Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം ‘പല മടങ്ങാകാൻ’ സാധിക്കുന്ന ജീവി രക്ഷപ്പെട്ടു; ലോകത്തെ ജലാശയങ്ങളിൽ പെരുകുന്നു...!

crayfish

ജർമനിയിലെ ഒരു അക്വാറിയത്തിൽ രണ്ടു പതിറ്റാണ്ടു മുൻപുണ്ടായ ഒരു ചെറിയ അപകടം, അല്ലെങ്കിലൊരു കയ്യബദ്ധം. എന്തുതന്നെയായാലും അക്വാറിയത്തിലുണ്ടായിരുന്ന ‘മാർബിൾ ക്രേഫിഷ്’ അഥവാ ‘മാർമോക്രെബ്’ എന്നറിയപ്പെടുന്ന ഒരുതരം കുഞ്ഞൻജീവി രക്ഷപ്പെട്ടു പുറത്തുചാടി. കാഴ്ചയിൽ കൊഞ്ചിനെപ്പോലെയിരിക്കുന്ന ഇതിന് വെള്ളത്തിലും കരയിലും കഴിയാനുള്ള കഴിവുണ്ട്. യുഎസിലെ ടെക്സസിൽ നിന്നു കൊണ്ടുവന്ന ക്രേഫിഷായിരുന്നു അത്. അതൊരു വലിയ സംഗതിയൊന്നുമല്ല. പക്ഷേ വർഷങ്ങൾക്കിപ്പുറം ഒരു പ്രത്യേകതരം ക്രേഫിഷിന്റെ അസാധാരണമായ എണ്ണത്തിലെ ‘പെരുകൽ’ കണ്ട് അന്തംവിട്ട ഗവേഷകർ അതിനെപ്പറ്റി അന്വേഷണം നടത്തി ഒടുവിൽ എത്തിച്ചേർന്നത് ജർമനിയിലെ അക്വാറിയത്തിലായിരുന്നു. 

അവിടെ നിന്ന് അന്നു ചാടിപ്പോയ ക്രേഫിഷുകളിൽ ഒന്നിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. തനിയെ ‘ക്ലോൺ’ ചെയ്യാനുള്ള കഴിവ്. അതായത് ലൈംഗിക പ്രത്യുത്പാദനത്തിലൂടെയല്ലാതെ, ആണ്‍ ക്രേഫിഷിന്റെ സഹായമില്ലാതെ, മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനുള്ള കഴിവ്. ‘എസെക്ഷ്വൽ റീപ്രൊഡ്ക്‌ഷനിലൂ’ടെ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഒരേയൊരു ക്രേഫിഷും ഈ മാർമോക്രെബുകളാണ്. അതവയിൽ പരീക്ഷണം നടത്തി സൃഷ്ടിച്ചതൊന്നുമല്ല. ഒരു നിർണായക ഘട്ടത്തിൽ ജനിതകപരമായ വൈകല്യത്തിലൂടെ സംഭവിച്ചതാണ്. സെക്സ് സെല്ലുകളിലുണ്ടായ ചെറിയൊരു ക്രോമസോം മാറ്റമാണ് സ്വയം ഉൽപാദിപ്പിക്കാനാകുന്ന ക്രേഫിഷുകളെ സൃഷ്ടിച്ചതെന്നു ചുരുക്കം. 

