Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസിൽ പോകുമ്പോഴെല്ലാം കൂട്ടു പോയി; നായയ്ക്കും ഓണററി ഡിപ്ലോമ!

diploma

ന്യൂയോർക്കിൽ ബ്രിറ്റനി ഹൗളി ക്ലാസിൽ പോകുമ്പോഴെല്ലാം കൂട്ടിനു ഗ്രിഫിനുമുണ്ടായിരുന്നു. വീൽചെയർ ജീവിതത്തിൽ എന്തിനുമേതിനുമൊരു നായ്ക്കൂട്ട്. ഗോൾഡൻ റിട്രീവർ ഇനം, വയസ്സ് 4. ഹൗളി ഇന്റേൺഷിപ്പിന്റെ ഭാഗമായി രോഗികളെ പരിചരിക്കുമ്പോൾ ആകുംവിധം സഹായിക്കാൻ പോലും അവൻ ശ്രമിച്ചു. ഹൗളിക്ക് ഒക്കുപ്പേഷനൽ തെറപ്പിയിൽ മാസ്റ്റേഴ്സ് സമ്മാനിക്കുമ്പോൾ ക്ലാർക്സൺ സർവകലാശാല ഗ്രിഫിനും കൊടുത്തു, ഓണററി ഡിപ്ലോമ.

കടുത്ത ശരീരവേദന ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിട്ടാണു ഹൗളിയുടെ (25) ജീവിതം. വാതിൽ തുറക്കാനും ലൈറ്റിടാനും ലേസർ പോയിന്റർ കൊണ്ട് അവൾ ചൂണ്ടിക്കാട്ടുന്ന സാധനങ്ങൾ എടുത്തുകൊടുക്കാനും ഗ്രിഫിനുണ്ട്. ഇതിനല്ലാമപ്പുറമാണു മനസ്സിനു പകരുന്ന സാന്ത്വനം. വെസ്റ്റ് വെർജീനിയയിൽ തടവുകാർ പരിശീലിപ്പിച്ച നായ്ക്കളിൽ നിന്നാണ് ഇവനെ ഹൗളിക്കു കിട്ടിയത്. ഇഷ്ടമുള്ള നായയെ നാം തിരഞ്ഞെടുക്കുകയല്ല, ഇഷ്ടമുള്ളയാളെ നായ തിരഞ്ഞെടുക്കുന്ന രീതിയാണവിടെ.

ഹൗളിയുടെ വീൽചെയർ കണ്ടു മറ്റു നായ്ക്കൾ വിരണ്ടപ്പോൾ ഗ്രിഫിൻ ചാടിവന്നു മടിയിലിരുന്നു; സ്നേഹപൂർവം മുഖത്തു നക്കി. ഇപ്പോൾ ഇന്റേൺഷിപ് കഴിഞ്ഞ് ജോലിക്കുള്ള അപേക്ഷകളിൽ ഹൗളി തന്നെയും ഗ്രിഫിനെയും ചേർത്തുള്ള പാക്കേജ് ഡീൽ ആണു മുന്നോട്ടുവയ്ക്കുന്നത്.