ലെങ്കിൽ 200 രൂപ പിഴ നൽകേണ്ടിവരും. ജീവനക്കാരെ മര്യാദ പഠിപ്പിക്കാൻ തുടങ്ങിവച്ച ഈ നിയമം  ഒടുവിൽ കൗശലിന് തന്നെ പണി കൊടുക്കുകയും ചെയ്തു. ഓഫീസിൽ താമസിച്ചെത്തിയതിന് കൗശൽ 1000 രൂപയാണ് പിഴ അടയ്ക്കേണ്ടി വന്നത്. താൻ ഏർപ്പെടുത്തിയ പുതിയ നിയമത്തെക്കുറിച്ചും അതിന്റെ അപ്രതീക്ഷിത ഫലത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ കൗശൽ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ :- ‘‘സ്ഥാപനത്തിന്റെ ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് എല്ലാവരും രാവിലെ കൃത്യം 9:30ന് ( മുൻപ് 10-11 മണി വരെ വൈകിയാണ് ജീവനക്കാർ എത്തിയിരുന്നത്) ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ ആഴ്ച  കർശനമായ നിയമം കൊണ്ടുവന്നിരുന്നു. താമസിച്ചെത്തുന്നവർ  200 രൂപ പിഴയായി നൽകണം എന്നായിരുന്നു തീരുമാനം. ഇതുപ്രകാരം അഞ്ചാം തവണയാണ് ഞാൻ പിഴ പണം നൽകുന്നത് ’’. 200 രൂപ പിഴ ഇനത്തിൽ അടച്ചതിന്റെ സ്ക്രീൻഷോട്ടിനൊപ്പമാണ് കൗശൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

 പിഴ നൽകിയതിന് പിന്നിലെ ഉദ്ദേശം കൗശൽ തന്നെ വ്യക്തമാക്കുകയും ചെയ്തു. ജീവനക്കാർക്കായി ഒരു നിയമം നടപ്പിലാക്കുമ്പോൾ നേതൃത്വം നൽകുന്നവരാണ് അത് ഏറ്റവും ആദ്യം പാലിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.  എന്നാൽ കൗശൽ കൊണ്ടുവന്ന പുതിയ നിയമത്തെക്കുറിച്ചും അദ്ദേഹം പിഴ അടച്ചതിനെക്കുറിച്ചും സമ്മിശ്ര പ്രതികരണങ്ങളാണ് പൊതുജനങ്ങൾ അറിയിക്കുന്നത്. തനിക്ക് കീഴിൽ ജോലി ചെയ്യുന്നവർക്ക് മാതൃകയായി മുന്നോട്ടു പോകുന്നത് മികച്ച തീരുമാനമാണെന്ന് ചിലർ പ്രതികരിക്കുന്നു. കൗശലിന്റെ നേതൃത്വപാടവത്തെ പ്രശംസിക്കുന്നവരും കുറവല്ല. എന്നാൽ തെറ്റായ തൊഴിൽ സംസ്കാരമാണ് ഇതെന്നും പിഴ നൽകേണ്ടി വരുന്നതോർത്ത് ജീവനക്കാർ തിരക്കിട്ട് യാത്ര ചെയ്ത് അപകടം വരുത്തിവയ്ക്കുന്ന സാഹചര്യം വരെ ഉണ്ടായേക്കാം എന്നും ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. 

പിഴയായി നൽകുന്ന പണം സ്ഥാപന ഉടമയുടെ തന്നെ പോക്കറ്റിലേക്ക് എത്തുന്നതിനാൽ അത് അത്ര നല്ല പ്രവണതയല്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. നിയമത്തിനെതിരെ ഉയർന്ന അഭിപ്രായങ്ങൾക്കും കൗശൽ വ്യക്തമായ മറുപടി നൽകി. പിഴ ഈടാക്കുന്നതിന് പ്രത്യേകമായി ഒരു യുപിഐ ലൈറ്റ് അക്കൗണ്ട് ഒരുക്കിയിട്ടുണ്ടെന്ന് ഫോളോ അപ്പ് പോസ്റ്റിൽ അദ്ദേഹം പറയുന്നു. സ്വന്തം യുപിഐ വാലറ്റിലേക്കല്ല താൻ പിഴ അടച്ചത്. ടീം ഫണ്ട് എന്ന നിലയിലാണ് യുപിഐ ലൈറ്റ് അക്കൗണ്ട് സൃഷ്ടിച്ചിരിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. ജീവനക്കാർക്കിടയിൽ നിന്നും ഈടാക്കുന്ന പിഴ തുക ടീം ആക്ടിവിറ്റികൾക്കും മറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനും മാത്രമാണ് ഉപയോഗിക്കുന്നത്.

English Summary:

Mumbai based founder fines late employees Rs 200, ends up paying Rs 1,000 himself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com