Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുമ്പഴിയില്‍ കുടുങ്ങിയ നായയുടെ രക്ഷയ്ക്കെത്തിയ ജര്‍മ്മന്‍ ഷെപ്പേര്‍ഡ്

Dog stuck in railings

ചില കാഴ്ചകള്‍ മനസ്സിനു പകർന്നു നല്‍കുന്ന ശാന്തതയും സന്തോഷവും പറഞ്ഞറിയിക്കാനാവാത്തതാണ്. മെക്സിക്കോയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ അതു പോലെയുള്ള ഒന്നാണ്. വീടിന്റെ മതില്‍ ചാടിക്കടക്കാനുള്ള ഒരു നായയുടെ ശ്രമം പാതിവഴിയില്‍ പരാജയപ്പെടുന്നതും ത്രിശങ്കു സ്വര്‍ഗ്ഗത്തിലായ നായയെ ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡെത്തി രക്ഷപ്പെടാന്‍ സഹായിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

അധികം വലിപ്പമില്ലാത്ത വെളുത്ത പഞ്ഞിക്കെട്ട് പോലുള്ള ഒരു നായയാണ് മതിൽ ചാടിക്കടക്കാനുള്ള ശ്രമത്തിനിടയിൽ മതിലിനു മുകളിലുള്ള ഇരുമ്പഴിയില്‍ കുടുങ്ങിയത്. തല മാത്രം ഒരു വശത്തു കുടുങ്ങി ശരീരം പുറത്തേക്കു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു നായ. രക്ഷപ്പെടാന്‍ മുന്‍കാലുകള്‍ ഉയര്‍ത്തി ശ്രമിക്കുന്നുണ്ടെങ്കിലും കാലുകള്‍ ഗേറ്റില്‍ ഉറപ്പിച്ചു ചവിട്ടാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

ഇതിനിടെയാണ് രക്ഷകനായ ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ രംഗപ്രവേശം. മതിലിന്റെ ഉള്ളില്‍ നിന്ന് നായയെ അകത്തേക്കു വലിച്ചിടാനായിരുന്നു ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ ശ്രമം. തന്റെ കാലുകള്‍ കൊണ്ട് കുടുങ്ങിക്കിടന്ന നായയുടെ തലയില്‍ ബലം കൊടുത്തു വലിച്ചിടാന്‍ ശ്രമം നടത്തി. മറ്റൊരാളുടെ സഹായം കൂടി ലഭിച്ചതോടെ കുടുങ്ങിക്കിടക്കുന്ന നായയ്ക്കും ആവേശമായി. രണ്ടു പേരുടെ ബലം കൂടിയായപ്പോള്‍ അല്‍പ്പം മുന്നോട്ടു നീങ്ങാനും മുന്‍കാലുകള്‍ ഗേറ്റിൽ ചവിട്ടാനും നായയ്ക്കു കഴിഞ്ഞു.

Dogs

എങ്കിലും ശരീരം മുഴുവന്‍ പെട്ടെന്ന് അപ്പുറത്തേക്കെത്തിക്കാന്‍ നായയ്ക്കു കഴിയുമായിരുന്നില്ല. ഇതോടെ നായയുടെ കഴുത്തില്‍ മെല്ലെ കടിച്ച് ജര്‍മ്മന്‍ ഷെപ്പേര്‍‍ഡ് അകത്തേക്കു വലിച്ചു. ഇതോടെ പിന്‍കാലുകളും ഗേറ്റിൽ ഊന്നാവുന്ന സ്ഥിതിയിലേക്ക് കുടുങ്ങിക്കിടക്കുന്ന നായ എത്തി. വൈകാതെ മറുവശത്തേക്കു ചാടുകയും ചെയ്തു. 

ബണ്ണി എന്നാണ് രക്ഷാപ്രവര്‍ത്തനത്തിലെ ഹീറോ ആയ ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ പേര്. മാലിക് എന്ന വെളുത്ത നായ ബണ്ണിയു‌ടെ സുഹൃത്താണ്. ബണ്ണിയെ സന്ദര്‍ശിക്കാന്‍ മിക്കപ്പോഴും മാലിക് എത്താറുണ്ടെന്നും സാധാരണ തിരഞ്ഞെടുക്കാറുള്ള വഴി മാറ്റിപ്പിടിച്ചതാണ് മാലികിനെ ഇരുമ്പഴിയില്‍ കുടുക്കിയതെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച എഡിത്ത് ഗോവിയ പറഞ്ഞു.