Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിനടിയിൽ ‘നിഗൂഢ’ തടാകം; മനുഷ്യൻ നീന്തിച്ചെന്നാൽ ആ നിമിഷം മരണം ഉറപ്പ്!

Jacuzzi Of Despair

ആഴക്കടലിലെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകളിലൊന്ന് എന്നാണ് ആ തടാകത്തിനെ ഗവേഷകർ വിശേഷിപ്പിച്ചത്. ഗൾഫ് ഓഫ് മെക്സിക്കോയുടെ ആഴങ്ങളിലാണ്  ‘ജക്കൂസി ഓഫ് ഡിസ്പെയർ’ അഥവാ വിഷാദം നിറഞ്ഞ നീരുറവ എന്നു പേരിട്ടു വിളിക്കുന്ന ആ തടാകം. കടലിന്നടിയിൽ നൂറടി ചുറ്റളവിലാണ് ഈ ‘കൊടും ഉപ്പുതടാക’മുള്ളത്. ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാൾ അ‍ഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പ്. ആഴമാകട്ടെ 12 അടിയോളം വരും. ഭൗമോപരിതലത്തിൽ നിന്ന് 3300 അടി താഴെയാണ് ഈ തടാകം. നൂറടി ചുറ്റളവിൽ തികച്ചും വ്യത്യസ്തമായ ആവാസവ്യവസ്ഥയാണിവിടെ. ഇതിലേക്കു ചെന്നുപെട്ടാൽ നിമിഷങ്ങൾക്കകം മനുഷ്യൻ മരിച്ചു വീഴും. 

മനുഷ്യൻ മാത്രമല്ല ഏതു ജീവിയാണെങ്കിലും കടലിന്നിടയിലെ ആ ‘നിഗൂഢ’ തടാകത്തിൽ പെട്ടുപോയാൽ ചത്തു മലച്ചു വീഴും. തടാകം നിറയെ അത്തരത്തിൽ ചത്തുകിടക്കുന്ന ജീവികളുടെ മൃതദേഹങ്ങളാണ്. ജീവനോടെ അവിടെ കാര്യമായൊന്നിനെയും കാണാനാകില്ല. 98 ശതമാനം വരുന്ന അവിടത്തെ ജീവിവർഗങ്ങളും കണ്ണു കൊണ്ടു പോലും കാണാനാകാത്ത വിധം സൂക്ഷ്മജീവികളാണ്. ലവണാംശം കൂടിയതല്ല ഇവിടെ ജീവികളുടെ ശവപ്പറമ്പാക്കുന്നത്. മറിച്ച് സൂക്ഷ്മജീവികളുടെ പ്രവർത്തനത്താൽ വൻതോതിൽ ഉൽപാദിപ്പിക്കപ്പെടുന്ന മീഥെയ്നും ഹൈഡ്രജൻ സൾഫൈഡുമാണ് വില്ലന്മാർ. തടാകത്തിന്നടിയിൽ നിന്ന് ഇവ സൃഷ്ടിക്കുന്ന കുമിളകൾക്കൊപ്പം ഉപ്പും മുകളിലേക്കു പൊങ്ങി വരുന്നതു കാണാം. 

Jacuzzi Of Despair

പ്രത്യേകതരം റോബട്ടിക് വാഹനങ്ങളിൽ ക്യാമറ ഘടിപ്പിച്ച് തടാകത്തിലേക്കിറക്കിയാണ് ഗവേഷകർ ഈയിടത്തെപ്പറ്റി പഠനം നടത്തിയത്. കണ്ടെത്തിയതാകട്ടെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളും. ഫിലാഡൽഫിയയിലെ ടെംപിൾ സർവകലാശാലയിലെ ബയോളജി പ്രഫസർ എറിക് കോർഡ്സിന്റെ പഠനമാണ് ‘വിഷാദം നിറഞ്ഞ നീരുറവ’യ്ക്കുള്ളിലെ നിഗൂഢതയുടെ രഹസ്യങ്ങൾ ലോകത്തിനു മുന്നിലെത്തിച്ചത്. ഓഷ്യനോഗ്രഫി ജേണലിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പഠനക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: ‘ആ തടാകത്തിന്റെ തീരത്തു നിന്ന് ക്യാമറയിലൂടെ നോക്കുമ്പോൾ മറ്റേതോ ലോകത്തെന്ന പോലെയാണ് തോന്നിപ്പോകുക...’ 

Jacuzzi Of Despair

ബാക്ടീരിയ, ചെറിയ വിരകൾ, കൊഞ്ച് തുടങ്ങിയവയാണ് തടാകത്തിൽ നിലനിൽക്കുന്ന ഒരേയൊരു ജീവിവർഗം. ഈ തടാകത്തെപ്പറ്റി വർഷങ്ങളായി ഗവേഷകർക്കറിയാം, ഇപ്പോൾ ഇതിനെപ്പറ്റിയുള്ള പഠനം ശക്തമാക്കാനൊരുങ്ങുകയാണെന്നു മാത്രം. അതിനും കാരണമുണ്ട്. ഇത്തരം വിഷാംശം നിറഞ്ഞ ചുറ്റുപാടിനെ ജീവികൾ എങ്ങനെ അതിജീവിക്കുന്നു എന്നാണു ഗവേഷകര്‍ക്ക് അറിയേണ്ടത്. ശാരീരികമായോ ജനിതകപരമായോ ഉള്ള എന്തു പ്രത്യേകതയാണ് ഇതിൽ ജീവികളെ സംരക്ഷിക്കുന്നതെന്നും മനസ്സിലാക്കണം. ഇതിനു വേണ്ടി തടാകത്തിലെ ഓരോ സൂക്ഷ്മജീവിയുടെയും സാംപിളുകൾ ശേഖരിച്ച് പഠനം ആരംഭിച്ചു കഴിഞ്ഞു. ലക്ഷ്യം മറ്റൊന്നുമല്ല, സൗരയൂഥത്തിലെ വിദൂരഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയിൽ ദുഷ്കരവും വിഷമയവുമായ ചുറ്റുപാടുകളെ അതിജീവിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ സൂത്രവിദ്യ കടലിന്നടിയിലെ തടാകത്തിൽ ഒളിച്ചിരിപ്പുണ്ട്, അത് കണ്ടെത്തണം. വിഷാദം നിറഞ്ഞ നീരുറവ സന്തോഷം നിറഞ്ഞ ഒരു കണ്ടെത്തൽ വൈകാതെത്തന്നെ ശാസ്ത്രലോകത്തിനു സമ്മാനിക്കുമെന്നു കരുതാം.