Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ പാമ്പ് മഴ; മൂര്‍ഖന്‍ പാമ്പുകളെ ഭയന്ന് മഹാനഗരം!

Cobra

രാജ്യതലസ്ഥനമാണെങ്കിലും പാമ്പ് പേടിയില്‍ നിന്ന് മുക്തരല്ല ഡൽഹിയിലെ ജനങ്ങളും‍. വിഷപാമ്പുകളെ പ്രത്യേകിച്ചും മൂര്‍ഖന്‍ പാമ്പുകളെ ഡൽഹിയില്‍ നിന്ന് പലപ്പോഴും കണ്ടെത്താറുണ്ട്. പക്ഷെ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മഹാനഗരത്തില്‍ നിന്ന് കണ്ടെത്തിയത് 9 മൂര്‍ഖന്‍ പാമ്പുകളെയാണ്. ബുധനാഴ്ച മാത്രം വൈല്‍ഡ് ലൈഫ് എസ്ഒഎസ് എന്ന എന്‍ജിഒയുടെ കീഴിലുള്ള പാമ്പ് പിടുത്തക്കാര്‍ പിടികൂടിയത് മൂന്ന് പാമ്പുകളെയാണ്. ഡൽഹിയില്‍ മണ്‍സൂണിന്റെ ആരംഭത്തില്‍  പാമ്പുകളെ കണ്ടെത്തുന്നത് പതിവാണെങ്കിലും ഇത്രയധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. 

Snake

മഴയെത്തുന്നതോടെ തവളകള്‍ യമുനാതീരത്തും സമീപപ്രദേശങ്ങളിലും സജീവമാകും. തവളകളാണ് ഇവയുടെ മുഖ്യ ആഹാരം എന്നിരിക്കെ ഇവയെ തിരഞ്ഞ് പാമ്പുകളും പുറത്തേക്കിറങ്ങും. ഈ ഇറക്കം ഏതെങ്കിലും ജനവാസകേന്ദ്രത്തിലാകും മിക്കവാറും അവസാനിക്കുക. ചൊവ്വാഴ്ച രണ്ട് മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തിയത് ഒരു സ്കൂളില്‍ നിന്നും മറ്റൊന്ന് കോളജിലെ വനിതാ ഹോസ്റ്റലില്‍ നിന്നുമാണ്. ഇത് പാമ്പുകളെക്കുറിച്ചുള്ള ഡൽഹിയി നിവാസികളുടെ ഭയം വർധിപ്പിച്ചിട്ടുണ്ട്. 

cobra

കൂടാതെ യമുനാതടങ്ങളില്‍ വെള്ളം കയറുന്നതോടെ മിക്ക മാളങ്ങളും വെള്ളത്തിനടിയിലാകും. ഇതും സുരക്ഷിത സ്ഥാനം തേടി പുറത്തിറങ്ങാന്‍ ഇവയെ നിര്‍ബന്ധിക്കുന്ന മറ്റൊരു ഘടകമാണ്. തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഇവ മനുഷ്യവാസമുള്ള പ്രദേശത്തേക്കെത്തുന്നത്. അതുകൊണ്ട് തന്നെ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളില്‍ പെരുമാറുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഡൽഹിയിലെ വന്യജീവി വിഭാഗം നല്‍കിയിട്ടുണ്ട്. 

പിടികൂടിയ പാമ്പുകളെ പിന്നീട് ഡൽഹി വന്യജീവി വകുപ്പിന് കൈമാറി. ഇവയെ യഥാസമയം കാട്ടിലേക്ക് തന്നെ തുറന്നു വിടുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച പിടികൂടിയ നാലര അടിയോളം നീളം വരുന്ന മൂര്‍ഖന്‍ പാമ്പാണ് ഇത്തവണ മണ്‍സൂണ്‍ സീസണില്‍ പിടികൂടിയ പാമ്പുകളില്‍ ഏറ്റവും വലിപ്പമേറിയത്.