Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറം മാറുന്ന കോസ്റ്റാറിക്കയി ലെ കരിങ്കുരങ്ങുകള്‍

Black Costa Rican Monkey

ദക്ഷിണ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയിലെ കരിങ്കുരങ്ങുകള്‍ പ്രശസ്തമാണ്. പിന്‍ഭാഗത്തെ അല്‍പം ഓറഞ്ച് നിറം മാറ്റി നിര്‍ത്തിയാല്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഇവയുടെ ശരീരം മുഴുവന്‍ കറുത്ത രോമങ്ങളാല്‍ ആവൃതമാണ്. കോസ്റ്റാറിക്കയില്‍ മാത്രമല്ല ദക്ഷിണ അമേരിക്കയിലെ മഴക്കാടുകള്‍ ഉള്ള മേഖലകളിലെല്ലാം ഇവയുടെ സാന്നിധ്യമുണ്ട്. പക്ഷെ ഈയിടെയായി കോസ്റ്റാറിക്കയിലെ കരിങ്കുരങ്ങുകളില്‍ മാത്രം ആശങ്കപ്പെടുത്തുന്ന ഒരു മാറ്റം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ കുരങ്ങുകളുടെ രോമത്തിന്‍റെ നിറം കറുപ്പില്‍ നിന്നു മഞ്ഞ നിറത്തിലേക്കു മാറാന്‍ തുടങ്ങിയിരിക്കുന്നു. 

നിറം മാറ്റം

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇരുപതോളം കുരങ്ങുകളില്‍ ഈ നിറം മാറ്റം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യം ഒറ്റപ്പെട്ട സംഭവമാകുമെന്നു കരുതിയെങ്കിലും എണ്ണം കൂടി വന്നതോടെ കുരങ്ങുകള്‍ക്കു സംഭവിക്കുന്ന ഈ നിറം മാറ്റം ഗവേഷകര്‍ ഗൗരവമായെടുത്തു. ഇതേക്കുറിച്ചു പഠനവുമാരംഭിച്ചു. എന്തുകൊണ്ട് കോസ്റ്റാറിക്കയിലെ കുരങ്ങുകളില്‍ മാത്രം ഈ നിറം മാറ്റം സംഭിവിക്കുന്നു എന്നതായിരുന്നു പഠനത്തിന്‍റെ ആദ്യപടി. ഇതോടെ ജനിതകപരമായ കാരണങ്ങളല്ല കുരങ്ങുകളിലെ നിറം മാറ്റത്തിനു പിന്നിലെന്നു ഗവേഷകര്‍ മനസ്സിലാക്കി.

തുടര്‍ന്നുള്ള പഠനത്തിലാണു നിറം മാറുന്നതിനിടയാക്കുന്ന കുരങ്ങുകളുടെ ശരീരത്തിലെ മാറ്റങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. നിറം മാറുന്ന കുരങ്ങുകളുടെ ശരീരത്തില്‍ ഉൽപാദിപ്പിക്കപ്പെടുന്ന മെലാനിലിലുള്ള വ്യത്യാസമാണ് ഗവേഷകര്‍ ആദ്യം തിരിച്ചറിഞ്ഞത്. സസ്തനികളുടെ ശരീരത്തിലെ ത്വക്കിന്‍റെയും രോമത്തിന്‍റെയും നിറം നിർണയിക്കുന്നത് മെലാനിന്‍ എന്ന പിഗ്മന്‍റ് ആണ്. കറുത്ത നിറമുള്ള കുരങ്ങുകളില്‍ മെലാനിന്‍റെ ഒരു വിഭാഗമായ യുമെലാനിന്‍ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്.

അതേസമയം നിറം മാറുന്ന കുരങ്ങുകളില്‍ യുമെലാനിനൊപ്പം തന്നെ ഫിയോമെലാനിനും ഉൽപാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. ഈ ഫിയോമെലാനിന്‍ ആണ് കുരങ്ങുകളുടെ രോമത്തിനു മഞ്ഞനിറം നല്‍കുന്നത്. ഫിയോമെലാനിന്‍റെ ഉൽപാദനത്തിലെ കുറവും കൂടുതലും അനുസരിച്ച് രോമത്തിലെ മഞ്ഞനിറത്തിന്‍റ അളവും കൂടിയും കുറഞ്ഞുമിരിക്കും. ചില കുരങ്ങുകളുടെ വാലുകളില്‍ മാത്രമാണ് മഞ്ഞ നിറമെങ്കില്‍ മറ്റു ചിലവയുടെ ശരീരത്തില്‍ കറുത്ത രോമങ്ങളേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ മഞ്ഞ രോമങ്ങളാണ്. 

മെലാനിന്‍ ഉൽപാദനത്തിലെ മാറ്റത്തിനു കാരണം

കൃത്യമായ കാരണം ഇതുവരെ കണ്ടെത്തായിട്ടില്ലെങ്കിലും പ്രാഥമിക പരിശോധനയ്ക്കു ശേഷം ഗവേഷകര്‍ ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് കീടനാശിനികളെയാണ്. നിറം മാറിയ കുരങ്ങുകളിലെ മഞ്ഞരോമത്തില്‍ കണ്ടെത്തിയ സള്‍ഫറിന്‍റെ അംശമാണ് ഈ നിഗമനത്തിനു വഴിവച്ചത്. ലോകത്ത് എല്ലായിടത്തും ഉൽപാദിപ്പിക്കപ്പെടുന്ന കീടനാശിനികളിലെ മുഖ്യഘടകമാണ് സള്‍ഫര്‍. കോസ്റ്റാറിക്കയാകട്ടെ കീടനാശിനി ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ്. ഒരു ഹെക്ടറിന് ഏകദേശം 25 കിലോ കീടനാശിനിയാണ് കോസ്റ്റാറിക്കയിൽ ഒരു വര്‍ഷം ഉപയോഗിക്കുന്നത്.

കീടനാശിനി ഉപയോഗിക്കുന്ന പൈനാപ്പിള്‍ , വാഴത്തോട്ടങ്ങളുടെ സമീപത്തുള്ള വനമേഖലകളിലെ കുരങ്ങുകളിലാണ് ഈ നിറം മാറ്റം ആദ്യം ദൃശ്യമായത്. ഇതും നിറം മാറ്റത്തില്‍ കീടനാശിനികള്‍ക്കുള്ള പങ്കിനെക്കുറിച്ചു ഗവേഷകരില്‍ സംശയം ഉണര്‍ത്താന്‍ കാരണമായി. നിലവില്‍ ഈ നിറം മാറ്റം കുരങ്ങന്‍മാരില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. പക്ഷെ ജഗ്വാര്‍ ഉള്‍പ്പടെയുള്ള വേട്ടമൃഗങ്ങളുടെ ശ്രദ്ധയില്‍ ഇവ വേഗം പെടുന്നതിന് ഈ മഞ്ഞനിറം കാരണമായേക്കും. 

ഇതാദ്യമായാണ് രോഗബാധ കാരണമല്ലാതെ ഏതെങ്കിലും സസ്തനിയില്‍ ഇത്തരമൊരു നിറം മാറ്റം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ജനിതകപരമായി ഈ നിറം മാറ്റം വരും തലമുറകളിലേക്കെത്തുമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ തുടര്‍ന്നുള്ള നിരീക്ഷണത്തിലൂടെ മാത്രമെ വ്യക്തമാകൂ.