Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വളർത്തുമൃഗങ്ങൾക്കും വേണം ദുരന്ത നിവാരണ പദ്ധതി

വർഗീസ് സി. തോമസ്
Kerala Floods | Dog പ്രളയത്തിൽനിന്നു രക്ഷനേടാൻ മേൽക്കൂരയിൽ അഭയംതേടിയ വളർത്തുനായ.

സംസ്‌ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വളർത്തുമൃഗങ്ങൾക്കുള്ള രക്ഷാപദ്ധതി കാര്യക്ഷമമാക്കണമെന്ന് ആഗോള മൃഗസംരക്ഷണ സംഘടനയായ വേൾഡ് ആനിമൽ പ്രൊട്ടക്‌ഷൻ. പ്രളയത്തിൽ 46,016 കന്നുകാലികൾക്കും 25 ലക്ഷത്തോളം കോഴികൾക്കും നാശം നേരിട്ടതായി മൃഗസംരക്ഷണ വകുപ്പു തന്നെ വെളിപ്പെടുത്തിയ പശ്‌ചാത്തലത്തിലാണു പദ്ധതി കാര്യക്ഷമമാക്കുന്നതിനെപ്പറ്റി ആലോചന. വിപുലമായ ദുരന്തനിവാരണ പദ്ധതി ഉണ്ടായിരുന്നെങ്കിൽ ഇത്രവലിയ മൃഗനാശം ഒഴിവാക്കാമായിരുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് ഇതിനായി ചട്ടങ്ങൾ ഉണ്ടെങ്കിലും സംസ്‌ഥാനത്ത് ഇതു പൂർണതോതിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇനി ആ സ്‌ഥിതി മാറണമെന്നും വേൾഡ് ആനിമൽ പ്രൊട്ടക്‌ഷൻ ഇന്ത്യ ഡയറക്‌ടർ ഗജേന്ദർ ശർമ പറഞ്ഞു.

സംസ്‌ഥാന മൃഗസംരക്ഷണ വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, റെഡ് ക്രോസ് തുടങ്ങിയവയുമായി ചേർന്നാവും മൃഗരക്ഷാ പദ്ധതി ആവിഷ്‌കരിക്കുക. ഇതിനു സംഘടന എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തു.

kerala-floods-cow-1 കുട്ടനാട്ടിലെ പ്രളയത്തിൽനിന്ന് കന്നുകാലികളെ രക്ഷിച്ചുകൊണ്ടുവരുന്നു.

എന്നാൽ മൃഗങ്ങൾക്കു സംസ്ഥാനത്ത് ദുരന്ത നിവാരണ പദ്ധതി 2016 മുതൽ നടപ്പാക്കിയിട്ടുണ്ടെന്നും ഇതിനായി തുക അനുവദിക്കാറുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് വിശദീകരിച്ചു. ആഗോള സംഘടനയുടെ പിന്തുണയോടെ അതു പൂർണതോതിൽ നടപ്പാക്കുകയാണ് ഇനി വേണ്ടെതെന്നും ശേഖർ പറഞ്ഞു. സംസ്‌ഥാനത്തെ അഞ്ച് പ്രളയബാധിത ജില്ലയിലെ 23 പഞ്ചായത്തുകളിൽ 1600 ചാക്ക് പോഷകസമൃദ്ധമായ കാലിത്തീറ്റ സംഘടന കഴിഞ്ഞ ദിവസം വിതരണം ചെയ്‌തു. 20,000 പായ്‌ക്കറ്റ് വൈറ്റമിൻ ലവണവും (മിനറൽ മിക്‌സ്‌ചർ) ഇതോടൊപ്പം കർഷകർക്കു നൽകി.

ന്യൂസിലൻഡ് മാതൃക കേരളത്തിലും വേണം

ദുരന്തവേളകളിൽ വളർത്തുമൃഗങ്ങൾക്കു രക്ഷാപദ്ധതി ഒരുക്കിയിരിക്കുന്നതിൽ ന്യൂസിലൻഡാണു ലോകത്തിനു മാതൃകയെന്നു ഡിസാസ്‌റ്റേഴ്‌സ് പ്രോജക്‌ട് മേധാവി ഹാൻസൻ തമ്പി പ്രേം പറഞ്ഞു.

ദുരന്തം വരുമ്പോൾ ഓരോ മൃഗങ്ങളെയും രക്ഷപെടുത്തേണ്ട വഴി, എത്തിക്കേണ്ട സ്‌ഥലം, അതിനാവശ്യമായ യന്ത്രസാമഗ്രികൾ, പരിശീലനം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. പഞ്ചായത്ത് വാർഡ് തലത്തിൽനിന്നാണ് ഇത് ആരംഭിക്കേണ്ടത്. ഇതിനായി മൃഗദുരന്തനിവാരണ നിയമ നിർമാണം നടത്തേണ്ടി വരും. ഇതിനായി പ്രത്യേക വിഭാഗവും പരിശീലന പദ്ധതിയും വേണം.

മഴക്കാലത്തിനു മുമ്പ് കന്നുകാലി ക്യാംപുകൾ തുറന്ന് ആവശ്യമായ തീറ്റയും മരുന്നും വെള്ളവും ഡോക്‌ടറുടെ സേവനവും ലഭ്യമാക്കണം. മഴക്കാലത്തിനു മുമ്പ് കുത്തിവയ്‌പ്പ് എടുക്കണം. പ്രളയം കഴിഞ്ഞു വിരമരുന്ന് നൽകണം. ചത്തവയെ ശാസ്‌ത്രീയമായി മറവു ചെയ്യണം. വിദേശ രാജ്യങ്ങളിൽ വീടിന്റെ ഭിത്തിയിൽ മൃഗരക്ഷാ പദ്ധതി പ്രദർശിപ്പിക്കണമെന്നു നിഷ്‌കർഷയുണ്ട്. മൃഗങ്ങൾക്കായുള്ള പ്രഥമശുശ്രൂഷാ കിറ്റും ഉണ്ട്.

പ്രളയവും വരൾച്ചയും വരുമ്പോൾ നൽകാൻ പോഷകഗുണം ഏറെയുള്ള വലിയ മരങ്ങൾ നേരത്തെ നട്ടുപിടിപ്പിക്കണം. സൈലേജ് ലായനികൾ നേരത്തെ തന്നെ വാറ്റി തയാറാക്കി വയ്‌ക്കാം. കച്ചി കൂടുതൽ പോഷക സമൃദ്ധമാക്കി സൂക്ഷിച്ചുവച്ച് ദുരന്ത സമയത്ത് നൽകാം. ഇങ്ങനെ ഒട്ടേറെ പെരുമാറ്റ ചട്ടങ്ങൾ അടങ്ങിയ പദ്ധതിരേഖ 2016ൽ കേന്ദ്ര മൃഗക്ഷേമ വകുപ്പ് കേരളത്തിന് ഉൾപ്പെടെ അയച്ചെങ്കിലും ഇതു നടപ്പാക്കിയിരിക്കുന്നത് ഒഡീഷ പോലെ ചുരുക്കം സംസ്‌ഥാനങ്ങൾ മാത്രമാണ്.