Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 വർഷത്തിനിടെ കൊമ്പുവേട്ടക്കാർ കൊന്നുതള്ളിയത് 18 കാട്ടാനകളെ

Elephant

ആനവേട്ട പൂർണമായി അവസാനിപ്പിച്ചുവെന്നു വനം വകുപ്പ് ആവർത്തിക്കുമ്പോഴും കഴിഞ്ഞ 3 വർഷത്തിനിടെ വേട്ടക്കാർ കൊന്നൊടുക്കിയത് 18 കാട്ടാനകളെ. 2016നും 2017നുമിടയിലാണ് കൊമ്പ് നഷ്ടപ്പെട്ട നിലയിൽ 18 ആനകളുടെ ജഡം കേരളത്തിലെ വിവിധ വനം ഡിവിഷനുകളിൽ കണ്ടെത്തിയത്. കഴിഞ്ഞ 5 വർഷത്തിനിടെ ആകെ 463 കാട്ടാനകൾ ചരിഞ്ഞു. 

ആനക്കൊമ്പു വേട്ടയ്ക്കു പുറമെ വളർച്ചയെത്താത്ത കുട്ടിയാനകളെ കൊന്നു തേറ്റ കടത്തുന്ന സംഘങ്ങളും വനമേഖലകളിൽ സജീവം.  വാഴച്ചാൽ വനം ഡിവിഷനു കീഴിലെ  മേഖലയിൽനിന്നു മാത്രം കഴിഞ്ഞ 2 വർഷത്തിനിടെ 9 കുട്ടിയാനകളെ വേട്ടക്കാർ കൊന്നതായി വിവരമുണ്ടെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. 

വളർച്ചയെത്താത്ത ആനകളുടെ തേറ്റ കടത്തുന്ന പ്രവണത നിലനിൽക്കുന്നതായി വനംവകുപ്പ് തുറന്നു സമ്മതിക്കുന്നില്ലെങ്കിലും തേറ്റവേട്ട തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ.കേശവൻ അറിയിച്ചിട്ടുണ്ട്. 

ഇടമലയാർ ആനവേട്ട അടക്കം കേരളത്തെ പിടിച്ചുലച്ച വേട്ടക്കേസുകൾ പുറത്തുവന്നതിനു ശേഷവും ഇതു തുടരുന്നുവെന്നു വനംവകുപ്പ് രേഖകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ ഏറ്റവുമധികം ആനവേട്ട ഔദ്യോഗികമായി രേഖപ്പെടുത്തിയത് 2015–16 കാലത്താണ്. 16 ആനകളെ കൊമ്പ് നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തി. 

2016–17 കാലത്ത് 2 ആനകളെയും വേട്ടക്കാർ കൊന്നു. ഈ 2 വർഷങ്ങളിലാണ് അടുത്തകാലത്ത് ഏറ്റവുമധികം കാട്ടാനകൾ ചരിഞ്ഞതും. 2015–16ൽ 124 കാട്ടാനകൾ ചരിഞ്ഞു. തൊട്ടടുത്തവർഷം 127 കാട്ടാനകളും. 5 വർഷത്തിനിടെ ചരിഞ്ഞതും വേട്ടയ്ക്കിരയായതും കൂടി 463 ആനകൾ. പ്ലാസ്റ്റിക് ഉള്ളിൽച്ചെന്ന് എരണ്ടകെട്ട് ബാധിച്ചും കാലിൽ ചില്ലുകുപ്പികൾ തറച്ചുകയറി വ്രണം ബാധിച്ചും ആനകൾ ചരിഞ്ഞിട്ടുണ്ട്.

മരണകാരണം എന്ത്? അറിയില്ലെന്നു മറുപടി!

വനമേഖലകളിൽ അസ്വാഭാവിക മരണം സംഭവിച്ച ആനകളുടെ മരണകാരണത്തെക്കുറിച്ച് വനംവകുപ്പിന് അജ്ഞത. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിൽനിന്നു നൽകുന്ന മറുപടി. ഏതൊക്കെ വനം ഡിവിഷനുകളിൽ എത്ര ആനകൾ അസ്വാഭാവികമായി ചരിഞ്ഞു എന്നതു സംബന്ധിച്ച വിവരങ്ങളും വനംവകുപ്പിന് അജ്ഞാതം