Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുവകൾ മനുഷ്യമാംസം രുചിച്ചാൽ...!​​

Tiger

∙ മാർജാര കുടുംബത്തിലെ ഏറ്റവും വലിയ അംഗം; കരുത്തനാണ് കടുവ - സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ വരെ അനായാസം കൊന്നൊടുക്കാനാകും. 

∙ മുൻനിരയിലെ നാല് കോമ്പല്ലുകളാണ് കടുവയുടെ പ്രധാന ആയുധം. ഇരയുടെ കഴുത്തിൽ ഈ പല്ല് ആഴ്ന്നിറങ്ങി രക്തം നഷ്ടപ്പെട്ടാണ് പലപ്പോഴും മരണം സംഭവിക്കുക. എന്തെങ്കിലും അപകടത്തിലോ വയസ്സായോ ഈ പല്ലുകൾ നഷ്ടപ്പെട്ടാൽ അതോടെ ഇരപിടിത്തം നിലയ്ക്കും, പട്ടിണി കിടന്ന് ചാകുകയേ പിന്നെ വഴിയുള്ളൂ. 

∙ മികച്ചൊരു അണുനാശിനിയാണ് കടുവയുടെ ഉമിനീർ. അതിനാൽത്തന്നെ അവയുടെ മുറിവുകൾ ഉണക്കാനുള്ള മികച്ചൊരു മാർഗവും.

∙ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് കടുവകളുടെ പ്രകൃതം. ചെടികളിലും മരങ്ങളിലും നഖം കൊണ്ട് മാന്തിയും ‘മണം’ കൊണ്ടും അതിർത്തി അടയാളപ്പെടുത്തുന്ന രീതിയുണ്ട് ഇവയ്ക്ക്. തങ്ങളുടെ ‘അധീനത’യിലുള്ള പ്രദേശത്ത് മൂത്രവിസർജനം നടത്തിയാണ് ഈ അടയാളപ്പെടുത്തൽ. മൂത്രത്തിന്റെ ഗന്ധമടിച്ചാൽ മറ്റ് കടുവകൾക്കറിയാം ഈ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയാൽ ആക്രമിക്കപ്പെട്ടേക്കുമെന്ന്. ആ അടയാളപ്പെടുത്തൽ നടത്തിയ കടുവ ആണാണോ പെണ്ണാണോ, അവയുടെ പ്രായം, അവ ഇണചേരാൻ തയാറാണോ തുടങ്ങിയ കാര്യങ്ങളെല്ലാം ഗന്ധം വഴി ഓരോ കടുവയ്ക്കും തിരിച്ചറിയാനാകും. ഇണകൂടാൻ തയാറാണെന്ന് ആൺകടുവകളെ അറിയിക്കാനും പെൺകടുവകൾ ഈ ‘മണ’പ്രയോഗം നടത്താറുണ്ട്. 

∙ സാധാരണ മനുഷ്യരെ ആക്രമിക്കാറില്ല കടുവകൾ. മറ്റു മൃഗങ്ങളെ ഇരയായി ലഭിക്കാത്ത അപൂർവം അവസരങ്ങളിലാണ് അവ മനുഷ്യനു നേരെ തിരിയാറുള്ളത്. ഒരുതവണ മനുഷ്യമാംസം രുചിച്ചു കഴിഞ്ഞാൽ മിക്ക കടുവകളും പിന്നേയും മനുഷ്യനെ ആക്രമിക്കാറുണ്ട്. ‌രാത്രികളിലാണ് പ്രധാനമായും മനുഷ്യവേട്ട. മണംപിടിച്ചെത്തി വഴിയിൽ കാത്തിരുന്ന് ആക്രമിക്കുകയാണു പതിവ്. 

∙ രാത്രിക്കാഴ്ചക്ക് ചേർന്ന വിധത്തിലല്ല കടുവയുടെ കണ്ണുകൾ. എന്നിട്ടുകൂടി രാത്രിയിലെ കാഴ്ചശക്തിയിൽ മനുഷ്യനെക്കാൾ ആറുമടങ്ങ് ശേഷിയുണ്ട് ഇവയ്ക്ക്.

∙ പ്രസവശേഷം കടുവക്കുഞ്ഞുങ്ങളെ മിക്കവാറും അമ്മ മാത്രമാണ് സംരക്ഷിക്കാനുണ്ടാവുക. അച്ഛൻകടുവ ഒപ്പമില്ലെങ്കിലും ഈ സംരക്ഷണം അമ്മമാർ കൃത്യമായി നൽകാറുമുണ്ട്. ജനിച്ച് ഒരാഴ്ചക്കാലത്തേക്ക് കടുവക്കുഞ്ഞുങ്ങൾക്ക് കാഴ്ചശക്തിയും ഉണ്ടാകാറില്ല. ഒന്നരവയസ്സാകുന്നതുവരെ കുട്ടിക്കടുവകൾ അമ്മയ്ക്കൊപ്പം വേട്ടയാടലൊക്കെ കണ്ടുപഠിച്ചു നടക്കും. വേട്ടക്കാരനായിക്കഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ വയസ്സാകുന്നതുവരെയേ അമ്മയ്ക്കൊപ്പം കടുവക്കുട്ടന്മാരെ കാണാനാകൂ. സ്വന്തമായി അതിർത്തി നിശ്ചയിച്ച് കാട്ടിലെ ആ ഭാഗത്തിന്റെ രാജാവായി വിരാജിക്കുകയാണ് ശേഷം സംഭവിക്കുക.

∙ കടുവകളുടെ ഗർജനം കേട്ടാൽ പേടിക്കേണ്ട ആവശ്യമില്ല. ഇരകൾക്കു മുന്നിൽ അവ ഗർജിക്കാറുമില്ല. മറ്റു കടുവകളുമായുള്ള ആശയവിനിമയത്തിനാണ് അവയുടെ ഗർജനം. പക്ഷേ ഇരയുടെ തൊട്ടുമുന്നിൽ മണപ്പിച്ചും മുരൾച്ചയോടെയും നടന്നാൽ ഉറപ്പിച്ചോ അവ ആക്രമണത്തിനൊരുങ്ങുകയാണ്. 

∙ കടുവയുടെ രോമത്തിൽ കാണപ്പെടുന്ന വരകൾ അതേപടി അവയുടെ ചർമത്തിലുമുണ്ടാകും. രോമമെല്ലാം എടുത്തുകഴിഞ്ഞാലും കടുവയുടെ ശരീരത്തിൽ അതേ വരകൾ നിലനിൽക്കുമെന്നു ചുരുക്കം.

∙ ചൈനീസ് ഭാഷയിൽ ‘രാജാവ്’ എന്നെഴുതുന്നതിന്റെ അതേ ആകൃതിയിലാണ് കടുവയുടെ നെറ്റിയിലുള്ള വരകൾ. അതിനാൽത്തന്നെ കടുവകൾ ചൈനയിൽ രാജകീയ ആഡംബരത്തിന്റെ ലക്ഷണമാണ്. കടുവയുമായി ബന്ധപ്പെട്ടതെല്ലാം എന്തുവില കൊടുത്തും വാങ്ങുന്നതുകൊണ്ട് കാട്ടുകൊള്ളക്കാരുടെ പ്രധാന വിപണിയുമാണ് ചൈന.