Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഴക്കൻവെള്ളത്തിലും ചാകരയില്ല; 400 വർഷത്തെ നിഗൂഢത തേടി ശാസ്ത്രം

fish.jpg.image.784.410

പത്തനംതിട്ട ∙ പമ്പ, മണിമല, അച്ചൻകോവിൽ ആറുകളുടെ അഴിമുഖമായ പുറക്കാട്, തൃക്കുന്നപ്പുഴ, പല്ലന കടലോരങ്ങളിൽ ഇക്കുറിയും ചാകര ഇല്ല. ഒരു കാലത്ത് ഇടവമാസത്തിൽ ആദ്യ പ്രളയത്തിൽ തന്നെ കൃത്യമായി വന്നുകൊണ്ടിരുന്ന ചാകരയും മീൻകൂട്ടവും ഏതാനും വർഷങ്ങളായി ഓർമ മാത്രമാണ്. പുന്നപ്ര ഭാഗത്ത് ചെറിയ തോതിൽ ചാകര പ്രത്യക്ഷപ്പെട്ടതു മാത്രമാണ് പ്രതീക്ഷ.

ചാകരക്കുറവിന്റെ കാരണങ്ങൾ 

പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിലെ വെള്ളത്തിന്റെ ഒരു ഭാഗം ലീഡിങ് ചാനലിലൂടെ തോട്ടപ്പള്ളി സ്പിൽവേയിൽ എത്തിയാണു കടലിൽ ചേരുന്നത്. ബാക്കിഭാഗം വേമ്പനാട്ട് കായലിലെ മുഹമ്മ ഭാഗത്തേക്കു പോകും. അപ്പർ കുട്ടനാട് ഭാഗത്ത് പലയിടത്തും കൈത്തോടുകൾ അടച്ച് അശാസ്ത്രീയമായി റോഡ് നിർമിച്ചതോടെ പഴയതുപോലെ വെള്ളം പടിഞ്ഞാറോട്ട് ഒഴുകി മാറുന്നില്ല. വരട്ടാർ, കോലറയാർ, അരീത്തോട്, കോട്ടച്ചാൽ, ഉത്രപ്പള്ളിയാർ, കുട്ടംപേരൂരാർ, കുറ്റൂർ ആഞ്ഞിലിക്കുഴിയാർ തുടങ്ങിയവ കുറെയൊക്കെ നവീകരിച്ചെങ്കിലും പഴയ ഒഴുക്കു വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ഈ പ്രളയം തെളിയിച്ചു. 

ഏകദേശം 10, 576 ഹെക്ടർ വിസ്തൃതമായ അപ്പർ കുട്ടനാട് മേഖല പലയിടത്തും സമുദ്രനിരപ്പിൽ നിന്നു 2.5 മീറ്റർ വരെ താഴെയാണ്. കായംകുളം ഭാഗത്ത് കടലിൽ പുലിമുട്ട് കെട്ടിയതോടെ തോട്ടപ്പള്ളി ഭാഗത്ത് കടൽമണൽത്തിട്ടകളുടെ ഉയരം കൂടി. കടൽ ഉയർന്നും നദി താഴ്ന്നും നിൽക്കുന്നതിനാൽ പഴയതുപോലെ പ്രളയജലത്തെ ഉൾക്കൊള്ളാൻ ലീഡിങ് ചാനലിനു കഴിയുന്നില്ല. ചാനലിന്റെ ആഴം കൂട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഇതിനു പുറമെയാണ് അമ്പലപ്പുഴ, പുറക്കാട് കരി മേഖലയിലൂടെ പോകുന്ന തീരദേശ റെയി‍ൽവേ.  

എന്താണ് ചാകര? 

സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നു ചെളിയും മറ്റു പ്ലവകങ്ങളും മുകളിലേക്കു തള്ളിവരുന്ന ശക്തമായ പ്രവാഹമാണ് ചാകര. ചാകര വന്ന് കിലോമീറ്ററുകളോളം കടൽ തീരത്ത് ചെളി ഉയരും. ഈ ഭാഗം തിരയില്ലാതെ നിശ്ചലമാകും. വെള്ളത്തിന്റെ സാന്ദ്രത കുറയുന്നതുമൂലമാണ് ഇത്. ഇങ്ങനെ കടൽ ചലനമറ്റ് നിൽക്കുന്നതിൽ നിന്നാണ് ചത്തകര അഥവാ ചാകര എന്ന വാക്കു വന്നത്. ചെളിയിലെ തീറ്റ തിന്നാനാണു മത്തിയും ചെമ്മീനും കൊഴുവയും മറ്റും കൂട്ടമായി എത്തുന്നത്. ഇവയെ തിന്നാൽ വലിയ മീനുകളും എത്തുന്നതോടെ മൽസ്യത്തൊഴിലാളികൾക്കു ‘ചാകര’യാകും. 