crayfish

സാധാരണ സെക്സ് സെല്ലുകൾക്ക് ഒരൊറ്റ ക്രോമസോമേ ഉള്ളൂ. എന്നാൽ തകരാറു സംഭവിച്ച ക്രേഫിഷിലെ സെല്ലിൽ രണ്ടെണ്ണമുണ്ടായിരുന്നു. ഈ സെക്സ് സെൽ സാഹചര്യവശാൽ ഒരു പെൺ ക്രേഫിഷിനു ജന്മം കൊടുക്കാൻ കാരണമായി. ഇവയിലാകട്ടെ മൂന്നു ക്രോമസാം പതിപ്പുകളുണ്ടായിരുന്നു. ഇതാണ് അവയ്ക്ക് വളരാനും മുട്ടയിടാനും ആൺസഹായമില്ലാതെ പ്രത്യുത്പാദനത്തിനുമെല്ലാം സഹായിച്ചത്. ഇപ്പോഴും ഇവയ്ക്ക് ആണുങ്ങളുടെ സഹായം ആവശ്യമില്ല. അഥവാ ബന്ധപ്പെട്ടാൽ പോലും പെൺ ക്രേഫിഷുകൾ തങ്ങൾക്കു കിട്ടിയ ജനിതകപരമായ കഴിവുകളാൽ മാത്രമേ പ്രത്യുത്പാദനം നടത്തൂ. എന്തായാലും സംഗതിയിപ്പോൾ കൈവിട്ടു പോയ അവസ്ഥയിലാണ്. 

ലോകം മുഴുവൻ അതിവേഗം പടരുകയാണ് ഈ മാർമോക്രെബുകൾ. അതും നിലവിലെ പല ജല ആവാസവ്യവസ്ഥകളെയും തകിടം മറിച്ചുകൊണ്ട്. നിലവിൽ ജർമനി മുഴുവൻ ഇവ കീഴടക്കിക്കഴിഞ്ഞു. പിന്നാലെ യൂറോപ്പിൽ മുഴുവൻ പരന്ന ഇവ അങ്ങുദൂരെ ആഫ്രിക്ക വരെയെത്തിയിരിക്കുന്നു. ജപ്പാനിലും മഡഗാസ്കറിലും വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ക്രേഫിഷുകൾ ഏറെ വളരുന്ന അമേരിക്കയിലെ ഫ്ലോറിഡയിലേതിനു സമാനമായ കാലാവസ്ഥയാണ് മഡഗാസ്കറിൽ. അതോടെ അവിടത്തെ ക്രേഫിഷിന്റെ എണ്ണം 10 വർഷത്തിനിടെ നൂറമടങ്ങാണ് ഇരട്ടിയായത്. കണ്ണിൽക്കണ്ടതെല്ലാം തിന്നുതീർക്കുന്ന കൂട്ടത്തിലാണ് ഈ ജീവി. ഇലയും പുല്ലും ഒച്ചും ഷഡ്പദങ്ങളും ചെറുമീനുകളുമെല്ലാം ഇവ ഭക്ഷണമാക്കും. അതോടെ യഥാർഥ ക്രേഫിഷുകൾക്കു വരെ ഇവ ഭീഷണിയായിക്കഴിഞ്ഞിരിക്കുകയാണ്. 

ഓരോ മുട്ടവിരിഞ്ഞും ഉൽപാദിപ്പിക്കപ്പെടുന്നത് പെൺ ക്രേഫിഷുകളെ മാത്രമാണ്. അവയ്ക്കാകട്ടെ സ്വയം നൂറുകണക്കിനു മുട്ട വിരിയിച്ച് ക്രേഫിഷുകളുടെ ഒരു തലമുറയെ തന്നെ സൃഷ്ടിക്കാനുള്ള ശേഷിയും. മുട്ട വിരിഞ്ഞിറങ്ങുന്ന എല്ലാം തന്നെ അമ്മയുടെ ‘ക്ലോൺ’ ആയിരിക്കും. അവയ്ക്കും പ്രത്യുത്പാദനത്തിന് ആണിന്റെ സഹായം ആവശ്യമില്ലെന്നു ചുരുക്കം. 15 വർഷമെടുത്താണ് ഗവേഷകർ ഈ ജീവികളുടെ ജീനോം സീക്വൻസ് തയാറാക്കിയത്. ഇനിയും ഒരുലക്ഷത്തിലേറെ വർഷത്തോളം ക്രേഫിഷുകൾ ഭൂമിയിൽ സുഖമായി ജീവിക്കുമെന്നാണവർ പറയുന്നത്. ഇവയെ എങ്ങനെ പ്രതിരോധിക്കുമെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ഗവേഷകർ.