പിഎം ഇന്റേൺഷിപ് പദ്ധതി: അരലക്ഷത്തോളം അവസരം, 12 മുതൽ അപേക്ഷിക്കാം
Mail This Article
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ഭാഗമായി ഇന്നലെ വരെ അരലക്ഷത്തോളം ഇന്റേൺഷിപ് അവസരങ്ങൾ കമ്പനികൾ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്രവൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനകം 130ലേറെ വമ്പൻ കമ്പനികളാണ് റജിസ്റ്റർ ചെയ്തത്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ഐഷർ അടക്കമുള്ള കമ്പനികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ശനിയാഴ്ച മുതൽ യുവാക്കൾക്ക് റജിസ്റ്റർ ചെയ്യാൻ പോർട്ടൽ തുറന്നുകൊടുക്കും. നിലവിൽ ഇന്റേൺഷിപ് അവസരങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന കമ്പനികളുടെ റജിസ്ട്രേഷനാണു നടക്കുന്നത്. ഒക്ടോബർ 3 മുതലാണ് കമ്പനികളുടെ റജിസ്ട്രേഷൻ ആരംഭിച്ചത്. 22 മേഖലകളിൽ ഇതുവരെ ഇന്റേൺഷിപ് അവസരങ്ങൾ വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ഓയിൽ, ഗ്യാസ്, ഊർജ മേഖലയിലാണ്. ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റിയാണു രണ്ടാമത്. ഓട്ടമോട്ടീവ്, ബാങ്കിങ്, ഏവിയേഷൻ അടക്കമുള്ള മേഖലകളിലും അവസരങ്ങളുണ്ട്. രാജ്യത്തെ 650 ജില്ലകളിൽ അവസരങ്ങൾ നിലവിൽ ലഭ്യമാണ്. യുവാക്കൾക്ക് പ്രതിമാസം 5,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. വെബ്സൈറ്റ്: pminternship.mca.gov.in
ഒക്ടോബർ 12 മുതൽ വിദ്യാർഥികൾക്ക് ഈ പോർട്ടൽ വഴി ഇന്റേൺഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഓരോ കമ്പനിക്കും ആവശ്യമായ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക കോർപറേറ്റ് കാര്യ മന്ത്രാലയം തയാറാക്കി നൽകും. ഈ പട്ടികയിൽ നിന്ന് കമ്പനികൾ തിരഞ്ഞെടുക്കുന്നവർക്കാണ് ഇന്റേൺഷിപ് ലഭിക്കുക. ഇന്റേൺഷിപ് കാലയളവിന്റെ പകുതിയെങ്കിലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ടു ചെയ്യിക്കണമെന്നും വെറും ക്ലാസുകൾ മാത്രമായി ഒതുക്കാതെ തൊഴിൽപരിശീലനവും നൽകണമെന്നും കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.12 മാസം നീളുന്ന ഇന്റേൺഷിപ് ലഭിക്കുന്നവർക്ക് സ്റ്റൈപൻഡായി പ്രതിമാസം 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭ്യമാക്കും. ഇന്റേൺഷിപ് ചെയ്യുന്നവർക്കു പരിശീലനം നൽകുന്നതിന്റെ ചെലവും സ്റ്റൈപൻഡ് തുകയുടെ 10 ശതമാനവും കമ്പനികൾക്ക് സിഎസ്ആർ ഫണ്ടിൽനിന്ന് ഉപയോഗിക്കാം. ആദ്യ ഘട്ടത്തിൽ 19,000 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 44,000 കോടി രൂപയുമാണു പദ്ധതിക്കായി കേന്ദ്രം വിനിയോഗിക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് മികച്ച 500 കമ്പനികളിൽ ഇന്റേൺഷിപ് അവസരങ്ങൾ നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. വിശദവിവരങ്ങൾക്ക് വിളിക്കൂ : 1800116090 (ടോൾഫ്രീ)
ആർക്കൊക്കെ അപേക്ഷിക്കാം?
∙ 21–24 പ്രായക്കാർ
∙ ജോലിയില്ലാത്ത, മുഴുവൻ സമയ വിദ്യാർഥികൾ അല്ലാത്തവർ
∙ െഎെഎടി, െഎെഎഎം, െഎസർ ബിരുദധാരികൾ. സിഎ, സിഎംഎ യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല
∙ ഏതെങ്കിലുമൊരു കുടുംബാംഗം ആദായനികുതി നൽകുന്നുണ്ടെങ്കിലോ സർക്കാർ ജീവനക്കാരനെങ്കിലോ അപേക്ഷിക്കാനാകില്ല.