നദികളുടെയും കായലിന്റെയും കടലിന്റെയും അടിത്തട്ടിൽ ജൈവ വസ്തുക്കൾക്കു പകരം പ്ലാസ്റ്റിക് ഉൾപ്പെയുള്ള മാലിന്യമാണ് ഇപ്പോൾ അടിയുന്നത്. നെൽകൃഷിയും പാടങ്ങളും ഇല്ലാതായതോടെ ജൈവവസ്തുക്കളും എക്കലും കുറഞ്ഞു. ഇതിനു പുറമേയാണു കാലാവസ്ഥാ മാറ്റം, മൺസൂൺ മഴയിലെ മാറ്റം, കായലിലെ മാറ്റം, കടൽത്തീരത്തെ നിർമാണം തുടങ്ങിയവ. 

കൊച്ചിയിലെ ദേശീയ ഓഷ്യനോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ചാകരയെ ചുറ്റിപ്പറ്റിയുള്ള കുറെ നിഗൂഢതകൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞെങ്കിലും മഴക്കാലത്തു മധ്യതിരുവിതാംകൂർ പ്രദേശത്തെ നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളവുമായി ഇതിനുള്ള ബന്ധം ഇപ്പോഴും കൗതുകമായി തുടരുന്നു. വിദേശ സർവകലാശാലയും ഇതു സംബന്ധിച്ച പ്രാഥമിക പഠനം നടത്തിയിരുന്നു.  

പമ്പാനദിയുടെ അന്തർധാനം 

പമ്പാ നദിയിൽ പുത്തൻകാവിനു താഴെ അത്തിമൂട്ടിൽ കയത്തിലൂടെ നദിയുടെ ഒരു ഭാഗം അന്തർധാനം ചെയ്യുന്നുവെന്നും ഈ വെള്ളമാണു ചാകരയായി പുറക്കാട്ടും മറ്റും ഉയരുന്നതെന്നും പമ്പാ പരിരക്ഷണ സമിതിയിലെ ഗവേഷകനായ ഡോ. വർഗീസ് മാത്യു പറഞ്ഞു. ഇതു സംബന്ധിച്ച് ഗവേഷണം ആവശ്യമാണ്.  

പല വർഷങ്ങളിലും ഇപ്പോൾ ചാകര കാണുന്നില്ലെന്നു പ്രമുഖ മൽസ്യ ഗവേഷകനും കായൽകൃഷി ഗവേഷണ കേന്ദ്രം മേധാവിയുമായ ഡോ. കെ. ജി പദ്മകുമാർ പറഞ്ഞു. ഈ വർഷം വൈകാതെ ചാകര പ്രത്യക്ഷപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.  28 കരകളിൽ ഇതിനു മുമ്പ് ചാകര കാണപ്പെടുമായിരുന്നു. 1998നു ശേഷം കാര്യമായ ചാകര ഉണ്ടായിട്ടില്ല.  

സർക്കാരിന്റെ ശ്രദ്ധയിൽപെട്ടു 

പലവർഷങ്ങളിലും ചാകര രൂപപ്പെടാത്തതിനെപ്പറ്റി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി.ദത്തൻ പറഞ്ഞു. കേരള തീരത്ത് ചാകര ഉണ്ടാക്കുന്ന രാസപ്രവർത്തനങ്ങളെപ്പറ്റി പഠനം നടത്തണെന്നും ദത്തൻ അഭിപ്രായപ്പെട്ടു. 400 വർഷത്തിലധികമായി കേരള തീരത്ത് വെള്ളപ്പൊക്കത്തോട് അനുബന്ധിച്ചാണ് ചാകര വരുന്നത്. കാറ്റ്, നദികളിൽ നിന്നുള്ള അമിതമായ പ്രളയജലത്തിന്റെ വരവ്, തിരമാല, മഴ, ചെളി എന്നിങ്ങളെ ഒട്ടേറെ സങ്കീർണമായ ജൈവ, രാസ, ഭൗതിക ഘടകങ്ങളാണു ചാകരയ്ക്കു പിന്നിൽ.