Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യജമാനനെ മരണം കൊണ്ടു പോയതറിയാതെ കാവൽ നിൽക്കുന്ന നായ; കണ്ണു നിറയ്ക്കും ഈ കഥ

Loyal dog

യജമാനൻ മരിച്ചതറിയാതെ നാലു മാസമായി ആശുപത്രി കവാടത്തിൽ കാത്തു നിൽക്കുന്ന നായയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ളതാണ് കരളലിയിക്കുന്ന ഈ രംഗം. നാലു മാസം മുൻപാണ് തെരുവിലുണ്ടായ അടിപിടിയിൽ കുത്തേറ്റതിനെ തുടർന്ന് നായയുടെ യജമാനനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുവന്ന ആംബുലൻസിനെ പിന്തുടർന്നാണ് നായ ആശുപത്രിയിലെത്തിയത്. വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ഇയാൾ പിന്നീട് മരണത്തിനു കീഴടങ്ങി. ഉടമ മരിച്ചതറിയാതെയാണ് നായ തന്റെ കാത്തിരിപ്പു തുടർന്നു. എന്നെങ്കിലും തന്റെ യജമാനൻ പുറത്തു വരും എന്ന പ്രതീക്ഷയിലാണ് സ്നേഹസമ്പന്നനായ നായയുടെ കാത്തിരിപ്പ്.

ആശുപത്രിയിലെത്തിയ സമീപവാസിയായ ക്രിസ്റ്റൈൻ സാർഡെല്ലയാണ് നായയുടെ കഥ ചിത്രത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.മൃഗങ്ങളിൽ നിന്ന് മനുഷ്യർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്ന തലക്കെട്ടോടയാണ് നായയുടെ അപൂർവ സ്നേഹത്തിന്റെ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഇപ്പോഴും ആശുപത്രി കവാടത്തിനരികിൽ ഒരിക്കലും തിരിച്ചുവരാത്ത യജമാനനേയും കാത്ത് നായ കിടക്കുന്നതു കാണാം. ആശുപത്രിയിലെത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് നായയുടെ കിടപ്പ്. നായയ്ക്ക് കിടക്കാൻ പുതപ്പും കഴിക്കാൻ ഭക്ഷണവുമെല്ലാം നൽകുന്നുണ്ടെങ്കിലും ആരോടും അടുക്കാൻ നായ കൂട്ടാക്കുന്നില്ല. നായയുടെ കഥയറിഞ്ഞ് മൃഗസംരക്ഷണ പ്രവർത്തകർ വന്ന് കൊണ്ടുപോയെങ്കിലും അവിടെ നിൽക്കാൻ കൂട്ടാക്കാതെ ആശുപത്രിയിലേക്കുതന്നെ മടങ്ങിയെത്തുകയായിരുന്നു.

ആരോരുമില്ലാത്ത നായയെ ദത്തെടുക്കാൻ ആശുപത്രിയിലെ ജീവനക്കാരടക്കം പലരും മുന്നോട്ടു വരുന്നുണ്ടെങ്കിലും നായ അവരോടൊപ്പം നിൽക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഏതായാലും നായയ്ക്ക് കൃത്യമായ പരിചരണവും കുത്തിവയ്പുമൊക്കെ നൽകി സംരക്ഷിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. 

ഒരിക്കലും തിരിച്ചു വരാത്ത യജമാനനുവേണ്ടി അനന്തമായികാത്തിരിക്കുന്ന വളർത്തുനായയുടെ ഈ ചിത്രം ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെയാണ് സമൂഹമാധ്യമങ്ങൾ ഈ ചിത്രം നെഞ്ചോടു ചേർത്തതും...