Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും സുന്ദരനായ സിംഹം ഇവനായിരിക്കുമോ?

Lion Image Credit: Alex Kirichko / Caters News

സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന നിറഞ്ഞ ജഡയും ജ്വലിക്കുന്ന കണ്ണകളും ശാന്തവും അതേസമയം പ്രൗഢവുമായ ശരീര ഭാഷയും. പറഞ്ഞു വരുന്നത് ടാന്‍സാനിയയിലെ നമീരി പുല്‍മേട്ടില്‍ നിന്ന് ഒരു ഫൊട്ടോഗ്രാഫര്‍ കണ്ടെത്തിയ സിംഹത്തെക്കുറിച്ചാണ്. ഒരു പക്ഷെ ലോകത്തിലെ ഏറ്റവും സുന്ദരനായ സിംഹം ഇവനായിരിക്കുമെന്നാണ് ഫൊട്ടോ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. 

ഷാംപു ഇട്ട് കഴുകി ഉണക്കിയതു പോലെ കാറ്റത്ത് പാറിപ്പറക്കുന്ന സ്വര്‍ണ്ണമുടിയാണ് ഈ സിംഹത്തിന്റെ പ്രത്യേകത. ഒരു പക്ഷെ ലയണ്‍കിംഗ് കാര്‍ട്ടൂണ്‍ സിനിമയിലെ സിംബയെയോ അല്ലെങ്കില്‍ അതിലും ഉപരി സിംബയുടെ അച്ഛനായ മുഫാസയോ ആകും ഇവനെ കാണുമ്പോൾ ആദ്യം മനസ്സിലേക്കെത്തുക. 

Lion Image Credit: Alex Kirichko / Caters News

ഇടയ്ക്ക് പാറയിലേക്ക് ഒരു കാല്‍ കയറ്റി വച്ച് മെല്ലെ നിവര്‍ന്നു നിന്ന് ക്യാമറയിലേക്ക് സിംഹം ഒരു നോക്കുന്നുണ്ട്. ആ നോട്ടം കണ്ടാല്‍ നിവിന്‍ പോളി പറയുന്നത് പോലെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല എന്ന അവസ്ഥയാണ്.‌‌ വോഗ് മാസികയ്ക്കു വേണ്ടി മോഡലുകളെ നിര്‍ത്തി ഫൊട്ടോ എടുക്കുന്നതു പോലെയാണ് തനിക്കു തോന്നിയതെന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ അലക്സ് കിരിഷ്കോ എന്ന ഫൊട്ടോഗ്രഫർ പറയുന്നു. മോഡലുകളെ പോലും തോല്‍പ്പിക്കുന്ന സ്റ്റൈലിലാണ് സിംഹം ഓരോ തവണയും ഫൊട്ടോയ്ക്കു വേണ്ടി നിന്നു തന്നതെന്നും അലക്സ് വിശദീകരിക്കുന്നു ഒരു നിമിഷം താന്‍ ഒരു ഫാഷന്‍ ഫൊട്ടോഗ്രാഫറാണോ എന്നു പോലും സംശയിച്ചുവെന്നാണ് അലക്സ് പറയുന്നത്.

സൂര്യോദയത്തിന്‍റെ അവസാന നിമിഷങ്ങളിലാണ് അലക്സ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ സമയത്ത് സ്വര്‍ണ്ണ നിറമുള്ള സൂര്യ കിരണങ്ങളും കൃത്യസമയത്തെത്തിയ കാറ്റുമാണ് ഫൊട്ടോയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായിച്ചതെന്നും അലക്സ് വിശദീകരിച്ചു. ഇവ രണ്ടും സിംഹത്തിന്റെ സ്വാഭാവിക പ്രൊഢിക്ക് മാറ്റു കൂട്ടാന്‍ സഹായിച്ചെന്നാണ് അലക്സിന്റെ നിരീക്ഷണം.