ആദ്യം കൂട്ട പിരിച്ചുവിടൽ പ്രചാരണം, ദേ... മസാജിങ് സേവനം നൽകാൻ യെസ് മാഡം!

Mail This Article
ആകര്‍ഷകമായ ശമ്പളം, ആവശ്യത്തിന് അവധി, ബോണസ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെയുള്ള മോഹന വാഗ്‌ദാനങ്ങളുമായി പുതിയ ജീവനക്കാരെ കമ്പനിയിലേക്ക് ആകര്‍ഷിച്ചിരുന്ന കാലമെല്ലാം മാറി. ഇനി മിടുക്കരായ ചെറുപ്പക്കാരെ ലഭിക്കാന്‍ സമ്മർദരഹിതമായ ഒരു ഓഫിസ് അന്തരീക്ഷം കൂടി വേണമെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇന്‍ഡോറിലെ ഒരു കമ്പനി. ഇതിനായി ജീവനക്കാര്‍ക്ക് ഉച്ചയ്‌ക്കു ശേഷം ഓഫിസില്‍ തന്നെ മസാജിങ് സേവനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഈ കമ്പനി.
‘യെസ് മാഡം’ എന്ന ഓണ്‍ലൈന്‍ ബ്യൂട്ടി സര്‍വീസസ് പ്ലാറ്റ്‌ഫോമുമായി ചേര്‍ന്നാണ് ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജോലിസമ്മർദം വർധിക്കുന്നതായി പരാതിപ്പെട്ട ജീവനക്കാരെ പിരിച്ചുവിട്ടെന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പിരിച്ചുവിടല്‍ നാടകം നടത്തി അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞ സ്ഥാപനമാണ് യെസ് മാഡം. തൊഴിലിടങ്ങളിലെ സമ്മർദത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനായിരുന്നു പിരിച്ചു വിടല്‍ നാടകമെന്ന വിശദീകരണം യെസ് മാഡം പിന്നീടു നല്‍കിയെങ്കിലും പലരും ഇത് വിശ്വസിക്കാന്‍ തയാറായില്ല. പിരിച്ചുവിടല്‍ വൈറലായപ്പോള്‍ കമ്പനി ഉരുണ്ടു കളിക്കുകയായിരുന്നു എന്ന് സമൂഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു.
‘ചക്കിനു വച്ചത് കൊക്കിനു കൊണ്ടു’ എന്നു പറയുംപോലെ പ്രചാരണ പരിപാടി പാളിയതോടെയാണ് കമ്പനികളുമായി ചേര്‍ന്ന് പുതിയ സഹകരണ പരിപാടികള്‍ക്ക് യെസ് മാഡം മുന്‍കയ്യെടുക്കുന്നത്. കൃത്യം രണ്ടു മണിക്ക് തലയ്‌ക്കുള്ള മസാജുമായി റിലാക്‌സേഷന്‍ സെഷന്‍ ആരംഭിക്കുമെന്ന് ഇന്‍ഡോര്‍ കമ്പനിയിലെ എച്ച്‌ആര്‍ മാനേജരുടേതായി പ്രചരിക്കുന്ന ഇ – മെയിലില്‍ പറയുന്നു. ബോസ് മുതല്‍ എല്ലാവരും മസാജിന് തയാറാണെന്നും ആരും ഒഴികഴിവുകള്‍ പറയരുതെന്നും ഇ – മെയിലില്‍ എച്ച്‌ആര്‍ മാനേജര്‍ ചൂണ്ടിക്കാണിക്കുന്നു. യെസ് മാഡത്തിന്റെ ജീവനക്കാര്‍ ഓഫിസിലെ ഇരിപ്പടങ്ങളിൽ തന്നെ ഇരുത്തി മസാജ് നല്‍കുന്ന ചിത്രങ്ങളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഏത് കമ്പനിയാണ് ഈ സേവനങ്ങള്‍ നല്‍കുന്നതെന്ന് വ്യക്തമല്ല. അതേസമയം ഇതും ‘യെസ് മാഡ’ത്തിന്റെ തന്നെ മറ്റൊരു പരസ്യവേലയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നു.