Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലത്തിൽ നിന്നു വീണ നായയ്ക്ക് തുണയായത് ഇവർ

പ്രായമായതിനാൽ കാഴ്ച കുറവാണെന്ന് ഓർക്കാതെ അവൻ പുതിയ വഴിയേ നടന്നു. അത‍ു പാലത്തിലേക്കാണു കയറുന്നതെന്നും പാലം ആലപ്പുഴ ബൈപാസിന്റേതാണെന്നും അവൻ അറിഞ്ഞിരിക്കില്ല. റെയിൽവേ അനുമതി നൽകാത്തതിനാൽ പാലം പൂർത്തിയായിട്ടില്ലെന്നും അവനു മനസ്സിലായില്ല. നടന്നു നടന്ന്, ഇനിയും നിർമാണം പൂർത്തിയാകാത്ത മാളികമുക്ക് റെയിൽവേ മേൽപാലത്തിനു മുൻപിലെത്തി. പാലം തീർന്നതറിയാതെ അടുത്ത ചുവടുവച്ചതും ആറു മീറ്റർ താഴ്ചയിലേക്കു വീണു, ആ നായ. കിടന്ന കിടപ്പിൽ ദയനീയമായി ഓരിയിട്ടു

ആരും തിരിഞ്ഞു നോക്കിയില്ല. രണ്ടു മുൻകാലുകളും ഒടിഞ്ഞ്, പല്ലുപറിഞ്ഞ്, താടി മുറിഞ്ഞ് അവൻ ഒരു മണിക്കൂറോളം കിടന്നു, അടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻ‍ഡിൽ നിഷാദും മൻസൂറും എത്തുന്നതു വരെ. നായയുടെ ദയനീയമായ കിടപ്പു കണ്ട് നാട്ടുകാരോടു വിവരം അന്വേഷിച്ചറിഞ്ഞ നിഷാദും മൻസൂറും അവനെയുമെടുത്ത് ജില്ലാ മൃഗാശുപത്രിയിലേക്ക് ഓട്ടോ ‘ആംബുലൻസിൽ’ പാഞ്ഞു

രണ്ടു കാലിലും പ്ലാസ്റ്ററിട്ട്, ഒടിഞ്ഞ പല്ല് പറിച്ചുകളഞ്ഞ്, താടിയിലെ മുറിവിൽ തുന്നലിട്ട് ‘രോഗി’യെ ഡിസ്ചാർജ് ചെയ്തു. സ്വന്തമായി വീടില്ലാത്തതിനാൽ നിഷാദിനും മൻസൂറിന‍ും അവനെ എടുത്ത സ്ഥലത്തു തന്നെ കിടത്തേണ്ടി വന്നെങ്കിലും ഇടവേളകളിൽ ഭക്ഷണം കൃത്യമായി എത്തിച്ചു. നിഷാദിന്റെയും മൻസൂറിന്റെയും ആത്മാർഥത കണ്ട്, അവരില്ലാത്തപ്പോൾ നാട്ടുകാരിൽ ചിലരും ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്

‘‘20 ദിവസത്തെ വിശ്രമത്തിനൊടുവിൽ അവനു ഭേദമാകുന്നുണ്ട്. ഏറ്റെടുക്കാൻ ആരെങ്കിലും എത്തിയാൽ, സുരക്ഷിതമായി നോക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ അവനെ ഒപ്പം വിടും’’– മൻസൂർ പറഞ്ഞു.